കൊച്ചിയില്‍ ദീപ്തിയെ വെട്ടി മിനിമോള്‍ മേയറാകുമ്പോള്‍ പഴയ വിജിലന്‍സ് കേസ് 'ബോംബാകുന്നു'! കുറ്റപത്രം വന്നാല്‍ കോണ്‍ഗ്രസ് വെട്ടിലാകും; കെപിസിസി സര്‍ക്കുലര്‍ കാറ്റില്‍ പറത്തിയെന്ന് ദീപ്തിയുടെ ഒളിയമ്പ്; പരിഭവവും പരാതിയുമില്ലെന്ന് പറയുമ്പോഴും നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പ്

കൊച്ചിയില്‍ ദീപ്തിയെ വെട്ടി മിനിമോള്‍ മേയറാകുമ്പോള്‍ പഴയ വിജിലന്‍സ് കേസ് 'ബോംബാകുന്നു'!

Update: 2025-12-23 15:48 GMT

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയറായി വി.കെ. മിനിമോളിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുന്നു. മിനിമോള്‍ക്ക് എതിരെയുള്ള പഴയ വിജിലന്‍സ് കേസ് ഒരുവിഭാഗം ആയുധമാക്കുമ്പോള്‍, മേയര്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്ന ദീപ്തി മേരി വര്‍ഗീസ് സമ്മിശ്ര പ്രതികരണവുമായി രംഗത്തെത്തി.

വിജിലന്‍സ് കേസ് പാരയാകുമോ?

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലുള്ള ക്രിമിനല്‍ കേസ് (CMP No.643/2020) ഉയര്‍ത്തിക്കാട്ടിയാണ് മിനിമോള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നത്. പാലാരിവട്ടം പെരിങ്ങാട്ട് റെസിഡന്റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട റോഡ് നിര്‍മ്മാണത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡ് പണികള്‍ക്കായി കോര്‍പ്പറേഷനില്‍ കെട്ടിവയ്ക്കണമെന്ന് പറഞ്ഞ് അസോസിയേഷന്റെ അക്കൗണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ മിനിമോള്‍ കൈപ്പറ്റിയെന്നും എന്നാല്‍ ഈ തുക കോര്‍പ്പറേഷനില്‍ അടയ്ക്കാതെ തട്ടിയെടുത്തു എന്നുമാണ് പരാതി. അസോസിയേഷന്‍ സെക്രട്ടറി ബി.ബി. അജയനാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അഴിമതി നിരോധന നിയമത്തിലെ (PC Act 1988) വിവിധ വകുപ്പുകള്‍ പ്രകാരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് കേസ് അന്വേഷിക്കുന്നത്. നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയോ വിചാരണ വേഗത്തിലാവുകയോ ചെയ്താല്‍ അത് ഭരണസമിതിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഭയം യുഡിഎഫ് കേന്ദ്രങ്ങളിലുണ്ട്.

സീനിയര്‍ നേതാവായ ദീപ്തി മേരി വര്‍ഗീസിനെ തഴഞ്ഞ് മിനിമോളെ മേയറാക്കിയതിലുള്ള അതൃപ്തി നിലനില്‍ക്കെ, വിജിലന്‍സ് കേസ് കൂടി ഉയര്‍ന്നുവരുന്നത് കോണ്‍ഗ്രസിന് രാഷ്ട്രീയമായി തലവേദനയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് മിനിമോളെ അനുകൂലിക്കുന്നവരുടെ വാദം.

പരാതി നല്‍കിയിട്ടില്ലെന്ന് ദീപ്തി; എങ്കിലും തിരുത്തല്‍ വേണം

മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതില്‍ തനിക്ക് പരിഭവമില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി. 'മേയര്‍ ആക്കാത്തതില്‍ പ്രതിഷേധിച്ച് താന്‍ കെപിസിസിക്ക് പരാതി നല്‍കിയിട്ടില്ല. പാര്‍ട്ടി വലിയ ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചത്,' ദീപ്തി പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ടത് നേതൃത്വമാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.

ദീപ്തിയുടെ വാക്കുകള്‍:

'സര്‍ക്കുലറില്‍ ഏതൊക്കെയാണ് പാലിച്ചതെന്നും ഏതാണ് പാലിക്കപ്പെടാത്തതെന്നുമൊക്കെയുള്ള കാര്യങ്ങള്‍ കെപിസിസിക്ക് അറിയാമല്ലോ. ഗ്രൂപ്പ് ഇടപെടലുണ്ടായോ എന്ന് നോക്കിയിട്ടേ പറയാനാകൂ. ഇപ്പോള്‍ പറയാന്‍ പറ്റില്ല. എന്നെ ആരും അവഗണിച്ചിട്ടില്ല. എന്നെ പാര്‍ട്ടി വലിയ ഉത്തരവാദിത്തമാണ് നല്‍കിയത്. കൊച്ചി നഗരസഭയുടെ തെരഞ്ഞെടുപ്പിന്റെ ചാര്‍ജ് ഏറ്റെടുത്ത് വിഡി സതീശന്‍ വന്ന ദിവസം തന്നെ തന്നോട് മത്സരിക്കണമെന്ന് പറഞ്ഞു. അതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും പറഞ്ഞു. പുതുതായി മത്സരിക്കാന്‍ വരുന്നവര്‍ക്ക് എല്ലാ പിന്തുണയും ഞാന്‍ നല്‍കിയിട്ടുണ്ട്,' ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

താന്‍ ഇരിക്കുന്നത് പാര്‍ട്ടിയുടെ ഉന്നത സമിതിയിലാണ്. ഇപ്പോള്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കീഴില്‍ ഇരിക്കേണ്ടി വരുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല. അവര്‍ ഒക്കെ സഹപ്രവര്‍ത്തകരാണെന്നും ദീപ്തി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചു. അതാണ് തന്റെ ശക്തി. ആ പിന്തുണ പാര്‍ട്ടിക്ക് ലഭിക്കുന്നതാണ്. ദീപ്തിക്കെന്ന വ്യക്തിക്കല്ല. മേയറാകുന്നതോ പാര്‍ലമെന്ററി രംഗത്ത് മത്സരിക്കുന്നതോ ഒന്നുമല്ല വലിയ കാര്യം. പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയില്‍ അതിശക്തമായി മുന്നോട്ട് പോകും. ആരോടും പരിഭവമില്ല.

നിലവിലെ പ്രഖ്യാപനത്തില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും തരത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് നേതൃത്വം ആലോചിക്കട്ടെ. അത്രമാത്രമേ പറയാന്‍ കഴിയൂ. തെറ്റുകള്‍ എപ്പോഴും നമ്മള്‍ തിരുത്തണം. പാര്‍ട്ടിക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ടത് നേതൃത്വത്തില്‍ ഇരിക്കുന്നവരാണ്. അങ്ങനെ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ കൂടിയാലോചിച്ച് വേണം തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് വിശകലനം ചെയ്യാന്‍ എന്നും ദീപ്തി പറഞ്ഞു.

പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അതിനൊപ്പമാണ് താന്‍ നിലകൊള്ളുന്നത്. അതില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കേണ്ട സ്ഥലത്ത് ചൂണ്ടിക്കാണിക്കും. മത്സരിക്കാനിറങ്ങുമ്പോള്‍ നഗരസഭ എല്‍ഡിഎഫില്‍ നിന്നും തിരിച്ചുപിടിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അത് ചെയ്തതില്‍ അതിയായ സന്തോഷമുണ്ടെന്നും ദീപ്തി പറഞ്ഞു.

ഡിസിസി നിലപാട്

മിനിമോളിനെ മേയറാക്കാനുള്ള തീരുമാനം നൂറ് ശതമാനം ശരിയാണെന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രതികരണം. എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ടേമില്‍ മിനിമോളും പിന്നീട് ഷൈനി മാത്യുവും മേയറാകുന്ന രീതിയിലാണ് നിലവിലെ ധാരണ.

Tags:    

Similar News