മുംബൈയിലും തിരുവനന്തപുരത്തുള്ള ഫ്‌ലാറ്റുകളുടെ ഇഎംഐ; കൊല്ലത്തെ ഷോപ്പിംഗ് മാള്‍; ഭാര്യയുടെയും മക്കളുടെയും സ്വത്ത് വിവരങ്ങള്‍ അടക്കം സിബിഐ അന്വേഷിക്കും; എഫ് ഐ ആറില്‍ ചുമത്തിയത് ജാമ്യമില്ലാ കുറ്റം; കെ എം എബ്രഹാം അറസ്റ്റ് ഭീഷണിയില്‍; സെക്രട്ടറിയേറ്റില്‍ സിബിഐ ഇരച്ചു കയറുമോ എന്ന ഭയത്തില്‍ പിണറായി; ആ എഫ് ഐ ആറില്‍ പറയുന്നത്

Update: 2025-04-28 06:10 GMT

കൊച്ചി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിന്റെ പേരില്‍ സിബിഐ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ചെയ്തു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അഴിമതിനിരോധന നിയമപ്രകാരമാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂരിലെ സിബിഐ പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കേസെടുക്കണമെന്ന് ഹൈക്കോടതി 11-ന് ഉത്തരവിട്ടിരുന്നു. വിജിലന്‍സ് മുന്‍പ് പ്രാഥമികാന്വേഷണംനടത്തി പരാതിയില്‍ കഴമ്പില്ലെന്നുകണ്ട് തള്ളിയിരുന്നു. ഇതിന്റെ രേഖകള്‍ സിബിഐ പലവട്ടം ആവശ്യപ്പെട്ടിട്ടും വിജിലന്‍സ് കൈമാറിയിരുന്നില്ല. ഇതോടെ പരാതിക്കാരന്റെ മൊഴിയും ഹൈക്കോടതിരേഖകളും അടിസ്ഥാനമാക്കിയാണ് സിബിഐ കേസെടുത്തത്.

2015-ല്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കോടതിയില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കിയാല്‍ വേണമെങ്കില്‍ ജാമ്യം നല്‍കാം. അല്ലാതെ അന്വേഷണ ഉദ്യോഗസ്ഥന് ജാമ്യം നല്‍കാന്‍ കഴിയില്ല. അതായത് കേസെടുത്ത എഫ് ഐ ആര്‍ ഇട്ട സിബിഐയ്ക്ക് എപ്പോള്‍ വേണമെങ്കിലും എബ്രഹാമിനെ അറസ്റ്റ് ചെയ്യാം. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഇതുവരെയും എബ്രഹാം അപ്പീല്‍ നല്‍കിയിട്ടില്ല. അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. പക്ഷേ ആഴ്ച മൂന്നായിട്ടും നിയമ നടപടിയ്ക്ക് എബ്രഹാം കടക്കാത്തത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി, കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വിജിലന്‍സ് എത്രയുംവേഗം സിബിഐക്ക് കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കൈമാറിയില്ല. ഹൈക്കോടതി ഉത്തരവില്‍ കെ.എം. എബ്രഹാം സുപ്രീംകോടതിയില്‍ അപ്പീലിന് പോകാനിടയുണ്ടെന്നതുകൂടി കണക്കിലെടുത്താണ് സിബിഐ നീക്കം. അങ്ങനെ സംഭവിച്ചാല്‍ കേസെടുക്കാന്‍ വൈകിയെന്ന ആരോപണവും ഉയരാന്‍ സാധ്യതയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എഫ് ഐ ആര്‍ ഇട്ടത്. എപ്പോള്‍ വേണമെങ്കിലും സെക്രട്ടറിയേറ്റില്‍ സിബിഐ എത്തും. ഈ സാഹചര്യത്തില്‍ എബ്രഹാമിനോട് കരുതലെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതായും സൂചനയുണ്ട്. സിബിഐ അറസ്റ്റു ചെയ്യാനെത്തിയാല്‍ എബ്രഹാം തല്‍കാലം പിടികൊടുക്കില്ല. മുന്‍കൂര്‍ ജാമ്യത്തിന് തേടേണ്ട സാഹചര്യവും ഉണ്ട്. ഇതിനും എബ്രഹാം ശ്രമിച്ചേക്കും. മുന്‍കൂര്‍ ജാമ്യം എടുത്തില്ലെങ്കില്‍ അഴിക്കുള്ളിലേക്ക് എബ്രഹാം പോകാനുള്ള സാധ്യത ഏറെയാണ്. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് എബ്രഹാം. 2016 ലാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ കെ.എം എബ്രഹാമിന് എതിരായി വിജിലന്‍സിന് സമീപിച്ചത്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു ആരോപണം. മുംബൈയിലും തിരുവനന്തപുരത്തുള്ള ഫ്‌ലാറ്റുകളുടെ ഇഎംഐ, കൊല്ലത്തെ ഷോപ്പിംഗ് മാള്‍, ഭാര്യയുടെയും മക്കളുടെയും സ്വത്ത് വിവരങ്ങള്‍ സിവില്‍ സര്‍വീസ് സെപ് പ്രകാരം മറച്ചുവച്ചു എന്നിവയായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ തനിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെ.എം എബ്രഹാം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേസിലെ പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് എതിരെയാണ് കെ.എം എബ്രഹാം ഗൂഢാലോചന ആരോപണം ഉന്നയിക്കുന്നത്. ജോമോന് ഒപ്പം താന്‍ ധനസെക്രട്ടറിയായിരിക്കെ അഴിമതി കണ്ടെത്തിയ പൊതുമേഖലാ സ്ഥാപനത്തിലെ രണ്ടു ഉന്നതരും ഗൂഢാലോചനയുടെ ഭാഗമാണെന്നും കെ.എം എബ്രാഹം കുറ്റപ്പെടുത്തി. ഇതിന് തെളിവായി ടെലഫോണ്‍ വിശദാംശങ്ങള്‍ തന്റെ കൈവശമുണ്ടെന്നും കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു. പരാതിക്കാരനും പൊതുമേഖലാ സ്ഥാപനത്തിലെ തലപ്പത്ത് ഉണ്ടായിരുന്ന ഉന്നതരും പല ഘട്ടത്തിലും പരസ്പരം സംസാരിച്ചിട്ടുണ്ട്.


2015 മുതല്‍ ആരംഭിച്ചതാണ് ഈ ഗൂഢാലോചന എന്നും കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഗൂഢാലോചന പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നാണ് കത്തിലെ പ്രധാനപ്പെട്ട ആവശ്യം. കിഫ്ബി ജീവനക്കാരോട് വിഷുദിന സന്ദേശത്തിലൂടെ വിശദീകരിച്ച കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലും ആവര്‍ത്തിക്കുന്നു. ഇതിനൊപ്പം കൂടുതല്‍ വിശദാംശങ്ങളും മുഖ്യമന്ത്രിക്ക് കത്തിനൊപ്പം കൈമാറിയിരുന്നു.

Tags:    

Similar News