നീര്‍ച്ചാല്‍ നികത്തി കോണ്‍ക്രീറ്റ് അറകള്‍ സ്ഥാപിച്ച് പൈപ്പിട്ടത് കക്കൂസ് ടാങ്ക് നിറയാതിരിക്കാന്‍ മഴക്കാലത്ത് മാലിന്യം ഒഴുക്കി വിടാന്‍; ആലപ്പുഴ കനാലിനെ മലിനമാക്കിയത് കലുങ്കിലൂടെ എത്തിയ കോടീശ്വരന്റെ സെപ്റ്റിക് മാലിന്യം; കിടങ്ങാംപറമ്പിലെ നീര്‍ച്ചാല്‍ പുനസ്ഥാപിച്ചവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍; കോടീശ്വരനില്‍ നിന്നും പിഴ ഈടാക്കുമോ?

Update: 2025-07-28 06:52 GMT

ആലപ്പുഴ: പകര്‍ച്ച വ്യാധികളുടെ നാടാണ് ആലപ്പുഴ. ജലജന്യ രോഗങ്ങളുടെ നാട്. ആലപ്പുഴയിലെ ജലശേഖരമെല്ലാം വൈറസ് കേന്ദ്രമാണെന്ന വിലയിരുത്തലുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണം പോലും വൈറല്‍ പനികളെ അകറ്റാത്ത നാടായി ആലപ്പുഴ മാറി. ഇതിനുള്ള കാരണം ആലപ്പുഴ കിടങ്ങാം പറമ്പ് വാര്‍ഡ് കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി തെളിയുകയാണ്. പണമുള്ളവര്‍ ചെയ്യുന്ന നിയമ ലംഘനങ്ങള്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്.

കിടങ്ങാപറമ്പ് വാര്‍ഡിലെ കോടീശ്വര പ്രമുഖന്റെ വീട്ടിന്റെ പുറകില്‍ മിച്ചഭൂമി കൈയ്യേറി നീര്‍ച്ചാല്‍ നികത്തി കോണ്‍ക്രീറ്റ് ചെയ്ത ഭാഗം പൊളിച്ചപ്പോള്‍ മനുഷ്വത്വം ഉള്ള ആരും കാണിക്കാത്ത നികൃഷ്ടമായ പ്രവൃത്തിയാണ് തെളിഞ്ഞത്. വീടിന്റെ പുറകിലെ 28.50 മീറ്റര്‍ നീളവും, ഒന്നര മീറ്റര്‍ വീതിയുമുള്ള നീര്‍ച്ചാലാണ് മൊത്തമായി കോണ്‍ക്രീറ്റ് ചെയ്ത് സ്വന്തമാക്കിയത്. വലിയ കരിങ്കല്ലുകള്‍, ചെറുതും, വലുതും ആയ മെറ്റലുകള്‍, കമ്പികള്‍ ഇതെല്ലാം ഇട്ട് നല്ലപോലെ കോണ്‍ക്രീറ്റ് ചെയ്തു. കൂടാതെ സ്ലാബ് മതില്‍ ആഴത്തിലുള്ള നീര്‍ച്ചാല്‍ കുഴിയിലേക്ക് ഇറക്കിയിട്ട് അതിനു ചുറ്റും സിമെന്റും, കമ്പിയുമിട്ട് കോണ്‍ക്രീറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. ഇതിനിടയില്‍ കൂടി പല സൈസിലുള്ള പി വി സി പൈപ്പുകള്‍ ഇട്ടിരുന്നു. തന്റെയും, സഹോദരന്മാരുടെയും വീട്ടിലെ വേസ്റ്റ് വാട്ടര്‍ പോകാനും, എന്തിന് കക്കൂസ് മാലിന്യം പോലും പോകാന്‍ പാകത്തില്‍ പൈപ്പുകള്‍ കോണ്‍ക്രീറ്റ് ചെയത് വച്ചതിന് തെളിവാണ് കണ്ടത്. ഇതിലൂടെ ഒഴുകിയത് കക്കൂസ് മാലിന്യമാണ്.

കള്ളികളായി നീര്‍ച്ചാല്‍ കുഴിയില്‍ മതില്‍ കെട്ടി അറകളായി തിരിച്ച് കോണ്‍ക്രീറ്റ് ചെയ്ത് സ്ലാബിട്ടത് മാലിന്യം ഒഴുക്കാനായിരുന്നു. കക്കൂസ് മാലിന്യങ്ങള്‍ ടാങ്ക് നിറയുമ്പോള്‍ ഈ വലിയ പൈപ്പുകള്‍ വഴി മഴക്കാലത്ത് തുറന്ന് നീര്‍ച്ചാല്‍ ഒഴുകിയിരുന്ന വഴി വടക്കോട്ട് ഒഴുക്കി വീട്ടിരുന്നതായും നാട്ടുകാര്‍ തിരിച്ചറിയുന്നുണ്ട്. ഈ ഭാഗം പൊളിച്ച പണിക്കാരും, നാട്ടുകാരും ഇതെല്ലാം കണ്ട് ഞെട്ടിപ്പോയി. എല്ലാത്തിന്റെയും തെളിവുകള്‍ നാട്ടുകാരുടെ പക്കലുണ്ട്. നൂറുകണക്കിന് ആള്‍ക്കാരുടെ വീടുകളുടെ മുന്നിലൂടെയും, പിന്നിലൂടെയും പോകുന്ന ചെറു തോടുകളിലേക്കാണ് മാലിന്യങ്ങള്‍ ഒഴുകി ചേര്‍ന്നിരുക്കുന്നത്. ഇത് അവസാനം ചെന്നെത്തുന്നത് വൈ എം സി എ പാലത്തിന്റെ വടക്കേ കരയിലുള്ള പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ കലുങ്ക് വഴി കനാലില്‍ ചെന്ന് ചേരും. ഈ പ്രവൃത്തി മനുഷ്യന്റെ ആരോഗ്യത്തെ പോലും ബാധിക്കുന്ന വിഷയം ആയതിനാല്‍, ഈ നിയമലംഘനത്തിനെ തിരെ പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് ഓഫീസിലും, തുടര്‍ന്ന് മുഖ്യമന്ത്രിക്കും മറ്റും പരാതി കൊടുക്കുവാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും നഗരസഭ പിഴ ഈടാക്കറാണ്ട്. ഇവിടെ അതിലും വലിയ കുറ്റകൃത്യമാണ് ചെയ്തത്. എന്നിട്ടും നഗരസഭ മതിയായ നടപടികള്‍ എടുക്കുന്നില്ല.

കിടങ്ങാപറമ്പിലെ കൈയ്യേറ്റവും നീര്‍ചാല്‍ ഇല്ലാതാക്കലും വാര്‍ത്തയാക്കിയ മറുനാടനാണ്. പിന്നീട് മറ്റ് മാധ്യമങ്ങളും ഇത് ചര്‍ച്ചയാക്കി. ആരെല്ലാമാണ് കൈയ്യേറ്റക്കാരെന്നതിന് തെളിവായി ആലപ്പുഴ നഗരസഭയുടെ രേഖയും പുറത്തു വിട്ടു. 2024 അവസാനം മുതല്‍ നിരന്തരം വാര്‍ത്ത വന്നിട്ടും, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടു പോലും ഈ കൈയ്യേറ്റം മാത്രം ആലപ്പുഴ നഗരസഭ ഒഴിപ്പിക്കാന്‍ തയ്യാറായില്ല. അവസാനം ഗത്യന്തരമില്ലാതായപ്പോഴാണ് ഈ ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് പരാതികള്‍ അയച്ചു. അമ്പലപ്പുഴ എം എല്‍ എ എച്ച്. സലാം ആലപ്പുഴ നഗരസഭ പരിധിയില്‍ സമ്പന്നരുടെ കൈയ്യേറ്റം തെളിവുകളുണ്ടായിട്ടു പോലും ഒഴിപ്പിക്കുന്നില്ലെന്ന് നിയമസഭ രേഖകള്‍ സഹിതം നിരത്തി വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞു. ഇതോടെ നാട്ടുകാര്‍ വീണ്ടും ആലപ്പുഴ നഗരസഭ ഭരിക്കുന്ന പാര്‍ട്ടിയുടെ ഏക മന്ത്രിയായ സജി ചെറിയാനേയും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷിനെയും ഈ വിവരങ്ങളെല്ലാം അറിയിക്കുന്നതും, മുന്‍പ് മുഖ്യമന്ത്രിക്ക് അയച്ച രണ്ടു പരാതികള്‍ കൂടി അയച്ചു കൊടുക്കുന്നതും. ഇതേ തുടര്‍ന്നാണ് ഈ ഫയലുകള്‍ വീണ്ടും ചലിക്കാന്‍ തുടങ്ങിയത്.മാധ്യമങ്ങളില്‍ സ്ഥിരമായി വാര്‍ത്ത വന്നതിനാല്‍ ഇനി സന്തോഷിനെ രക്ഷിക്കാന്‍ പറ്റില്ല എന്ന് ഏകദേശം ബോധ്യപ്പെട്ടപ്പോള്‍ സന്തോഷിന്റെ സംരക്ഷകര്‍ അടുത്ത അടവെടുത്തു.

2025 മെയ് 7 ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ നീര്‍ച്ചാല്‍ പുനസ്ഥാപിക്കാത്തതിനെതിരെ ആലപ്പുഴ ആര്‍ ഡി ഒ ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തുന്നൂന്ന് ഒരു പോസ്റ്ററും ഇറക്കി. മന്ത്രിമാര്‍ക്ക് കൂടി കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ഒരു ലക്ഷത്തി മുപ്പത്തി നാലായിരം,(1,34000) രൂപ, നഗരസഭ 24.05.2025 ല്‍ അനുവദിച്ചു. ഈ നോടീസില്‍ എടുത്ത് പറയുന്നുണ്ട് എസ് എം സില്‍ക്സ് ഉടമസ്താരോട് പല പ്രാവശ്യം കൈയ്യേറ്റം ഒഴിഞ്ഞ് പോകാന്‍ പറഞ്ഞിട്ടും കേട്ടില്ലെന്ന്. എന്നിട്ടും ഒഴിപ്പിക്കല്‍ നടപടി തുടങ്ങാത്തതിനെ കുറിച്ച് നാട്ടുകാരോട് നഗരസഭ അധികൃതര്‍ പറഞ്ഞത് കോണ്‍ട്രാക്ടര്‍മാരുടെ അഭാവം കാരണമാണ് പണി തുടങ്ങാന്‍ വൈകുന്നതെന്നാണ്. കൈയ്യേറ്റം ഒഴിപ്പിച്ചൂ എന്ന് തെറ്റായ വാര്‍ത്തയും ആരോ പ്രചരിപ്പിച്ചു. ഇതിനിടെ ഒഴുപ്പിക്കല്‍ തുടങ്ങി. ജൂലൈ 13 ന് ഒഴിപ്പിക്കല്‍ നടപടി വീണ്ടും തുടങ്ങിയപ്പോള്‍ എസ് എം സില്‍ക് ഉടമയുടെ വീടിന്റെ പുറകില്‍ നിന്നാണ് പൊളിച്ചടുക്കല്‍ തുടങ്ങിയത്.

വീടിന്റെ പുറകിലെ ഈ ഭാഗം 3 മാസം മുന്‍പ് ഹൈക്കോടതി നിദ്ദേശപ്രകാരം കാണാ നാണ് ലീഗല്‍ സര്‍വീസ്സസ് ജഡ്ജി പ്രമോദ് മുരളി പുറകുവശത്തേക്ക് ഇറങ്ങാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ സന്തോഷിന്റെ അടുക്കളയില്‍ കൂടി കയറി ഇറങ്ങി കൈയേറ്റങ്ങള്‍ കണ്ട് ബോധ്യപ്പെട്ട് റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയിരിക്കുന്നത്. ജഡ്ജി വന്നു പോയതിനു ശേഷമാണ് നാട്ടുകാര്‍ അറിയുന്നത് ഇതേ നീര്‍ച്ചാല്‍ പുനസ്ഥാപിക്കത്തിനെതിരെ 2023 ജൂണില്‍ ആലപ്പുഴ നഗരസഭക്കെതിരെ ഒരു കോടതി അലക്ഷ്യ കേസുണ്ടെന്ന്. ഇതോടെയാണ് ഒഴുപ്പിക്കല്‍ സാധ്യമായത്. നീര്‍ച്ചാല്‍ നികത്തി കള്ളികളായി കെട്ടി മാലിന്യ വെള്ളം ഒഴിക്കിവിട്ട് നൂറുകണക്കിനാള്‍ക്കാരെ ബുദ്ധിമുട്ടിച്ചവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവ് സഹിതം മുഖ്യമന്ത്രിക്കും മറ്റു വകുപ്പുകള്‍ക്കും പരാതി നല്‍കും നാട്ടുകാര്‍. കൂടാതെ മുഖ്യമന്ത്രിക്ക് കൊടുത്ത രണ്ടു പരാതികളും ആലപ്പുഴ യില്‍ വന്നപ്പോള്‍ മുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ക്കും, ആലപ്പുഴയില്‍ നിന്നുള്ള ഏക മന്ത്രിക്കും പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.

Tags:    

Similar News