ബാലുവിന് പകരം മാലകെട്ട് കഴകക്കാരനായി നിയമിക്കുക ഈഴവ സമുദായ അംഗത്തെ; ജോലി ഏറ്റെടുക്കാന്‍ കളവംകോടത്തുകാരന്‍ റെഡി; പിതൃ സഹോദരന്മാര്‍ പൂജാരിമാര്‍ എന്നതും അനുരാഗിന്റെ പ്രത്യേകത; എല്ലാ കണ്ണുകളും തന്ത്രിമാരിലേക്ക്; മേയ് എട്ടിന് കൊടിയേറ്റത്തില്‍ എല്ലാം തെളിയും; കൂടല്‍മാണിക്യത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിയുമ്പോള്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ ഉദ്യോഗാര്‍ത്ഥി അഡൈ്വസ് മെമ്മോ അയക്കുമ്പോള്‍ വീണ്ടും വിവാദമുയരാന്‍ സാധ്യത. ജാതി വിവേചനത്തെത്തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേര്‍ത്തല സ്വദേശി കെ.എസ്. അനുരാഗിന് അഡൈ്വസ് മെമ്മോ അയച്ചത്. കൂടല്‍മാണിക്യം ദേവസ്വമാണ് അഡൈ്വസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. വിവാദ വിഷയമായതിനാല്‍ ദേവസ്വം ഭരണസമിതിയില്‍ ഇക്കാര്യം വച്ചേക്കും. റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ അനുരാഗിന് നിയമന ഉത്തരവ് നല്‍കാനാണ് സാധ്യത.
ദേവസ്വത്തിന്റെ നിയമന ഉത്തരവ് കിട്ടിയാല്‍ ഉടന്‍ ജോലിയില്‍ കയറുമെന്ന് അനുരാഗും അറിയിച്ചിട്ടുണ്ട്. റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനായ ബാലു എംഎക്കാരനാണ്. ബാലുവിന് പൊതുവിഭാഗത്തിലാണ് നിയമനം കിട്ടിയത്. ബാലു രാജിവച്ചതോടെ രണ്ടാം നിയമനം ഈഴവ സംവരണമായി. ഈ സാഹചര്യത്തിലാണ് സ്പ്ലിമെന്ററി ലിസ്റ്റിലുള്ള 23കാരനായ അനുരാഗിന് അവസരം കിട്ടിയത്. ചേര്‍ത്തല കളവംകോടം സ്വദേശിയായ അനുരാഗ് ബിരുദധാരിയാണ്. രണ്ടു പിതൃസഹോദരന്മാര്‍ പൂജാരിമാരാണ്. ഇതില്‍ ഒരാള്‍ക്ക് ജോലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലുമാണ്. ഫെബ്രുവരി 24ന് മാലകെട്ടു കഴകക്കാരനായി ബാലു ചുമതലയേറ്റതോടെയാണ് കൂടല്‍മാണിക്യത്തില്‍ വിവാദം തുടങ്ങിയത്.
ആറ് ബ്രാഹ്‌മണ തന്ത്രിമാര്‍ ബഹിഷ്‌കരണം തുടങ്ങി. ബാലുവിനെ ഓഫീസ് അറ്റന്‍ഡറായി മാറ്റിയ ശേഷമേ ഇവര്‍ പ്രതിഷ്ഠാ ദിനത്തിന് പോലും എത്തിയത്. മേയ് എട്ടിന് കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം തുടങ്ങും. അന്ന് ദിവസവും പൂജയ്ക്ക് തന്ത്രിമാര്‍ വരണം. അനുരാഗ് എത്തിയാല്‍ തന്ത്രിമാര്‍ എന്തു നിലപാട് എടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം, നിലവില്‍ അടിച്ചുതളി ജീവനക്കാരനായ രാജേഷ് പിഷാരടിയാണ് മാല കെട്ട് കഴകം ജോലി ചെയ്യുന്നത്.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആദ്യത്തെ കഴകതസ്തികയിലെ നിയമനമായിരുന്നു ബാലുവിന്റേത്. പരീക്ഷയും അഭിമുഖവും നടത്തി ഒന്നാംസ്ഥാനം നേടിയാണ് ബാലു എത്തിയത്. അനുരാഗ് എത്തുമ്പോഴും ബാലുവിന് ഉള്ള അതേ വ്യവസ്ഥകള്‍ പാലിക്കണം. കഴകം തസ്തികനിയമനത്തില്‍ പത്തുമാസത്തേക്ക് കഴകപ്രവൃത്തികളും ബാക്കി രണ്ടുമാസം ദേവസ്വം നിശ്ചയിക്കുന്ന മറ്റുജോലികളും ചെയ്യണമെന്നാണ് നിര്‍ദേശം. ഈ രണ്ടുമാസം മാത്രമാണ് പരമ്പരാഗത കഴകക്കാര്‍ക്ക് അവകാശം. എന്നാല്‍ പരമ്പരാഗത കഴകക്കാരെ തഴയാന്‍ അനുവദിക്കില്ലെന്നതാണ് തന്ത്രിമാരുടെ നിലപാട്.
ജാതിയല്ല വിഷയം, പാരമ്പര്യ അവകാശമാണ് - തന്ത്രിമാര്‍
ഈ വിവാദത്തില്‍ നേരത്തെ തന്ത്രിമാരും പ്രതികരിച്ചിരുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതീയതയല്ല വിഷയമെന്നും പാരമ്പര്യ അവകാശമാണെന്നും തന്ത്രിമാര്‍ പറഞ്ഞു. കൂടല്‍മാണിക്യം ദേവസ്വംനിയമത്തിന്റെ ലംഘനമാണ് കഴകംതസ്തിക നിയമനത്തില്‍ ദേവസ്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കഴകം, മേല്‍ശാന്തി, കീഴ്ശാന്തി, മൂസ് ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിയമപ്രകാരം അക്കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം തന്ത്രിമാര്‍ക്കാണ്. ഈ നിയമനങ്ങള്‍ പരീക്ഷനടത്തി ആളെവെക്കാന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് ഒരവകാശവുമില്ല. അതിന് വിരുദ്ധമായിട്ടാണ് ചെയ്തിരിക്കുന്നത്.
പാരമ്പര്യ അവകാശികള്‍ നല്‍കിയ കേസില്‍ ഹൈക്കോടതി ഹിയറിങ് ഫെബ്രുവരി 25-ന് തുടങ്ങുമെന്നറിഞ്ഞ് തിരക്കുപിടിച്ച് 24-ന് ഉച്ചയ്ക്കുശേഷം പെട്ടെന്നാണ് കഴകപ്രവൃത്തിയില്‍ ആളെ നിയമിച്ചത്. രാവിലെ കഴകപ്രവൃത്തിക്കുവന്ന താത്കാലിക ജീവനക്കാരനായ പാരമ്പര്യ അവകാശിയായ അംഗത്തെ മുന്നറിയിപ്പോ നോട്ടീസോ നല്‍കാതെ വൈകീട്ടുമുതല്‍ ജോലിക്കുവരേണ്ടെന്നും താക്കോലും മറ്റ് സാധനങ്ങളും തിരിച്ചുനല്‍കാനുമായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചത്. ഇത് തെറ്റാണ്. തൊഴിലവകാശങ്ങള്‍ക്ക് എതിരാണത്. ദേവസ്വത്തില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് തന്ത്രിമാരുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് സമ്മര്‍ദം ചെലുത്തിയതെന്നും തന്ത്രിമാര്‍ വ്യക്തമാക്കി.
ക്ഷേത്രത്തിലെ വിവിധ ചുമതലകളില്‍ പാരമ്പര്യ അവകാശികളുണ്ട്. അവരെല്ലാം മുന്നാക്കജാതിക്കാരല്ല. ക്ഷേത്രത്തിലെ എല്ലാ പാരമ്പര്യ അവകാശങ്ങളും നിലനിര്‍ത്തണമെന്നാണ് തന്ത്രിമാരുടെ നിലപാട്.