വിദഗ്ദ്ധ സമിതി തയ്യാറാക്കിയ പദ്ധതി വിഴിഞ്ഞം കോണ്‍ക്‌ളേവില്‍ അവതരിപ്പിക്കും; വിദേശത്തു നിന്നുള്‍പ്പെടെ മുന്നൂറോളം നിക്ഷേപകര്‍ പങ്കെടുക്കും; അടുത്ത സംസ്ഥാന ബ്ജറ്റില്‍ പ്രഖ്യാപനം; കൊല്ലം - പുനലൂര്‍ - നെടുമങ്ങാട് ഇടനാഴി തേടുന്നത് വിഴിഞ്ഞം വളര്‍ച്ചാ വഴി; വികസനം 10,000 ഏക്കറിലേക്ക്

Update: 2024-11-20 04:59 GMT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ അടിസ്ഥാനമാക്കി കേരളത്തിന്റെ സമ്പൂര്‍ണ വികസനം ലക്ഷ്യമിട്ടുള്ള വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാമുനമ്പിന് കിഫ്ബി അനുമതി നല്‍കുന്നത് അതിവേഗ വികസനം ലക്ഷ്യമിട്ട്. രാജ്യത്തെ ഏറ്റവും വലിയ മദര്‍ഷിപ്പ് പോര്‍ട്ടായി കമീഷന്‍ ചെയ്യാനിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാകും ഈ പദ്ധതി.

:വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വികസനത്തിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 10,000 ഏക്കര്‍ വിസ്തൃതിയില്‍ വന്‍ വ്യവസായ സാമ്പത്തിക ഇടനാഴി വരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. വിഴിഞ്ഞത്തെ കൊല്ലവും പുനലൂരും നെടുമങ്ങാടുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം എക്കണോമിക് ഗ്രോത്ത് ട്രയാംഗിള്‍ ( സാമ്പത്തിക വികസന ത്രികോണം ) അടുത്ത വര്‍ഷം തുടങ്ങും. മൂന്ന് വര്‍ഷത്തിനകം പൂര്‍ണമാകുമ്പോള്‍ 3 ലക്ഷം കോടിയുടെ നിക്ഷേപവും 15ലക്ഷം തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു.

സ്ഥലമേറ്റെടുക്കലിന് കിഫ്ബി ആയിരം കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തെ തീരപ്രദേശങ്ങളെയും മധ്യ- മലയോര മേഖലകളെയും പ്രധാന റോഡ്- റെയില്‍- ഇടനാഴികളെയും പദ്ധതിയുടെ ഭാഗമാക്കും. അങ്കമാലി വരെ നീളുന്ന പുതിയ അതിവേഗ പാത കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇത് ഈ പദ്ധതിയുമായി കൂട്ടിയോജിപ്പിക്കും. തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടെ അനുബന്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. വ്യാപാരം മെച്ചപ്പെടുന്നതിലൂടെ സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് വര്‍ധിക്കും. ഗ്രോത്ത് ട്രയാംഗിള്‍, വളര്‍ച്ചാ നോഡുകള്‍, സബ് നോഡുകള്‍, ഇടനാഴികള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള വ്യാവസായിക മേഖല സൃഷ്ടിച്ച് ഗതാഗത, ലോജിസ്റ്റിക്, വ്യവസായ പാര്‍ക്കുകളുടെ സംയോജനം സാധ്യമാക്കും.

വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വളര്‍ച്ചാ ഇടനാഴിക്കുള്ളിലെ വികസന നോഡുകള്‍ ബന്ധിപ്പിക്കാന്‍ ഗതാഗത ഇടനാഴികള്‍ പ്രധാനമാണ്. വിഴിഞ്ഞം-കൊല്ലം ദേശീയപാത, കൊല്ലം- ചെങ്കോട്ട ദേശീയപാത, ഗ്രീന്‍ഫീല്‍ഡ്, കൊല്ലം- ചെങ്കോട്ട റെയില്‍പാത, പുനലൂര്‍-നെടുമങ്ങാട്- വിഴിഞ്ഞം റോഡ് എന്നിവയാണ് വളര്‍ച്ചാമുനമ്പിന്റെ മൂന്ന് വശങ്ങള്‍. പദ്ധതി പ്രദേശത്തിനുള്ളിലുള്ള തിരുവനന്തപുരം ഔട്ടര്‍റിങ് റോഡും വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോറും ഉള്‍പ്പെടുത്തും.

ഗതാഗത ഇടനാഴികളുടെ വികസനം, സ്വകാര്യ നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ജീവിതനിലവാരം ഉയര്‍ത്തുകയുംചെയ്യും. ഭാവിയില്‍, കൊല്ലത്തുനിന്ന് ആലപ്പുഴ വഴി കൊച്ചിയിലേക്കും പുനലൂരില്‍നിന്ന് പത്തനംതിട്ടയിലേക്കും എംസി റോഡ് വഴി കോട്ടയത്തേക്കും ഇടനാഴിയെ ബന്ധിപ്പിക്കും.

സമുദ്രോല്‍പ്പന്ന ഭക്ഷ്യസംസ്‌കരണവും കയറ്റുമതിയും, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, ഐടി/ഐടിഇഎസ്/ബഹിരാകാശ മേഖല, ഗതാഗതവും ലോജിസ്റ്റിക്‌സും, പുനരുപയോഗ ഊര്‍ജം, അസംബ്ലിങ് യൂണിറ്റുകള്‍, മെഡിക്കല്‍ ടൂറിസം/ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ ഏഴ് വ്യവസായ മേഖലകള്‍ പദ്ധതിയുടെ ഭാഗമാകും. മൂന്നുവര്‍ഷത്തിനകം മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങളും ചരക്കുകടത്തും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും തൊഴിലും ഉറപ്പാക്കുന്ന പദ്ധതിയാണിത്.

സംസ്ഥാന ധനവകുപ്പിന്റെ വിദഗ്ദ്ധ സമിതി തയ്യാറാക്കിയ പദ്ധതി ജനുവരിയില്‍ തിരുവനന്തപുരം ഹയാത്തില്‍ നടക്കുന്ന വിഴിഞ്ഞം കോണ്‍ക്‌ളേവില്‍ അവതരിപ്പിക്കും. വിദേശത്തു നിന്നുള്‍പ്പെടെ മുന്നൂറോളം നിക്ഷേപകര്‍ പങ്കെടുക്കും. അടുത്ത സംസ്ഥാന ബ്ജറ്റില്‍ പ്രഖ്യാപനം വന്നേക്കും.

Tags:    

Similar News