വീട്ടുടമയുടെ മുത്തച്ഛന്റെ കാലത്തെ കെട്ടിടം; കനത്ത മഴയില്‍ കെട്ടിടം തകരാന്‍ കാരണം കാലപ്പഴക്കം; ഇടിഞ്ഞ് വീണത് വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡില്‍ ചെങ്കല്ല് കൊണ്ട് നിര്‍മിച്ച ഓടിട്ട രണ്ട് നില കെട്ടിടം; കൊടകരയിലെ ദുരന്തത്തില്‍ മൂന്ന് മരണം; മരിച്ചത് ബംഗാള്‍ സ്വദേശികള്‍; ഓടി രക്ഷപ്പെട്ടത് ഒന്‍പത് പേര്‍
കൊടകര: തൃശ്ശൂര്‍ കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ രാഹുല്‍, (19) രൂപേല്‍ (21), അലീം (30) എന്നിവരാണ് മരിച്ചത്.
12 പേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകര്‍ന്നത്. അതിനിടെ കെട്ടിടത്തിന് 40 വര്‍ഷത്തില്‍ അധികം പഴക്കമുണ്ടെന്നും സൂചനയുണ്ട്. വീട്ടുടമയുടെ മുത്തച്ഛന്റെ കാലത്ത് പണിതതാണ് കെട്ടിടമെന്നാണ് സൂചന. വാടയ്ക്കാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നത്. ഒരാളില്‍ നിന്നും 900 രൂപ വാങ്ങിയാണ് കെട്ടിടത്തില്‍ വാടകയ്ക്ക് താമസമൊരുക്കിയതെന്നാണ് സൂചന.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണ് തകര്‍ന്നത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ തുടങ്ങിയത്. പിന്നീട് ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങളൊക്കെ നീക്കി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി. രണ്ട് പേരെ പുറത്തെടുത്തപ്പോള്‍ തന്നെ മരിച്ചിരുന്നു. ഒരാളെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു.
12 പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടം തകര്‍ന്നപ്പോള്‍ മറ്റ് ഒന്പത് പേര്‍ ഓടി രക്ഷപെടുകയായിരുന്നു. കൊടകര ജംഗ്ഷനില്‍ നിന്നും വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡില്‍ ചെങ്കല്ല് കൊണ്ട് നിര്‍മിച്ച ഓടിട്ട രണ്ട് നില കെട്ടിടമാണ് പൂര്‍ണമായും ഇടിഞ്ഞു വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. മരിച്ച മൂന്ന് പേരും പശ്ചിമ ബംഗാള്‍ സ്വദേശികളാണ്.
വിവരമറിഞ്ഞ ഉടന്‍തന്നെ ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെ സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കൊടകര പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം തകരാന്‍ കാരണം കാലപ്പഴക്കമാണെന്നാണ് വിലയിരുത്തല്‍.