പിണറായിയുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ വക്കീല്‍ ഫീസ് ഇനത്തിലും സെര്‍ച്ച് കമ്മറ്റിക്കുമായി ഖജനാവില്‍ നിന്ന് മുടക്കിയത് കോടികള്‍; തെരഞ്ഞെടുപ്പ് തോല്‍വിയും സുപ്രീം കോടതി ഇടപെടലും ഒരുമിച്ചുണ്ടായപ്പോള്‍ ഉളുപ്പില്ലാത്ത മുട്ട് മടക്കി; സര്‍വകലാശാല വിസി നിയമനത്തിന്റെ പേരില്‍ വിജയന്‍ ഇതുവരെ കളിച്ച പെറാട്ട് നാടകങ്ങള്‍ക്ക് ഒടുവില്‍ തിരശീല വീഴുന്നു
പിണറായിയുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ വക്കീല്‍ ഫീസ് ഇനത്തിലും സെര്‍ച്ച് കമ്മറ്റിക്കുമായി ഖജനാവില്‍ നിന്ന് മുടക്കിയത് കോടികള്‍
തിരുവനന്തപുരം: ഗവര്‍ണറുമായി ഗുസ്തി പിടിക്കാന്‍ ഇറങ്ങിയ ഇടതു സര്‍ക്കാറിന് കിട്ടിയ അടുത്ത പണിയാണ് സാങ്കേതിക (കെടിയു), ഡിജിറ്റല്‍ വൈസ് ചാന്‍സലര്‍മാരുടെ നിയമന വിഷയം. സര്‍ക്കാറിന്റെ കണ്ണിലെ കരടായ ഡോ. സിസ തോമസിനെ ഗവര്‍ണറുടെ അണുവിട മാറാത്ത നിലപാടിനെ തുടര്‍ന്ന് സര്‍ക്കാറിന് അംഗീകരിക്കേണ്ടി വന്നു. സര്‍ക്കാര്‍ നോമിനിയായി സജി ഗോപിനാഥിനെയും നിയമിച്ചു. ഇതോടെ പരസ്പ്പരം വിഷയം പരിഹരിച്ചു ഇത് സുപ്രീംകോടിയെ അറിയിക്കാനാണ് സര്‍ക്കാറിന്റെ നീക്കം.
അതേസമയം വിഷയത്തില്‍ തമ്മിലടി ഒഴിവാക്കിയെങ്കിലും പിണറായിയുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം സര്‍ക്കാര്‍ കോടികളാണ് ഖജനാവില്‍ നിന്നും പൊടിച്ചത്. സെര്‍ച്ച് കമ്മറ്റിക്കും കോടതി നടപടികള്‍ക്കും വേണ്ടി കോടികളാണ് സര്‍ക്കാര്‍ പൊടിച്ചു കളഞ്ഞത്. സാങ്കേതിക (കെടിയു), ഡിജിറ്റല്‍ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ധാരണയായതോടെ പാഴായിപ്പോയ പണത്തിന് ആര് ഉത്തരവാദിത്തം പറയുമെന്നതാണ്. ഇത്രയും എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, സര്‍ക്കാരിന്റെയും ലോക്ഭവന്റെയും പണവും സമയവും അധ്വാനവും ഇത്രയും പാഴാക്കിയതെന്തിനായിരുന്നു എന്ന ചോദ്യവും ഉയരുന്നു.
സുപ്രീം കോടതി നിയമിച്ച സേര്‍ച് കമ്മിറ്റിയുടെ സിറ്റിങ് ഫീസ് ഇനത്തില്‍ മാത്രം ഇതുവരെ 31 ലക്ഷം രൂപയാണു ചെലവിട്ടത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകര്‍ക്കു നല്‍കിയ ലക്ഷങ്ങള്‍ വേറെയും. ഈ നിയമപോരാട്ടത്തിനു വക്കീല്‍ ഫീസായി എത്ര രൂപ ചെലവിട്ടെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു സര്‍ക്കാരോ, എജി ഓഫിസോ മറുപടി നല്‍കിയിരുന്നില്ല. ഇതെല്ലാം വേണ്ടി വന്നത് മുഖ്യമന്ത്രിയുടെയും കൂട്ടരുടേയും ഈഗോയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഉന്നമനമല്ല, താല്‍പര്യമുള്ളവരെ നിയമിക്കണമെന്ന നിര്‍ബന്ധമാണ് ഇതുവരെ കാര്യങ്ങള്‍ വഷളാക്കിയതെന്ന് ഇന്നലെയുണ്ടായ ഒത്തുതീര്‍പ്പോടെ വ്യക്തം. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണു സുപ്രീം കോടതി ഇടപെട്ടു സേര്‍ച് കമ്മിറ്റി രൂപീകരിച്ചത്.
മുന്‍ഗണനാ പട്ടിക മുഖ്യമന്ത്രി തയാറാക്കി ഗവര്‍ണര്‍ക്കു നല്‍കാനായിരുന്നു ആദ്യം കോടതി നിര്‍ദേശം. ഡിജിറ്റലിലേക്കു ഡോ.സജി ഗോപിനാഥ്, ഡോ.എം.എസ്.രാജശ്രീ, ഡോ.ജിന്‍ ജോസ്, ഡോ.പ്രിയ ചന്ദ്രന്‍, ഡോ.സിസ തോമസ് എന്ന ക്രമത്തിലും കെടിയുവിലേക്കു ഡോ.സി.സതീഷ്‌കുമാര്‍, ഡോ.ജി.ആര്‍.ബിന്ദു, ഡോ.പ്രിയ ചന്ദ്രന്‍, ഡോ.സിസ തോമസ് എന്ന ക്രമത്തിലുമാണു മുഖ്യമന്ത്രി പേരുകള്‍ നല്‍കിയിരുന്നത്.
സിസ തോമസിനെ പരിഗണിക്കരുതെന്ന കുറിപ്പോടെയാണ് അവരുടെ പേര് 2 പട്ടികയിലും ഉള്‍പ്പെടുത്തിയത്. സജിയെയും രാജശ്രീയെയും എതിര്‍ത്തു ഗവര്‍ണറും കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സജി ഗോപിനാഥ് വി.സി ആയിരിക്കെ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചു സിസ തോമസ് നല്‍കിയ റിപ്പോര്‍ട്ടാണു ഗവര്‍ണര്‍ സജിക്കെതിരെ ആയുധമാക്കിയത്. രാജശ്രീയെയും അദ്ദേഹം എതിര്‍ത്തു.
മുന്‍പു സര്‍ക്കാരിന്റെ താല്‍പര്യത്തിനു വിരുദ്ധമായി, ഗവര്‍ണറുടെ നിര്‍ദേശപ്രകാരം കെടിയുവിന്റെ താല്‍ക്കാലിക വി.സിയുടെ ചുമതല ഏറ്റെടുത്തതാണു സിസയോടു സര്‍ക്കാരിനുള്ള വിരോധം. അടുത്തയിടെ ഡിജിറ്റലില്‍ താല്‍ക്കാലിക വി.സി ആയിരിക്കെ അവിടത്തെ ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കു നല്‍കിയതു വിരോധം കൂട്ടി.
എന്നാല്‍, സിസയെ നിയമിക്കുന്നതിന് ഒടുവില്‍ മുഖ്യമന്ത്രി സമ്മതം മൂളുകയായിരുന്നു. താന്‍ പ്രോ ചാന്‍സലറായിരിക്കുന്ന ഏക സര്‍വകലാശാലയായ ഡിജിറ്റലില്‍ സജി ഗോപിനാഥിനെ നിയമിക്കണമെന്ന താല്‍പര്യത്തിനു ഗവര്‍ണര്‍ വഴങ്ങാന്‍ വേണ്ടിയായിരുന്നു ഈ ഒത്തുതീര്‍പ്പ്. സജി ഗോപിനാഥ് വി.സിയായിരിക്കെ ഡിജിറ്റലില്‍ നടന്നതായി സിസ തോമസ് കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു ഗവര്‍ണര്‍ കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ഇനി ഗവര്‍ണര്‍ തുടര്‍നടപടി ആവശ്യപ്പെടുമോ എന്നു വ്യക്തമല്ല.
മാസങ്ങളോളം നീണ്ട നാടകത്തിനു തിരശീല വീണതോടെ മൂന്നിടത്തു സ്ഥിരം വി.സിമാരായി. കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പു മറ്റു സര്‍വകലാശാലകളിലും നിയമനം നടത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതിനുള്ള ധാരണയും രൂപപ്പെട്ടിട്ടുണ്ടെന്നാണു വിവരം. തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണറുമായി ഏറ്റുമുട്ടി മുന്നോട്ടു പോയാല്‍ അത് തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍ ഈ നീക്കങ്ങള്‍ വേഗത്തിലാക്കുന്നത്.
കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും സമവായത്തില്‍ എത്തിയ സാഹചര്യം സത്യവാങ്മൂലത്തിലൂടെ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സാങ്കേതിക സര്‍വകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി സജി ഗോപിനാഥനെയും നിയമിക്കാന്‍ തീരുമാനിച്ച കാര്യം കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ചയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.
കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി സമവായം എത്താത്ത സാഹചര്യത്തില്‍ ജസ്റ്റിസ് സുധാന്‍ഷു ദൂലിയ അധ്യക്ഷനായ സമിതിയോട് വിസി നിയമനത്തിനുള്ള പേരുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരും ഗവര്‍ണറും യോജിപ്പില്‍ എത്തിയതോടെ കോടതി ഇക്കാര്യം അംഗീകരിക്കാനാണ് സാധ്യത. ഇരുവരുടെയും നിയമന വിജ്ഞാപനം ലോക്ഭവന്‍ ഇന്നലെയാണ് പുറത്തിറക്കിയത്.
സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സര്‍ച്ച് കമ്മിറ്റി സ്വന്തം നിലയില്‍ തയ്യാറാക്കിയ വിസിമാരുടെ പട്ടിക ഇന്ന് കോടതിയ്ക്ക് കൈമാറാനിരികകെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയായത്. സിസ തോമസിനെ അംഗീകരിക്കില്ലെന്ന വര്‍ഷങ്ങള്‍ നീണ്ട പിടിവാശി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണറുമായുള്ള കൂടികാഴ്ചയില്‍ തയ്യാറായി.
