ജനുവരിയിലെ കണ്ണൂര്‍ ജില്ലാ സമ്മേളനം കൂടാന്‍ കൊടി സുനിയും! ടിപി കേസ് പ്രതിയ്ക്ക് അസാധാരണമാം വിധം ജയില്‍ ഡിജിപി അനുവദിച്ചത് 30 ദിവസത്തെ പരോള്‍; മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ ആയുധമാക്കി പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും പുറത്തേക്ക് വിട്ടു; തവനൂര്‍ ജയിലില്‍ നിന്നും കൊടി സുനി ഒരു മാസത്തേക്ക് പുറത്തു വരുമ്പോള്‍
കണ്ണൂര്‍: കണ്ണൂരിലെ സിപിഎം ജില്ലാ സമ്മേളനം കൂടാന്‍ കൊടി സുനിയും ഉണ്ടാകും. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പലവട്ടം പരോള്‍ അനുവദിച്ചിട്ടുണ്ട്. അപ്പോഴൊന്നും കൊടി സുനിയ്ക്ക് പരോള്‍ കൊടുത്തിരുന്നില്ല. കൊടി സുനിയ്ക്ക് പരോളിനോട് താല്‍പ്പര്യവും ഇല്ലെന്ന വാര്‍ത്തകളുമെത്തി. എന്നാല്‍ പെട്ടെന്ന് അതെല്ലാം മാറി. തവനൂര്‍ ജയിലില്‍ നിന്നും കൊടി സുനി ശനിയാഴ്ച പുറത്തിറങ്ങി.
മനുഷ്യാവകാശ കമ്മീഷനെ കൊടി സുനിയുടെ അമ്മ സമീപിച്ചിരുന്നു. കൊടി സുനിയുടെ മനുഷ്യാവകാശം പാലിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശവും എത്തി. ഇതിന് പിന്നാലെയാണ് ജയില്‍ ഡിജിപി പരോള്‍ അനുവദിച്ചത്. കണ്ണൂരിലെ സിപിഎംം ജില്ലാ സമ്മേളനം ജനുവരി 21, 22, 23 തീയതികളില്‍ തളിപ്പറമ്പില്‍ നടക്കും. 30 ദിവസത്തേക്കാണ് കൊടി സുനിയ്ക്ക് പരോള്‍. അങ്ങനെ എങ്കില്‍ ഈ ദിവസങ്ങളിലും കൊടി സുനി പുറത്തുണ്ടാകും. സുനിയുടെ സാന്നിധ്യം ജില്ലാ സമ്മേളനത്തെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഇനി അറിയേണ്ടത്. അതിനിടെ കൊടി സുനിയുടെ പരോള്‍ വിവാദങ്ങള്‍ക്കും ഇട നല്‍കുന്നു. പോലീസ് റിപ്പോര്‍ട്ടെല്ലാം അവഗണിച്ചാണ് കൊടി സുനിയ്ക്ക് പരോള്‍ എന്നാണ് പുറത്തു വരുന്ന വിവരം.
കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ നല്‍കുകയായിരുന്നു. അസാധാരണ സാഹചര്യത്തില്‍ മാത്രമേ പ്രതികള്‍ക്ക് മുപ്പത് ദിവസം പരോള്‍ അനുവദിക്കാറുള്ളൂ. ഇവിടെ മുപ്പത് ദിവസം നല്‍കിയത് ജില്ലാ സമ്മേളനത്തില്‍ കൂടി സജീവമാകാനാണെന്ന് സൂചനയുണ്ട്. പൊലീസിന്റെ പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ജയില്‍ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുനി തവനൂര്‍ ജയിലില്‍ നിന്നും ശനിയാഴ്ച പുറത്തിറങ്ങി. അതിനിടെ, പരോള്‍ അനുവദിച്ചു കൊണ്ടുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവും പുറത്തു വന്നു. ജയിലില്‍ കിടന്ന് പോലും ക്വട്ടേഷന്‍ പ്രവര്‍ത്തനം ഏറ്റെടുത്ത വ്യക്തിയാണ് കൊടി സുനി.
ജയിലിലും പലവിധ വിവാദമുണ്ടാക്കി. കൊടി സുനിയും സംഘവുമുണ്ടാക്കിയ കലാപം നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് അടക്കം ചര്‍ച്ചയായിരുന്നു. അന്ന് സംഭവമുണ്ടായപ്പോള്‍ കൊടി സുനിയുടെ അഭിഭാഷകനും സുഹൃത്തുക്കളും ഈ ഉദ്യോഗസ്ഥന്റെ പേര് പരാമര്‍ശിച്ചു വിമര്‍ശിച്ചിരുന്നു. സ്വന്തം ജില്ലയായ തൃശൂരില്‍നിന്ന് എറണാകുളത്തേക്കാണു മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റം. കലാപം നിയന്ത്രിക്കാന്‍ മുന്നില്‍നിന്ന മറ്റൊരുദ്യോഗസ്ഥനെ മലപ്പുറത്തേക്കു മാറ്റിയിരുന്നു. ജയില്‍ മാറ്റത്തിനു വേണ്ടി തുടര്‍ച്ചയായി ജയിലില്‍ പ്രശ്‌നമുണ്ടാക്കിയിരുന്ന കൊടി സുനി ഇതേ ഉദ്ദേശ്യത്തോടെ അതിസുരക്ഷാ ജയിലില്‍ തുടങ്ങിവച്ച പ്രശ്‌നം പിന്നീട് കലാപമായി മാറുകയായിരുന്നു. ജയിലിന്റെ നിയന്ത്രണം തടവുകാര്‍ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായതോടെ തൊട്ടടുത്ത വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയാണു കലാപം നിയന്ത്രിച്ചത്. ഇതിന് ശേഷമാണ് തവനൂര്‍ ജയിലിലേക്ക് മാറ്റിയത്.
വിയ്യൂര്‍ ജയിലില്‍ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തു നിന്നെത്തിച്ച കൊലക്കേസ് പ്രതികളും തമ്മില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷം ഞെട്ടിപ്പിക്കുന്നതായിരുന്നു. സംഘര്‍ഷം തടയാനെത്തിയ സുരക്ഷ ജീവനക്കാരെയും ഗാര്‍ഡ് ഓഫീസും കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയും സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കൊടി സുനി അടക്കം പത്തുപേരെ പ്രതിചേര്‍ത്ത് വിയ്യൂര്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഉറങ്ങിക്കിടന്ന സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതേതുടര്‍ന്ന് കൊടി സുനിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ എല്ലാം സര്‍ക്കാര്‍ കൊടി സുനിയ്ക്ക് അനുകൂലമായി നീങ്ങിയെന്നും സംഘര്‍ഷം അടക്കം നാടകമായിരുന്നുവെന്നും വിലയിരുത്തലുണ്ടായിരുന്നു.