500 മെഗാവാട്ടിന്റെ ദീര്‍ഘകാല കരാറിനുള്ള കെഎസ്ഇബി അപേക്ഷയ്ക്ക് റെഗുലേറ്ററി കമീഷന്‍ അംഗീകാരം; ടെന്‍ഡര്‍ നടപടികള്‍ ഉടന്‍; ടിഒഡി മീറ്ററുള്ള 65 ശതമാനത്തോളം ഉപയോക്താക്കള്‍ക്ക് പുതിയ നിരക്ക് ജനുവരി മുതല്‍; എല്ലാവരും പുതിയ മീറ്ററിലേക്ക് മാറേണ്ടി വരും; കെ എസ് ഇ ബി വീണ്ടും പ്രതീക്ഷകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത 500 മെഗാവാട്ടിന്റെ ദീര്‍ഘകാല കരാറിനുള്ള കെഎസ്ഇബി അപേക്ഷയ്ക്ക് റെഗുലേറ്ററി കമീഷന്‍ അംഗീകാരം നല്‍കിയതില്‍ പ്രതീക്ഷ കണ്ട് കെ എസ് ഇ ബി. 15 വര്‍ഷത്തേക്കുള്ള കരാറിലാണ് ഏര്‍പ്പെടുക. കമീഷന്‍ അനുമതി ലഭിച്ചതോടെ ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഡിബിഎഫ്ഒഒ (ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓണ്‍, ഓപ്പറേറ്റ്) മാതൃകയില്‍ ടെന്‍ഡര്‍ നടപടികളിലേക്ക് ഉടന്‍ കെഎസ്ഇബി കടക്കും. ടെന്‍ഡര്‍ രേഖ തയ്യാറാക്കാനും കരാറുകാരുമായുള്ള ചര്‍ച്ചകള്‍ക്കുമായി പവര്‍ ഫിനാന്‍സ് കോര്‍പറേഷനെ (പിഎഫ്‌സി) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ എത്ര രൂപയ്ക്ക് വൈദ്യുതി കിട്ടുമെന്നത് നിര്‍ണ്ണായകമാണ്. മുമ്പുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദായത് കെ എസ് ഇ ബിയ്ക്ക് വലിയ സാമ്പത്തിക ഭാരമായി. ഇതില്‍ അഴിമതി പോലും ഉന്നയിച്ചു. ഇതിനിടെയാണ് പുതിയ തീരുമാനം.
അതിനിടെ ഉപഭോഗം ആസൂത്രണം ചെയ്യുന്നതിലൂടെ വൈദ്യുതി ഉപയോക്താക്കള്‍ക്ക് ബില്ലില്‍ 20 ശതമാനംവരെ ലാഭിക്കാമന്ന് കെ എസ് ഇ ബി പറയുന്നു. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയത്ത് ഉപയോക്താക്കളില്‍നിന്ന് തുക ഈടാക്കി ഉപയോഗം കുറവുള്ള സമയത്ത് നിരക്കിളവ് നല്‍കുന്ന ടൈം ഓഫ് ദ ഡേ (ടിഒഡി) താരിഫ് നടപ്പാക്കുന്നതിലൂടെയാണിത്. പകല്‍ എട്ട് മണിക്കൂര്‍ നിരക്ക് കുറവായിരിക്കും. വൈദ്യുതി വില കൂടുതലുള്ള തിരക്കേറിയ സമയങ്ങളിലെ (വൈകിട്ട് ആറ് മുതല്‍ 10വരെ) വൈദ്യുതി ഉപയോഗം ഒഴിവാക്കി വൈകിട്ട് ആറിന് മുമ്പോ രാത്രി പത്തിന് ശേഷമോ ഉള്ള ഉപയോഗത്തിലേക്ക് ഉപയോക്താക്കളെ മാറ്റുകയാണ് ടിഒഡി രീതി.
ടിഒഡി മീറ്ററുള്ള 65 ശതമാനത്തോളം ഉപയോക്താക്കള്‍ക്ക് പുതിയ നിരക്ക് ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. ബാക്കിയുള്ളവര്‍ക്ക് മീറ്റര്‍ സ്ഥാപിക്കാന്‍ ഏപ്രില്‍വരെ സമയം നല്‍കിയിട്ടുണ്ട്. മാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന 7.87 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. ഊര്‍ജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുകയും വൈകുന്നേരങ്ങളിലെ കൂടിയ ഉപയോഗം നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. രാത്രിയിലെ വൈദ്യുതി ആവശ്യം 5800 മെഗാവാട്ടില്‍ എത്തി. കഴിഞ്ഞ വര്‍ഷംമാത്രം വൈദ്യുതി ഉപയോഗത്തില്‍ 13 ശതമാനം വര്‍ധനയുണ്ടായി. ടിഒഡി താരിഫ് സമ്പ്രദായം നടപ്പാക്കുന്നതിലൂടെ, വിലകൂടിയ വൈദ്യുതി വാങ്ങുന്നത് കുറയ്ക്കാനുമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നതെന്നും അവര്‍ വിശദീകരിക്കുന്നു.
വൈദ്യുതിയുടെ കാര്യത്തില്‍ നട്ടംതിരിഞ്ഞ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നില്‍ക്കുകായണ്. വൈദ്യുതി ക്ഷാമം രൂക്ഷമായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മുമ്പ് റദ്ദാക്കിയ പഴയ വൈദ്യുതി ടെന്‍ഡറിന്റെ ചര്‍ച്ചയായത്. നടപടി ക്രമങ്ങളുടെ പേരിലാണ് സര്‍ക്കാരും വൈദ്യുതി റെഗുലേറ്ററി ബോര്‍ഡും ചേര്‍ന്ന് ഇത് റദ്ദാക്കിയത്. ആര്യാടന്‍ മുഹമ്മദ് വൈദ്യുത മന്ത്രിയായിരുന്ന സമയത്താണ് യൂണിറ്റിന് 4.29 രൂപ പരമാവധി നല്‍കി 25 വര്‍ഷത്തേക്ക് 500 മെഗാവാട്ടിന്റെ കരാര്‍ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയത്. നടപ്പിലായി എഴ് വര്‍ഷം കഴിഞ്ഞപ്പോഴാണ് നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരില്‍ റദ്ദാക്കപ്പെട്ടത്. ഇനിയും 18 വര്‍ഷങ്ങള്‍ കൂടി ഇതേ നിരക്കില്‍ വൈദ്യുതി ലഭിക്കുമായിരുന്ന സ്ഥാനത്താണ് വൈദ്യുതി ക്ഷാമത്താല്‍ കേരളം വലയുന്നത്.
ദീര്‍ഘകാല കരാര്‍ മൂന്ന് കമ്പനികളുമായിട്ടായിരുന്നു. 115 മെഗാവാട്ട് 4.11 രൂപയ്ക്കും 350 മെഗാവാട്ട് വൈദ്യുതി 4.29 രൂപയ്ക്കുമാണ് നല്‍കാമെന്ന് കരാറുണ്ടായിരുന്നത്. ഈ കരാര്‍ റദ്ദായതിലൂടെ 465 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്തിനുണ്ടായി.