മുറിവ് നന്നായി കഴുകിയില്ല; ഇമ്യൂണോഗ്ലോബുലിന്‍ കുത്തി വച്ചതിലും വീഴ്ച സംഭവിച്ചു; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരേ പേവിഷബാധയേറ്റ് മരിച്ച കൃഷ്ണമ്മയുടെ ബന്ധുക്കള്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരേ പേവിഷബാധയേറ്റ് മരിച്ച കൃഷ്ണമ്മയുടെ ബന്ധുക്കള്‍

Update: 2025-10-05 15:31 GMT

പത്തനംതിട്ട: പേവിഷ ബാധയേറ്റ് മരിച്ച വീട്ടമ്മയുടെ കുടുംബം ജനറല്‍ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിലും മുറിവുകളില്‍ കൃത്യമായി പ്രതിരോധ മരുന്ന് ഇമ്യൂണോഗ്ലോബുലിന്‍ കുത്തിവയ്ക്കുന്നതിലും വീഴ്ച സംഭവിച്ചുവെന്നാണ് വീട്ടുകാരുടെ ആരോപണം. നിയമനടപടിക്ക് ഒരുങ്ങുകയാണ് മരണമടഞ്ഞ മണ്ണാറമല സ്വദേശി കൃഷ്ണമ്മ മോഹ(57)ന്റെ കുടുംബം. സെപ്റ്റംബര്‍ നാലിന് ഉത്രാടദിനത്തിലാണ് കൃഷ്ണമ്മയ്ക്ക് തെരുവു നായയുടെ കടിയേറ്റത്.

കടിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ വീണു പോയ കൃഷ്ണമ്മയുടെ മുഖത്തും കൈകളിലും ഉള്‍പ്പെടെ ആറിടത്ത് നായ കടിച്ചു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവ് കൃത്യമായി കഴുകുക പോലും ചെയ്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്നു തന്നെ പത്തനംതിട്ടയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.

അവിടെ നടത്തിയ പരിശോധനയില്‍ ദേഹത്തെ ആറ് മുറിവുകളിലും ഇമ്യൂണോഗ്ലോബുലിന്‍ കുത്തിവയ്പ് എടുത്തിട്ടില്ലെന്ന് വ്യക്തമായതായി ബന്ധുക്കള്‍ പറയുന്നു. കോട്ടയത്തെ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ കൃഷ്ണമ്മയ്ക്ക് ഇക്കഴിഞ്ഞ 26-ാം തീയതി കടുത്ത പനിയും ആരോഗ്യപ്രശ്നങ്ങളും നേരിട്ടു. വീണ്ടും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു. ചികിത്സാ പിഴവില്‍ ആരോഗ്യമന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

Tags:    

Similar News