പ്ലസ് ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുളള ഒരു വീട്ടമ്മയായ ജോളി എന്‍ഐടി പ്രൊഫസറായി വേഷം കെട്ടി എല്ലാവരേയും വിദഗ്ധമായി പറ്റിച്ചതും കൊല നടത്തിയതും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സ്വന്തമാക്കാന്‍; ജയിലിനുള്ളില്‍ കഴിയുമ്പോള്‍ അതും നഷ്ടമാകുന്നു; കൂടത്തായിയിലെ ജോളി ഇനി വിവാഹമോചിത; ഷാജുവിന് ആശ്വാസമെത്തുമ്പോള്‍

Update: 2025-07-01 06:40 GMT

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളിക്ക് ജയില്‍ വാസത്തിനിടെ ഡിവോഴ്‌സും. ജോളിക്കെതിരെ ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജി കോഴിക്കോട് കുടുംബ കോടതി അനുവദിക്കുകയായിരുന്നു. കൊലക്കേസില്‍ പ്രതിയായ ഭാര്യ ഏത് ആക്രമണത്തിനും മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ വിചാരണ നീളുകയാണെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് അഡ്വ.മനോഹര്‍ലാല്‍ മുഖേന നല്‍കിയ ഹര്‍ജിയാണ് അനുവദിച്ചത്. 2021 ല്‍ നല്‍കിയ ഹര്‍ജി എതിര്‍ ഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാല്‍ ഇന്നലെ തീര്‍പ്പാക്കുകയായിരുന്നു.

കൂടത്തായി കൂട്ടക്കൊലക്കേസില്‍ താന്‍ നിപരാധിയാണെന്ന് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പ്രതികരിച്ചിരുന്നു. കേസില്‍ തന്നെ കുടുക്കാനാണ് ജോളി ശ്രമിക്കുന്നത്. താന്‍ കുറ്റം സമ്മതിച്ചുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ഷാജു പറഞ്ഞിരുന്നു. ജോളിയുടെ കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായി. ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും തനിക്ക് അറിയില്ലെന്നും ഷാജു പ്രതികരിച്ചിരുന്നു. അന്വേഷണ സംഘം ഷാജുവിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പൊലീസ് ഷാജുവിനെ ചോദ്യം ചെയ്തിരുന്നു.

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെതിരെ ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കേട് കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കിയത് 2021ലാണ്. ജോളി റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയയ്ച്ചിരുന്നു. എന്നാല്‍ പ്രതികരിച്ചില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വിവാഹ മോചനം വരുന്നത്. ആറ് കൊലപാതകക്കേസില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് വിവാഹ മോചന ഹര്‍ജി നല്‍കിയത്. തന്റെ ആദ്യഭാര്യയേയും മകളേയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നേയും കേസില്‍ പ്രതിയാക്കാനായി വ്യാജ മൊഴി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടേയും ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടേയും മരണത്തിന് ശേഷമാണ് റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും വിവാഹിതരാകുന്നത്.

ഈ രണ്ട് മരണങ്ങള്‍ ഉള്‍പ്പെടെ ഇരുവരുടേയും കുടുംബത്തില്‍ നടന്ന ആറ് മരണങ്ങളും കൊലപാതകമായിരുന്നുവെന്ന് 2019 ഒക്ടോബറില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. ജോളിയുടെ ഭര്‍്ത്താവ് പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. 2002നും 2016നും ഇടയിലായിരുന്നു കൊലപാതക പരമ്പര. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ആറ് പേരെയും ജോളി കൊലപ്പെടുത്തി എന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവിച്ചത് കൊലപാതകമാണെന്നും ജോളിയാണ് പ്രതിയെന്നും അറിയാതെയാണ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഷാജുവിന്റെ വാദം. ഈ വിവാഹ മോചന ഹര്‍ജിക്കാണ് തീര്‍പ്പുണ്ടാകുന്നത്.

ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ ആളോടൊപ്പം ഇനി ജീവിക്കാനാകില്ല. ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ അത് തന്റെ ജീവന് തന്നെ ഭീഷണിയാകുമെന്നും ഷാജു നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. 2017ലാണ് ഷാജുവും ജോളിയും വിവാഹം കഴിക്കുന്നത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷം ഇരുവരും പുനര്‍വിവാഹിതരാവുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ ഷാജുവിനെ കെട്ടാന്‍ വേണ്ടിയാണ് ജോളി കൊലകള്‍ നടത്തിയതെന്ന് സൂചനയുണ്ട്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു. സിലിയെയും റോയിയെയും ജോളി വിഷം നല്‍കി കൊലപ്പെടുത്തി. ഇത് കൂടാതെ ഇരുവരുടെയും കുടുംബത്തില്‍ നടന്ന നാല് മരണങ്ങള്‍ കൂടി ജോളി നടത്തിയ കൊലപാതകമാണെന്ന് 2019 ഒക്ടോബറില്‍ പോലീസ് കണ്ടെത്തിയിരുന്നു. കൂടത്തായി കേസിലെ സാക്ഷിയും കൂടിയാണ് ഷാജു.

കൂടത്തായിയിലെ കൊല തെളിഞ്ഞത് ഇങ്ങനെ

ഷാജു സക്കറിയയുടെ ആദ്യ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവര്‍ അടക്കം ആറ് പേരെയാണ് ജോളി ജോസഫ് അതിവിദഗ്ധമായി ഇല്ലാതാക്കിയത് എന്നാണ് പോലീസ് കണ്ടെത്തല്‍. 2002 മുതല്‍ 2016 വരെയുളള 14 വര്‍ഷക്കാലത്തിനിടെ പൊന്നാമറ്റം കുടുംബത്തില്‍ ആറ് ദുരൂഹ മരണങ്ങള്‍. ഈ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ സഹോദരനായ റോജോ പോലീസില്‍ പരാതി നല്‍കുന്നതോടെയാണ് ക്രൂരമായ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. 6 പേരെയും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി ജോളി ജോസഫ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

പ്ലസ് ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുളള ഒരു വീട്ടമ്മയായ ജോളി എന്‍ഐടി പ്രൊഫസറായി വേഷം കെട്ടി എല്ലാവരേയും വിദഗ്ധമായി പറ്റിച്ചതും ഓരോ കൊലപാതകവും ഒരു പാളിച്ചയും ഇല്ലാതെ നടപ്പിലാക്കിയതുമായ കഥകള്‍ കേരളം നടുക്കത്തോടെയാണ് കേട്ടത്. ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ അമ്മ അന്നമ്മയില്‍ തുടങ്ങി രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി വരെ ഉളളതാണ് ജോളി നടത്തിയ കൊലപാതകങ്ങള്‍. കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചതോടെയാണ് മരണത്തിലെ ദുരൂഹതകള്‍ പുറത്ത് വന്ന് തുടങ്ങിയത്. തുടര്‍ന്ന് ജോളി കുറ്റസമ്മതം നടത്തുകയും ചെയ്തു.

പൊന്നാമറ്റം തറവാട്ടിലെ സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിനും ഷാജുവിനെ വിവാഹം കഴിക്കുന്നതിനും വേണ്ടിയാണ് ജോളി ഈ ആറ് കൊലപാതകങ്ങളും നടത്തിയത് എന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. പൊന്നാമറ്റം വീടിന്റെ നിയന്ത്രണം സ്വന്തമാക്കുന്നതിന് വേണ്ടിയാണ് ആട്ടിന്‍സൂപ്പില്‍ വിഷം ചേര്‍ത്ത് നല്‍കി അന്നമ്മയെ ജോളി 2002ല്‍ കൊലപ്പെടുത്തുന്നത്. 2008ല്‍ ഭര്‍ത്താവിന്റെ അച്ഛന്‍ ടോം തോമസിനെ ജോളി കൊലപ്പെടുത്തി. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ പലപ്പോഴായി ഭക്ഷണത്തില്‍ സയനൈഡ് നല്‍കി ആയിരുന്നു കൊലപാതകം. 2011ല്‍ സ്വന്തം ഭര്‍ത്താവ് റോയി തോമസ് തന്നെ ആയിരുന്നു ജോളിയുടെ ഇര. ഇതും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി തന്നെ ആയിരുന്നു. റോയി തോമസിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച മഞ്ചാടിയില്‍ മാത്യവിനെ 2014ല്‍ ആണ് ജോളി കൊലപ്പെടുത്തുന്നത്. ഷാജു സക്കറിയയുടെ മകളായ ആല്‍ഫൈന്‍ കൊല്ലപ്പെടുന്നതും 2014ല്‍ തന്നെയാണ്. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയാണ് മരണം എന്നാണ് കരുതിയിരുന്നത്. ഷാജുവിനെ വിവാഹം കഴിക്കുന്നതിന് തടസ്സമായി ബാക്കിയുളള സിലിയെ 2016ല്‍ ജോളി കൊലപ്പെടുത്തി. കുടിവെളളത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി ആയിരുന്നു കൊലപാതകം. സിലിയുടെ മരണത്തിന് ശേഷം അതേ വര്‍ഷം തന്നെ ജോളിയും ഷാജുവും തമ്മിലുളള വിവാഹവും നടന്നു.

അപ്പോഴൊന്നും ഈ മരണങ്ങളില്‍ ആരും സംശയം പ്രകടിപ്പിക്കുകയോ ജോളിയുടെ പങ്കിനെ കുറിച്ച് സംശയിക്കുകയോ ചെയ്തിരുന്നില്ല. ഷാജുവുമായുളള വിവാഹത്തിന് ശേഷം ജോളിയുടെ പേരിലേക്ക് പൊന്നാമറ്റത്തെ സ്വത്തുക്കള്‍ മാറ്റിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. ഇതോടെ റോയിയുടെ സഹോദരന്‍ റോജോ തോമസ് കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

Tags:    

Similar News