ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയായ 'യശസ്വിനി'യ്ക്ക് പിന്നിലെ ജനകീയ മുഖം; 12 മണിക്കൂറിനുള്ളില്‍ മൂന്ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യയ്ക്ക് അഭിമാനമായി; പിന്നാലെ ബ്രിട്ടണിലെ ശതകോടികളുടെ ആശുപത്രി ഏറ്റെടുക്കലും; ഈ ദക്ഷണികന്നഡക്കാരന്റെ ഖ്യാതി ഇനി ബ്രിട്ടണിലും; ഡോ ദേവി ഷെട്ടിയുടെ നാരായണ ഹെല്‍ത്ത് പുതു ചരിത്രം രചിക്കുമ്പോള്‍
ബംഗ്ലൂരു: ശതകോടീശ്വരനായ കാര്‍ഡിയാക് സര്‍ജന്‍ ദേവി ഷെട്ടി സ്ഥാപിച്ച ഇന്ത്യന്‍ ആശുപത്രി ശൃംഖലയായ നാരായണ ഹെല്‍ത്ത് ബ്രിട്ടനിലും ചുവടുറപ്പിക്കുന്നു. ഏകദേശം 248 മില്യന്‍ ഡോളറിന്റെ ഇടപാടില്‍ പ്രാക്റ്റീസ് പ്ലസ്സ് ഗ്രൂപ്പ് ഹോസ്പിറ്റലുകള്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ശതകോടീശ്വരന്‍. ഇതോടെ ഒരു ഇന്ത്യന്‍ കമ്പനി കൂടി ബ്രിട്ടീഷ് വിപണിയില്‍ സജീവമാകും. നാരായണ ഹൃദയാലയ യു കെ എന്ന സ്ഥാപനം വഴിയാണ് ഗ്രൂപ്പ് 3,146 പൗണ്ട് വിലയുള്ള 60,001 ഓഹരികള്‍ വാങ്ങുന്നത്. പ്രാക്റ്റീസ് പ്ലസ് ഗ്രൂപ്പിന്റെ നൂറ് ശതമാനം ഓഹരികളാണിത്. ഭൂരിഭാഗം രോഗികള്‍ക്കും ആരോഗ്യ സംരക്ഷണം ലഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടെന്ന് നാരായണ ഹെല്‍ത്തിനെപ്പോലെ പ്രാക്റ്റീസ് പ്ലസ് ഗ്രൂപ്പും അംഗീകരിക്കുന്നു എന്നാണ് നാരായണ ഹെല്‍ത്ത് ചെയര്‍മാന്‍ ഷെട്ടി പറഞ്ഞു. വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് ചെലവേറിയ സ്വകാര്യ സേവനം ലഭിക്കുന്നത്. എന്നാല്‍, കൂടുതല്‍ പേര്‍ക്ക് ആരോഗ്യ മേഖലയിലെ സ്വകാര്യ സേവനം ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയിലുള്‍പ്പെട്ട കിന്നിഗോളി ഗ്രാമത്തില്‍ ജനിച്ച ഡോക്ടറാണ് ദേവി ഷെട്ടി. മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും എം.എസും നേടിയ ശേഷം ലണ്ടനിലെ ഗൈസ് ഹോസ്പിറ്റല്‍, ബ്രോംപ്റ്റണ്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പരിശീലനം നേടി. പിന്നീട് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മിന്നസോട്ട മെഡിക്കല്‍ സ്‌കൂളില്‍ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് പ്രഫസര്‍, ബാംഗ്ലൂരിലെ രാജീവ്ഗാന്ധി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ പ്രഫസര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2012ല്‍ ബാംഗ്ലൂര്‍ നഗരപരിധിക്ക് പുറത്തുള്ള ബൊമ്മസാന്ദ്ര എന്ന സ്ഥലത്ത് ഇദ്ദേഹം നാരായണ ഹൃദയാലയ എന്ന മള്‍ട്ടി-സ്‌പെഷാലിറ്റി ആശുപത്രിക്ക് തുടക്കമിട്ടു. കാര്‍ഡിയോളജിക്ക് പുറമേ ന്യൂറോസര്‍ജറി, പീഡിയാട്രിക് സര്‍ജറി, ഹെമെറ്റോളജി, നെഫ്രോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. കിരണ്‍ മജുംദാര്‍ ഷായുടെ ബയോക്കോണുമായി ചേര്‍ന്ന് ആരോഗ്യരക്ഷായോജനക്കു തുടക്കമിട്ടു. ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന 'യശസ്വിനി' നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാരിനു പ്രേരണയായത് ഡോ. ഷെട്ടിയായിരുന്നു. ചെലവ് കുറഞ്ഞ ചികില്‍സ സാധാരണക്കാര്‍ക്കും ഉറപ്പാക്കിയാണ് ഷെട്ടി ജനകീയ ഡോക്ടറായത്.
ബ്രിട്ടണിലെ ഏറ്റെടുക്കല്‍ നാരായണ ഹൃദയാലയത്തിന് പുതിയ കരുത്തായി മാറും. യു കെ യിലെ പൊതു ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് (എന്‍ എച്ച് എസ്) സേവനം പ്രദാനം ചെയ്യുന്നവരില്‍ ഏറ്റവും വലിയ സേവന ദാതാവാണ് പ്രാക്റ്റീസ് പ്ലസ് ഗ്രൂപ്പ്. ഗ്രൂപ്പിന്റെ 299 മില്യന്‍ പൗണ്ട് വരുമാനത്തിന്റെ 93 ശതമാനവും വരുന്നത് എന്‍ എച്ച് എസ് രോഗികളില്‍ നിന്നാണ്. 10 ആശുപത്രികളാണ് ഇവര്‍ക്ക് നിലവിലുള്ളത്. മൊത്തം 330 കിടക്കകളും 2500 ജീവനക്കാരും ഉണ്ട്. 5200 ല്‍ അധികം കിടക്കകളോടെ 18 ആശുപത്രികളാണ് നാരായണ ഹെല്‍ത്തിന് ഇന്ത്യയിലുള്ളത്. 60,001 ഇക്വിറ്റി ഓഹരികളുടെ 100 ശതമാനം ഓഹരികളും സ്വന്തമാക്കിയെന്ന് കമ്പനി അറിയിച്ചു. ഈ തന്ത്രപരമായ ഏറ്റെടുക്കല്‍ നാരായണ ഹെല്‍ത്തിന്റെ ആഗോള വ്യാപ്തി വര്‍ധിപ്പിക്കും. കൂടാതെ, രാജ്യത്തെ മികച്ച മൂന്ന് ആരോഗ്യ സംരക്ഷണ ദാതാക്കളില്‍ ഒന്നായും കമ്പനി മാറുകയും ചെയ്യും.
അസ്ഥി, കണ്ണ്, ജനറല്‍ വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 12 ആശുപത്രികളും ശസ്ത്രക്രിയ കേന്ദ്രങ്ങളും പ്രാക്ടീസ് പ്ലസിന് യുകെയിലുണ്ട്. യുകെയിലെ അഞ്ചാമത്തെ ഏറ്റവും വലിയ ആശുപത്രിയാണ് പ്രാക്ടീസ് പ്ലസ് ഗ്രൂപ്പിന്റേത്. പ്രതിവര്‍ഷം 80,000 ശസ്ത്രക്രിയകള്‍ ഇവിടെ നടക്കുന്നു. നിലവിലെ നീക്കം നാരായണ ഹെല്‍ത്തിന് യുകെയില്‍ വളര്‍ന്നുവരുന്ന ശസ്ത്രക്രിയ മേഖലയിലേക്ക് നേരിട്ട് പ്രവേശനം നല്‍കും. ആരോഗ്യ സംരക്ഷണം എല്ലാവര്‍ക്കും താങ്ങാനാകുന്ന വിധത്തിലായിരിക്കണമെന്ന കാര്യത്തില്‍ ഇരുകമ്പനികളും വിശ്വസിക്കുന്നു. ഡോ.ദേവി ഷെട്ടിയാണ് നാരായണ ഹെല്‍ത്തിന് തുടക്കം കുറിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഇന്ത്യയിലെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കമ്പനികളിലൊന്നാണിത്. ഇന്ത്യയ്ക്ക് പുറമെ കരീബിയയിലും നാരായണ പ്രവര്‍ത്തിക്കുന്നു. ഏകദേശം 3,800 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 18,000 ത്തിലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്. മികച്ച ചികിത്സ, രോഗി പരിചരണം തുടങ്ങിയവയില്‍ സ്ഥാപനം ശ്രദ്ധകേന്ദ്രീകരിക്കുന്നു.
ഇന്ത്യയില്‍ ആദ്യമായി, വെറും 12 മണിക്കൂറിനുള്ളില്‍ മൂന്ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ മികവിനിടെയാണ് നാരായണ ഹെല്‍ത്ത് ബ്രിട്ടണിലേക്കും സജീവമാകുന്നത്. ബംഗ്ലൂരുവിലെ നാരായണ ഹെല്‍ത്ത് സിറ്റിയിലെ കാര്‍ഡിയാക് ടീമിന്റെ മികവ് കൊണ്ട് സെപ്റ്റംബറില്‍ മൂന്ന് ജീവനുകളാണ് രക്ഷപ്പെട്ടത്. 30 വയസ്സ് കഴിഞ്ഞ പുരുഷന്മാരായ ഇവര്‍ ഒരു വര്‍ഷത്തിലേറെയായി അനുയോജ്യരായ ഹൃദയ ദാതാക്കളെ കാത്തിരിക്കുകയായിരുന്നു. ശ്വാസകോശത്തിലെ മര്‍ദ്ദം വര്‍ദ്ധിക്കുന്നത് മൂലം അവയവം മാറ്റിവയ്ക്കല്‍ സങ്കീര്‍ണമായ ഘട്ടത്തിലെത്തിയിരിക്കുകയായിരുന്നു ഇവര്‍. നാരായണ ഹെല്‍ത്തിന്റെ ഹൃദയസ്തംഭന, ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇവര്‍ക്ക് പുതുജീവന്‍ ലഭിച്ചത്. യെലഹങ്കയിലെ സ്പര്‍ഷ് ആശുപത്രി, ഹെബ്ബാളിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രി, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച ഹൃദയങ്ങളാണ് നാരായണ ഹെല്‍ത്തിന് കീഴിലുള്ള ഫ്‌ലാഗ്ഷിപ്പ് നാരായണ ഹെല്‍ത്ത് സിറ്റി ആശുപത്രിയില്‍ വച്ച് 12 മണിക്കൂറിനിടെ മൂന്ന് രോഗികളില്‍ ഘടിപ്പിച്ചത്.
ഹൃദയസ്തംഭന കാര്‍ഡിയോളജിസ്റ്റുകള്‍, ട്രാന്‍സ്പ്ലാന്റ് സര്‍ജന്മാര്‍, അനസ്‌തേഷ്യോളജിസ്റ്റുകള്‍, പെര്‍ഫ്യൂഷനിസ്റ്റുകള്‍, ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍മാര്‍, ക്രിട്ടിക്കല്‍-കെയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരുടെ ഒരു മള്‍ട്ടി ഡിസിപ്ലിനറി ടീം ഒരേസമയം നടത്തിയ ശ്രമം ഫലം കാണുകയായിരുന്നു.
