ആര് പറഞ്ഞു തിരച്ചിൽ നിർത്തിവെച്ചുവെന്ന്; ഹിറ്റാച്ചി കൊണ്ടുവരാൻ ഞാനാണ് പറഞ്ഞത്; ഇതൊക്കെ വെറും രാഷ്ട്രീയ ആരോപണം; ഇന്നത്തെ ചടങ്ങിന്റെ ചിലവിന് പണം നൽകും; മാധ്യമങ്ങൾക്ക് മുന്നിൽ ഉരുണ്ടുകളിച്ച് മന്ത്രി വിഎൻ വാസവൻ; പ്രതിഷേധക്കാർ ഷോ കാണിച്ചെന്നും വിമർശനം; ആരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും ന്യായികരണം; ആ കുടുംബത്തിന്റെ തീരാനഷ്ടം ഇനി ആര് നികത്തും?
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ബിന്ദു എന്ന വീട്ടമ്മ മരിച്ചത് കേരളത്തിന് തന്നെ വലിയൊരു നോവായി മാറിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം വൈകിയത് മൂലമാണ് ബിന്ദുവിന്റെ ജീവനെടുക്കാൻ കാരണമെന്ന ആരോപണം ശക്തമാണ്. സംസ്ഥാനം മുഴുവനും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ മാധ്യമങ്ങൾക്ക് മുന്നിൽ മന്ത്രി വിഎൻ വാസവൻ ഉരുണ്ടുകളിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർ ഷോ കാണിച്ചെന്നും ആരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് മന്ത്രിയുടെ ന്യായികരണം.
മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് ധന സഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. സംസ്കാര ചടങ്ങിൻ്റെ ചിലവിനു 50,000 രൂപ ഇന്ന് നൽകും. ബാക്കി ധനസഹായം പിന്നാലെ നൽകും. ഇന്നലെ മൂന്നു തവണ വീട്ടിൽ ബന്ധപ്പെട്ടിരുന്നു. വീട്ടിൽ ആരുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നതെന്നും ഇന്ന് വൈകുന്നേരം തന്നെ വീട്ടിലേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
തിരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഹിറ്റാച്ചി കൊണ്ട് വരണമെന്ന് താനാണ് പറഞ്ഞതെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. യന്ത്രം അകത്തേക്ക് കൊണ്ട് പോകാൻ അല്പം പ്രയാസം നേരിട്ടു. കെട്ടിടം ഉപയോഗ ശൂന്യമായതാണെന്നും ആരും കുടുങ്ങിയിട്ടില്ലെന്നുമുള്ള മന്ത്രിമാരുടെ പ്രസ്താവനയാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം എത്തിയിരിക്കുന്നത്.
സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തി. കോട്ടയത്ത് വീഴച്ച ഉണ്ടായില്ല. തെറ്റിദ്ധാരണ ഉണ്ടാകുന്ന പ്രചാരണം ആണ് നടക്കുന്നത്. നടന്ന സംഭവം ദൗർഭാഗ്യകരമാണ്. തെരച്ചിൽ നിർത്തിവയ്ക്കാൻ പറഞ്ഞിട്ടില്ല. അത് തെറ്റായ പ്രചാരണമാണ്. ഹിറ്റാച്ചി കൊണ്ടുവരാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. യന്ത്രം കയറി വരാൻ ഉള്ള പ്രായോഗിക ബുദ്ധിമുട്ട് മാത്രമാണ് കാലതാമസം ഉണ്ടാക്കിയത്. അതിനെ മറ്റ് തരത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല. മെഡിക്കൽ കോളേജിനെ മൊത്തത്തിൽ ആക്ഷേപിക്കാൻ ശ്രമം നടക്കുന്നു. ആക്ഷേപിച്ചു ഇല്ലാതാക്കാൻ ശ്രമം നടക്കുകയാണ്.
മരിച്ച സ്ത്രീയുടെ കുടുംബത്തോട് ആശയ വിനിമയം നടത്തിയിരുന്നു. പ്രക്ഷോഭം നടക്കുന്നത് കൊണ്ടാണ് അങ്ങോട്ട് പോകാതിരുന്നത്. പ്രക്ഷോഭക്കാർ ഷോ കാണിച്ചു ആളെ കൂട്ടുകയായിരുന്നു. യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് കെട്ടിടം അപകടാവസ്ഥയിൽ എന്ന റിപ്പോർട്ട് വന്നത്. യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ല. സൂപ്രണ്ട് പറഞ്ഞത് ഫയർ ഫോഴ്സ് നൽകിയ വിവരമാണ്. അതിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരും ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത്. അപ്പോഴും തെരച്ചിൽ നടത്താൻ തന്നെയാണ് നിർദേശം നൽകിയത്. അങ്ങനെയാണ് മണ്ണുമാന്തി യന്ത്രത്തെ ഉൾപ്പെടെ കൊണ്ടുവന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിൽ മന്ത്രി വീണ ജോർജിനെതിരേയും മെഡിക്കൽ കോളേജ് അധികൃതർക്കെതിരേയും വിമർശനവും പ്രതിഷേധവും ശക്തമാവുകയാണ്. കെട്ടിടത്തിന് പഞ്ചായത്തിൻറെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് അരുൺ കെ. ഫിലിപ്പ് വ്യക്തമാക്കി. കാലാകാലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ല. പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധമാണെന്ന് വൈസ് പ്രസിഡൻറ് അരുൺ കെ ഫിലിപ്പ് രൂക്ഷമായി വിമർശിച്ചു.