സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഇസ്രയേലിലേക്ക് പോയ ജിനേഷ് ജോലിയില്‍ പ്രവേശിച്ച് ഒന്നര മാസത്തിനുള്ളിലാണ് മരിച്ചു; പിന്നാലെ ഭാര്യയ്ക്ക് നേരെ നാട്ടില്‍ ബ്ലേഡ് മാഫിയയുടെ കടുത്ത ഭീഷണി; കോളിയാടി ദമ്പതികളുടെ മരണം: ബ്ലേഡ് മാഫിയക്കെതിരെ നാട് ഒന്നിക്കുന്നു

Update: 2026-01-16 02:42 GMT

ബത്തേരി: ഇസ്രയേലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കോളിയാടി പെലക്കുത്ത് ജിനേഷിന്റെയും, തൊട്ടുപിന്നാലെ ആത്മഹത്യ ചെയ്ത ഭാര്യ രേഷ്മയുടെയും മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കോളിയാടിയില്‍ ജനകീയ പ്രതിഷേധം ഇരമ്പുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അനാഥയായ ഇവരുടെ പത്തുവയസ്സുകാരി മകള്‍ക്ക് നീതി ഉറപ്പാക്കാനും ലക്ഷ്യമിട്ട് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഇസ്രയേലിലേക്ക് പോയ ജിനേഷ് ജോലിയില്‍ പ്രവേശിച്ച് ഒന്നര മാസത്തിനുള്ളിലാണ് മരിച്ചത്. ജിനേഷിന്റെ മരണത്തിന് പിന്നാലെ നാട്ടില്‍ രേഷ്മയ്ക്ക് നേരെ ബ്ലേഡ് മാഫിയയുടെ കടുത്ത ഭീഷണി ഉണ്ടായിരുന്നതായി കുടുംബം ആരോപിക്കുന്നു. 20 ലക്ഷം രൂപ വായ്പ വാങ്ങിയത് പലപ്പോഴായി തിരിച്ചടച്ചിട്ടും 40 ലക്ഷം രൂപ ആവശ്യപ്പെട്ട് സംഘം ഭീഷണിപ്പെടുത്തിയിരുന്നതായും, വീട് കൈക്കലാക്കാന്‍ ശ്രമിച്ചതായും ജിനേഷിന്റെയും രേഷ്മയുടെയും അമ്മമാര്‍ വെളിപ്പെടുത്തി. മുന്‍പ് പോലീസില്‍ പരാതി നല്‍കിയിട്ടും ഒത്തുതീര്‍പ്പിനാണ് പോലീസ് ശ്രമിച്ചതെന്നും കൃത്യമായ നടപടി ഉണ്ടായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

കോളിയാടി പാരിഷ് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം സമരപരിപാടികള്‍ക്ക് രൂപം നല്‍കി. ചെയര്‍മാന്‍: എം.കെ. ഗംഗാധരന്‍ ആത്താര്‍ (നെന്മേനി പഞ്ചായത്ത് പ്രസിഡന്റ്), കണ്‍വീനര്‍: എബി ജോസഫ് (പഞ്ചായത്ത് അംഗം), രക്ഷാധികാരികള്‍: ജിനി തോമസ് (ജില്ലാ പഞ്ചായത്ത് അംഗം), ഷീജ രാജു (ബ്ലോക്ക് പഞ്ചായത്ത് അംഗം), സുരേഷ് താളൂര്‍, വി. മോഹനന്‍, മൊയ്തീന്‍ കരടിപ്പാറ. മരണങ്ങളിലെ ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം നടത്തുക, ഇന്ത്യന്‍ എംബസി വഴി ജിനേഷിന്റെ മരണവിവരങ്ങള്‍ ലഭ്യമാക്കുക, കോടതി അറ്റാച്ച് ചെയ്ത ഇവരുടെ വീട് സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുക, കുട്ടിയുടെ സംരക്ഷണത്തിനായി നഷ്ടപരിഹാരം ഉറപ്പാക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

അതിനിടെ രേഷ്മയുടെ ആത്മഹത്യാക്കേസില്‍ നൂല്‍പ്പുഴ പോലീസ് സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചു വരികയാണ്. പ്രധാന പണമിടപാടുകാരനായ പഴുപ്പത്തൂര്‍ സ്വദേശി നിലവില്‍ വിദേശത്താണ്. ഇയാളുമായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. കൂടാതെ, ബ്ലേഡ് മാഫിയയുടെ ഇടപെടലിനെക്കുറിച്ച് വെളിപ്പെടുത്തിയ താമരശ്ശേരി സ്വദേശിയുടെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.

പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും എഐവൈഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം നടന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ജില്ലാ പ്രസിഡന്റ് എം.സി. സുമേഷും സെക്രട്ടറി നിഖില്‍ പത്മനാഭനും അറിയിച്ചു.

ആക്ഷന്‍ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗം ഈ മാസം 17-ന് ചേര്‍ന്ന് ഭാവി സമരപരിപാടികള്‍ തീരുമാനിക്കും. അതിന് മുന്‍പായി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണ പുരോഗതി ഭാരവാഹികള്‍ വിലയിരുത്തും.

Tags:    

Similar News