വിസിയും സിന്‍ഡിക്കേറ്റിന്റെ പോരില്‍ ഇടത് ഭൂരിപക്ഷമുള്ള അംഗങ്ങളും പ്രത്യേകം പ്രത്യേകം സത്യവാങ്മൂലം നല്‍കും; രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്ന് വിസി സിസാ തോമസ്; എല്ലാം നാളെ ഹൈക്കോടതിയില്‍ തെളിയും; കേരളാ സര്‍വ്വകലാശാലയില്‍ ഇന്നുണ്ടായതെല്ലാം നാടകീയ നീക്കങ്ങള്‍

Update: 2025-07-06 08:19 GMT

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ ചട്ടവിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി സിന്‍ഡിക്കറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഇടത് അംഗങ്ങള്‍ റദ്ദാക്കിയെന്ന് വാദം. ഞായറാഴ്ച ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. വി സിയുടെ താല്‍കാലിക ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജിപ്പ് മറികടന്നാണ് ഭൂരിപക്ഷം സിന്‍ഡിക്കറ്റ് അംഗങ്ങളും തീരുമാനമെടുത്തത്. എന്നാല്‍ അജണ്ടയില്‍ ഇല്ലാത്ത കാര്യം ചര്‍ച്ച ചെയ്തില്ലെന്നും സസ്‌പെന്‍ഷന്‍ പിന്‍വിലിച്ചില്ലെന്നും സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍ പ്രതികരിച്ചു. യോഗം വൈസ് ചാന്‍സലര്‍ പിരിച്ചു വിട്ടുവെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുവെന്ന വാദത്തിലാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍.

ഹൈക്കോടതി വിഷയത്തിലുള്ളതിനാല്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്ന നിലപാട് വൈസ് ചാന്‍സലറുടെ ചുമതലയുള്ള സിസാ തോമസ് അറിയിച്ചു. ഇടത് അംഗങ്ങള്‍ അജണ്ടയില്‍ ചര്‍ച്ച ആഗ്രഹിച്ചില്ല. സസ്‌പെന്‍ഷന്‍ ചര്‍ച്ച ചെയ്തില്ലെന്നും സിസാ തോമസ് പറഞ്ഞു. സസ്‌പെന്‍ഷന് കാരണമായ കാര്യങ്ങളില്‍ അന്തിമ നിലപാടുണ്ടാക്കാനാണ് ചര്‍ച്ച നടത്തിയത്. കോടതിയില്‍ കൊടുക്കാനുള്ള സത്യവാങ്മൂലം അന്തിമമാക്കാനാണ് യോഗം വിളിച്ചത്. അത് നടന്നില്ലെന്ന് സിസാ തോമസ് പറഞ്ഞു. സിന്‍ഡിക്കേറ്റ് യോഗം താന്‍ പിരിച്ചു വിട്ടു. അതിന് ശേഷം നടക്കുന്ന ചര്‍ച്ചകളൊന്നും അംഗീകാരമുള്ളതാകില്ലെന്നും വൈസ് ചാന്‍സലറുടെ ചുമതലയുള്ള സിസാ തോമസ് അറിയിച്ചു. ഇത് നിലപാടാണ് ബിജെപി അംഗങ്ങളും എടുത്തത്. യോഗത്തിന് എത്തിയ കോണ്‍ഗ്രസ് അംഗവും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെന്ന് അറിയിച്ചു. ഇടത് നേതാക്കളുടെ വാദങ്ങളെ യുഡിഎഫ് അംഗവും അംഗീകരിക്കുന്നു. പക്ഷേ വിസി ഇല്ലാതെ എടുക്കുന്ന തീരുമാനം നിയമപരമല്ലെന്നാണ് യുഡിഎഫ് അംഗവും പ്രതികരിച്ചത്.

കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ആര്‍എസ്എസ് പരിപാടിയിലെ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധന ലംഘിച്ചതിനാല്‍ പരിപാടി റദ്ദാക്കുമെന്ന് അറിയിക്കുകയും ചെയ്തതിനാണ് രാജ്ഭവന്റെ നിര്‍ദേശത്തില്‍ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. രജിസ്ട്രാര്‍ പോലെയുള്ള സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമുള്ള സിന്‍ഡിക്കറ്റിനെ മറിക്കടന്നാണ് വിസിയുടെ അമിതാധികാരം പ്രയോഗമെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. ഡോ. കെ എസ് അനില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സിന്‍ഡിക്കറ്റ് തീരുമാനമില്ലാതെ, തന്നെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രാരംഭ വാദത്തില്‍ ഹൈക്കോടതി ചില നിരീക്ഷണം നടത്തിയിരുന്നു.

കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കറ്റ് യോഗം റദ്ദാക്കിയെന്ന നിലപാടിലാണ് ഇടത് അംഗങ്ങള്‍. താല്‍ക്കാലിക വിസി ഡോ.സിസ തോമസിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് എന്നും അവര്‍ പറയുന്നു. വിസി വിയോജനക്കുറിപ്പ് നല്‍കി. തീരുമാനത്തോട് ബിജെപി അംഗങ്ങളും വിയോജിച്ചു. സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ യോഗം നിയോഗിച്ചു. തീരുമാനം കോടതിയെ അറിയിക്കുമെന്നാണ് ഇടതു അംഗങ്ങള്‍ പറയുന്നത്. യോഗത്തില്‍ വലിയ ബഹളമുണ്ടായി. കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തെ തുടര്‍ന്ന് കേരള സര്‍വകലാശാലാ റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തര സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്നത്. ഇത് നാടകീയ സംഭവങ്ങള്‍ക്ക് ഇട നല്‍കുകയായിരുന്നു.

എല്‍ഡിഎഫ് അനുകൂല സിന്‍ഡിക്കറ്റ് അംഗങ്ങളായ 16 പേരും ഒരു യുഡിഎഫ് അംഗവും രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം വിളിക്കാന്‍ വി.സിയുടെ താല്‍ക്കാലിക ചുമതലയുള്ള ഡോ.സിസ തോമസ് സമ്മതിച്ചത്. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് അടിയന്തര സിന്‍ഡിക്കറ്റ് യോഗം. വി.സിയോടു സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സിന്‍ഡിക്കറ്റ് എടുക്കുന്ന തീരുമാനം വി.സിയുടെതായി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വഴി കോടതിയെ അറിയിക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം തള്ളിയ വി.സി, തനിക്കു വേണ്ടി പ്രത്യേക അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News