ഏത് സമയത്തും കല്ലും മണ്ണും ഇടിഞ്ഞു വീണ് അപായമുണ്ടാവാന്‍ സാധ്യത ഏറെ; ഒരു ഭാഗം വലിയ മലയും മറുഭാഗം നോക്കെത്താ ദൂരത്തുള്ള കൊക്കയുമുള്ള പാല്‍ച്ചുരം റോഡ്; കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് പോകാനും നല്ലൊരു റോഡ് അനിവാര്യത; അമ്പായത്തോട്- തലപ്പുഴ 44-ാം മൈല്‍ ചുരമില്ലാ റോഡിന് സാധ്യത ഏറെ; ഇത് പിണറായി സര്‍ക്കാര്‍ ഫ്‌ളാഗ് ഷിപ്പ് ആക്കേണ്ട കൊട്ടിയൂരിലെ വികസന പാത
കോഴിക്കോട്: വയനാട് തുരങ്ക പാതയ്ക്ക് പാരിസ്ഥിതികാ അനുമതി കിട്ടുമ്പോള്‍ ചുരം പാതകളില്‍ യാത്രാക്ലേശമനുഭവിക്കുന്ന വയനാടിനായി കൊട്ടിയൂര്‍ അമ്പായത്തോട്- വയനാട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവും ശക്തമാകുന്നു. അമ്പായത്തോടില്‍ നിന്നു തുടങ്ങി വനത്തിലൂടെ തലപ്പുഴ 44-ാം മൈലിലേക്കെത്തുന്ന റോഡാണിത്. വയനാട്ടില്‍ നിന്ന് മട്ടന്നൂരിലുള്ള രാജ്യാന്തര വിമാനത്താവളത്തിലേക്ക് എളുപ്പത്തിലെത്തുന്നതിന് ചുരമില്ലാ റോഡ് ഏറെ സഹായകമാവും.
ഏത് സമയത്തും കല്ലും മണ്ണും ഇടിഞ്ഞു വീണ് അപായമുണ്ടാവാന്‍ സാധ്യതയുള്ള പാല്‍ച്ചുരം റോഡാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ വയനാട്ടിലുള്ളവര്‍ കൂടുതലായും ആശ്രയിക്കുന്നത്. മാനന്തവാടിയില്‍ നിന്നു തവിഞ്ഞാല്‍ 42-ാം മൈല്‍ വരേയും അമ്പായത്തോട് നിന്നു മട്ടന്നൂരിലേക്കും ഗതാഗതയോഗ്യമായ പാതയാണുള്ളത്. ഇതിനിടയില്‍ തീര്‍ത്തും ദുര്‍ഘടമായ അഞ്ചു മുടിപ്പിന്‍ വളവുകളുള്ള പാതയാണുള്ളത്. ഒരു ഭാഗം വലിയ മലയും മറുഭാഗം നോക്കെത്താ ദൂരത്തുള്ള കൊക്കയുമുള്ള പാല്‍ച്ചുരം റോഡില്‍ നിരവധി തവണ വാഹനങ്ങള്‍ മറിഞ്ഞും മറ്റും അപകടമുണ്ടായി. മതിയായ സുരക്ഷാവേലികള്‍ പോലും റോഡില്‍ പലയിടത്തുമില്ല. കണ്ണൂരില്‍ നിന്നു ചെങ്കല്ല് ഉള്‍പ്പെടെ കയറ്റി ഭാരവാഹനങ്ങളെത്തുന്നത് ഈ റോഡുവഴിയാണ്. പാല്‍ച്ചുരത്തിലൂടെയുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാവുന്നതാണ് കൊട്ടിയൂര്‍ അമ്പായത്തോട്- തലപ്പുഴ 44-ാം മൈല്‍ ചുരമില്ലാ റോഡ്.
അപകട പാതയായ പാല്‍ചുരം -ബോയ്‌സ് ടൗണ്‍ റോഡിനേക്കാള്‍ പഴക്കമുണ്ട് ചുരം രഹിത പാത എന്ന നാട്ടുകാരുടെ ആവശ്യത്തിന്. നിലവിലെ അമ്പായത്തോട് -ബോയ്‌സ് ടൗണ്‍ പാതക്ക് പകരം തലപ്പുഴ 44-ാം മൈല്‍ താഴെ പാല്‍ച്ചുരം -അമ്പായത്തോട് ബദല്‍ പാത വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിമാര്‍ക്കും വകുപ്പ് മന്ത്രിമാര്‍ക്കും കാലങ്ങളായി നിവേദനം നല്‍കിയെങ്കിലും ഫലം സാദ്ധ്യതാപഠനങ്ങളില്‍ മാത്രമായി ഒതുങ്ങി. അമ്പായത്തോട് നിന്ന് താഴേ പാല്‍ച്ചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് 44-ാം മൈലില്‍ പ്രധാന പാതയില്‍ എത്തിച്ചേരുന്നതാണ് നിര്‍ദിഷ്ട ബദല്‍ റോഡ്. ചുരമില്ല എന്നതാണ് ഈ പാത പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാല്‍, വനത്തിന്റെ സാന്നിദ്ധ്യമാണ് പദ്ധതിക്ക് തടസ്സം. അടുത്ത കാലത്ത് വനനിയമങ്ങളില്‍ ചില ഇളവുകള്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ ചുരം രഹിതപാത യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷ സജീവമാണ്.
നിര്‍ദിഷ്ട മട്ടന്നൂര്‍ മാനന്തവാടി വിമാനത്താവളം നാല്വരിപ്പാതയുടെ സ്ഥലമെടുപ്പ് നടപടികള്‍ നടക്കുകയാണ്. മറ്റിടങ്ങളില്‍ നാലുവരി നിര്‍മിക്കുമ്പോള്‍ അമ്പായത്തോടില്‍ നിന്നു പാല്‍ച്ചുരം വഴി മാനന്തവാടിയിലേക്ക് രണ്ടുവരിപ്പാത നിര്‍മിക്കാനാണ് ഇപ്പോള്‍ തീരുമാനം. മട്ടന്നൂരില്‍ നിന്നു അമ്പായത്തോട് വരെയുള്ള 40 കിലോമീറ്റര്‍ ദൂരത്തില്‍ 24 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടന്നു വരുകയാണ്. ഇതിനു മുന്നോടിയായി സാമൂഹികാഘാത പഠനം കഴിഞ്ഞ് റിപ്പോര്‍ട്ട് കണ്ണൂര്‍ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. അമ്പായത്തോടില്‍ നിന്നു മാനന്തവാടി വരെ രണ്ടുവരിപ്പാതയെന്ന തീരുമാനം ഒഴിവാക്കി അമ്പായത്തോടില്‍ നിന്നു തലപ്പുഴ 44-ാം മൈലിലെത്തുന്ന ചുരമില്ലാ പാത വികസിപ്പിച്ച് നാലുവരിപ്പാത വയനാട്ടിലേക്കും നീട്ടണമെന്ന ആവശ്യമാണുയരുന്നത്. ചുരമില്ലാ ബദല്‍പ്പാത യാഥാര്‍ഥ്യമായാല്‍ 8.3 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ തലപ്പുഴ 44-ാംമൈലില്‍ നിന്നു അമ്പായത്തോടിലെത്താന്‍ സാധിക്കും. നിലവിലുള്ള ദുര്‍ഘടമായ പാല്‍ച്ചുരം വഴി അമ്പായത്തോടിലെത്താന്‍ പത്ത് കിലോമീറ്ററോളം സഞ്ചരിക്കണം. അമ്പായത്തോടില്‍ നിന്നു കൊട്ടിയൂര്‍ വനാതിര്‍ത്തി വരെ 3.45 കിലോമീറ്റര്‍ ദൂരവും തലപ്പുഴ 44-ാംമൈലില്‍ നിന്നു വനാതിര്‍ത്തി വരെ 3.5 കിലോമീറ്റര്‍ ദൂരവുമാണുള്ളത്. ഇതിനിടയില്‍ 1.360 കിലോമീറ്റര്‍ വനഭൂമിയുമുണ്ട്. റോഡ് യാഥാര്‍ഥ്യമാക്കാന്‍ 1.3 കിലോമീറ്റര്‍ ദൂരം വനഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടി വരുന്നത്.
കൊട്ടിയൂര്‍ അമ്പായത്തോട് തലപ്പുഴ 44-ാം മൈല്‍ സമാന്തരപാത യാഥാര്‍ഥ്യമാകണമെങ്കില്‍ വനഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം. വനഭൂമി വിട്ടുകിട്ടാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. അനുമതിക്കായി അപേക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ യൂസര്‍ ഏജന്‍സിയെ നിയമിക്കണം. മരാമത്ത് വകുപ്പിലെ ഏതു വിഭാഗത്തെയാണ് യൂസര്‍ ഏജന്‍സിയായി നിയമിക്കേണ്ടതെന്നു തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ജനപ്രതിനിധികളുടെ ശക്തമായ ഇടപെടല്‍ ഉണ്ടെങ്കിലേ യൂസര്‍ ഏജന്‍സിയെ നിയമിക്കല്‍ വേഗത്തിലാകൂ. അമ്പായത്തോടു മുതല്‍ തലപ്പുഴ 44ാം മൈല്‍ വരെ 8.5 കിലോമീറ്ററാണുള്ളത്. കൊട്ടിയൂര്‍ പഞ്ചായത്തിനു കീഴിലുള്ള 3.45 കിലോമീറ്ററും തവിഞ്ഞാല്‍ പഞ്ചായത്തിലെ 3.6 കിലോമീറ്ററും. ഇതിനു നടുവിലാണ് കൊട്ടിയൂര്‍ റിസര്‍വ് വനത്തിലെ 1.3 കിലോമീറ്റര്‍. ഈ സ്ഥലം വിട്ടുകിട്ടാനാണ് ശക്തമായ ഇടപെടല്‍ വേണ്ടത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന്റെ പേരിലാണ് വനംവകുപ്പില്‍നിന്ന് തടസ്സവാദം വരിക. എന്നാല്‍ സമാന്തരപാത വന്യജീവി സങ്കേതത്തിലൂടെയല്ല, സമീപത്തിലൂടെയാണു പോകുന്നത്. അമ്പായത്തോട്ടുനിന്ന് ഒരു കിലോമീറ്റര്‍ കഴിയുമ്പോഴാണ് വന്യജീവി സങ്കേതം തുടങ്ങുന്നത്. ഇതിനരികിലൂടെയാണ് സമാന്തരപാത കടന്നുപോകുന്നത്. വന്യജീവി സങ്കേതത്തെ ബാധിക്കാതെ തന്നെ നിലവിലുള്ള റോഡ് നവീകരിച്ചെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. വന്യജീവികളുടെ സൈ്വര്യജീവിതത്തെ സമാന്തരപാത ബാധിക്കില്ല. സംസ്ഥാന സര്‍ക്കാരിനു കീഴിലാണ് സങ്കേതമെന്നതിനാല്‍ ഇവിടെ തീരുമാനമെടുത്ത ശേഷം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാന്‍ എളുപ്പമാണ്.
കണ്ണൂര്‍-വയനാട് യാത്രയ്ക്കു മൂന്നാമതൊരു റോഡിനുള്ള ആവശ്യം ഉയരുമ്പോള്‍ കൊട്ടിയൂര്‍ അമ്പായത്തോട് തലപ്പുഴ 44-ാം മൈല്‍ റോഡിന്റെ പ്രത്യേകതയായി എല്ലാവരും ചൂണ്ടിക്കാണിക്കുന്നത് സുരക്ഷിത യാത്രയുടെ സാധ്യതയാണ്. പാല്‍ച്ചുരം യാത്ര അതീവ സാഹസികമാണ്. പാല്‍ച്ചുരം ഹെയര്‍പിന്‍ വളവ് രണ്ടിലെത്തുമ്പോള്‍ തന്നെ വലിയ കരിങ്കല്ലുകളാണ് റോഡിന്റെ പകുതിയോളം ഭാഗത്ത്. ഒരു വാഹനത്തിനു മാത്രമേ ഇതുവഴി പോകാന്‍ സാധിക്കൂ. പാറ ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്ന് മരാമത്ത് വിഭാഗത്തിന്റെ മുന്നറിയിപ്പുമുണ്ട്. 3.8 മീറ്ററാണ് ഇവിടെ റോഡിനു വീതിയുള്ളത്. ഹെയര്‍പിന്‍ വളവുകളിലെല്ലാം രണ്ടുവാഹനങ്ങള്‍ക്ക് അരികുകൊടുക്കുകയെന്നത് അതിസാഹസികമാണ്. കൊട്ടിയൂര്‍ അമ്പായത്തോട് തലപ്പുഴ 44-ാം മൈല്‍ റോഡ് യാഥാര്‍ഥ്യമായാല്‍ ഗുണം വ്യാപാരമേഖലയ്ക്കും കിട്ടും. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് കണ്ണൂരിലേക്ക് ആവശ്യമായ പഴം, പച്ചക്കറികള്‍ എത്തുന്നത്. വയനാട്ടിലേക്കുള്ള മത്സ്യം അധികവും കൊണ്ടുപോകുന്നത് തലശ്ശേരിയില്‍ നിന്നും. ചുരംപാതയില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ ചരക്കുനീക്കത്തെ ഇതു കാര്യമായി ബാധിക്കും. എളുപ്പത്തിലെത്താവുന്ന പാത വന്നാല്‍ ചരക്കുവാഹനങ്ങള്‍ക്ക് ഗുണകരമാകും.
കൊട്ടിയൂര്‍ അമ്പായത്തോട് തലപ്പുഴ 44 റോഡ് അനുകൂല ഘടകങ്ങളേറെയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചുരമില്ലാതെ ഈ റോഡ് നിര്‍മിക്കാമെന്നാണ് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം പറയുന്നത്. കൊടുംവളവുകളില്ല, വലിയ കയറ്റങ്ങളുമില്ല. കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ റോഡുമായി താരതമ്യം ചെയ്യുമ്പോള്‍ ദൂരം കുറവാണ്. അമ്പായത്തോട് കവല മുതല്‍ തലപ്പുഴ 44 വരെ 8.35 കിലോമീറ്ററാണുള്ളത്. കൊട്ടിയൂര്‍ പരിധിയില്‍ 3.45 കിലോമീറ്ററും തവിഞ്ഞാല്‍ പഞ്ചായത്ത് പരിധിയില്‍ 3.6 കിലോമീറ്ററും കൊട്ടിയൂര്‍ റിസര്‍വ് വനത്തില്‍ 1.3 കിലോമീറ്ററും. അമ്പായത്തോട് മുതല്‍ താഴെ താഴെ പാല്‍ച്ചുരം വരെ 3 കിലോമീറ്റര്‍ നിലവില്‍ ടാര്‍ ചെയ്ത റോഡ് ഉണ്ട്. അതുപോലെ തവിഞ്ഞാല്‍ പഞ്ചായത്തിലേക്ക് റോഡ് വന്നെത്തുന്നയിടത്തും ടാറിട്ട റോഡുണ്ട്. വനത്തിനുള്ളിലെ ഭാഗത്ത് മുന്‍പ് ഗതാഗതമുണ്ടായിരുന്നു. പിന്നീട് വനംവകുപ്പ് അതു നിര്‍ത്തലാക്കി. വനത്തിലൂടെയുള്ള റോഡ് നിര്‍മിക്കുന്ന സ്ഥലത്തിനു പകരം കൊട്ടിയൂര്‍ പഞ്ചായത്തുതന്നെ റവന്യുഭൂമി കൈമാറാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മുന്‍പ് വനംവകുപ്പ് കൊട്ടിയൂര്‍ പഞ്ചായത്തിന് റോഡിനുള്ള സ്ഥലം വിട്ടുനല്‍കുകയും അതിനുള്ള ലീസ് വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് ലീസ് അടയ്ക്കുന്നതിനു മുടക്കം വന്നതോടെ ഗതാഗതം നിലച്ചു. വനംവകുപ്പിന്റെ സ്ഥലം ലഭ്യമാക്കുന്നതിന് യൂസര്‍ ഏജന്‍സിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് എംഎല്‍എ മുഖേന റോയ് നമ്പുടാകം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയിരുന്നു.