സകല ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിച്ച് ഓണ്‍ ചെയ്തിരിക്കണം എന്നറിയാമോ? ബാറ്ററി ചത്ത മൊബൈല്‍ ഫോണുമായി എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ പോലും പിടിച്ചെടുത്ത് നശിപ്പിക്കും; പവര്‍ ബാങ്കുകള്‍ക്ക് പിന്നാലെ എല്ലാം ചെക്ക് ഇന്‍ ബാഗേജില്‍ നിന്ന് ഒഴിവാക്കും
ലണ്ടന്‍: ബ്രിട്ടണിലെ ഈ വിമാന നിയമം താമസിയാതെ എല്ലായിടത്തും വരാന്‍ സാധ്യത ഏറെയാണ്. അധികമാര്‍ക്കും അറിയാത്ത, വിമാനത്താവളങ്ങളിലെ ഒരു മൊബൈല്‍ ഫോണ്‍ നിയമത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ബ്രിട്ടീഷ് വിമാനത്തിലാണ് ഇതുള്ളതെങ്കിലും താമസിയാതെ എല്ലായിടത്തും നിയമം വരാന്‍ സാധ്യത കൂടുതലാണ്. നിയമം അനുസരിച്ചില്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തേക്കാം. അതുകൊണ്ടു തന്നെ, വിമാനത്താവളത്തില്‍ ഫോണ്‍ ഓണ്‍ ആയി നിലനിര്‍ത്താന്‍ ആവശ്യമായ ബാറ്ററി ചാര്‍ജ്ജ് ഉണ്ടെന്ന് ഉറപ്പു വരുത്തുക. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റ് തുടങ്ങി ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ എയര്‍ലൈന്‍ കമ്പനികള്‍ ക്യാബിന്‍ ബാഗേജില്‍ അനുവദിക്കുന്നുണ്ട്.
നിങ്ങള്‍ അതിലേതെങ്കിലും ഒന്നോ അല്ലെങ്കില്‍ എല്ലാമോ കൂടെ കൊണ്ടു പോവുകയാണെങ്കില്‍, സെക്യൂരിറ്റി പരിശോധന സമയത്ത് അവ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ചാര്‍ജ്ജ് ഉണ്ടെന്ന് ഉറപ്പു വരുത്തുക. അതില്‍ ഏതിലെങ്കിലും ഉള്ളത് ചാര്‍ജ്ജ് ഇല്ലാത്ത ബാറ്ററിയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം നിങ്ങള്‍ അനുഭവിക്കേണ്ടതായി വരും. വിമാനത്താവളങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിങ്ങളുടെ ഉപകരണങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യപ്പെടാനുള്ള അധികാരമുണ്ട്. അവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ പിടിച്ചെടുക്കുന്നതിനും അവര്‍ക്ക് അധികാരമുണ്ട്. പ്രവര്‍ത്തന രഹിതമായ ഉപകരണങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്ന വസ്തുക്കളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റെയ്ന്‍എയര്‍, ഈസിജെറ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ ഈ നിയമം കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈയ്യിലോ ചെക്ക്ഡ് ബാഗേജിലോ കൊണ്ടു പോകാമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. എന്നാല്‍, അവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം എന്നും പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് കാണിച്ചില്ലെങ്കില്‍, അത് യാത്രയില്‍ കൂടെ കൊണ്ടുപോകാന്‍ ആവില്ലെന്നും അതില്‍ പറയുന്നുണ്ട്.
പവര്‍ബാങ്കിന് പുറകെ ബ്ലൂടൂത്ത് ഇയര്‍ബഡുകളും നിരോധിക്കുന്നു
അഗ്‌നിബാധയ്ക്ക് ഇടയാക്കിയേക്കുമെന്ന ഭയത്താല്‍ ചില എയര്‍ലൈന്‍ കമ്പനികള്‍ വിമാനത്തില്‍ പവര്‍ബാങ്ക് കൊണ്ടു പോകുന്നത് നിരോധിച്ചതിന് പുറമെ ഇപ്പോള്‍ തായ്വാനീസ് എയര്‍ലൈന്‍സ് ആയ ഇ വി എ എയര്‍, യൂണി എയര്‍, ടൈഗര്‍ എയര്‍ എന്നിവ ആപ്പിള്‍ എയര്‍പോഡുകള്‍ ഉള്‍പ്പടെയുള്ള ബ്ലൂടൂത്ത് ഇയര്‍ബഡുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു. പവര്‍ബാങ്കുകളില്‍ ഉള്ളതുപോലെ ഇവയിലും ലിഥിയം ബാറ്ററി ഉള്ളതിനാലാണ് ഈ നിരോധനം. ഇനിമുതല്‍ ഇയര്‍ബഡുകള്‍ ഹാന്‍ഡ് ലഗേജില്‍ മാത്രമെ കൊണ്ടുപോകാന്‍ കഴിയുകയുള്ളു.
കേടായ പവര്‍ബാങ്കുകള്‍ ചില വിമാനങ്ങളില്‍ അഗ്‌നിബാധയ്ക്ക് ഇടയാക്കിയതിന് ശേഷമാണ് ഇത്തരത്തിലുള്ള നിരോധനങ്ങളും നിയന്ത്രണങ്ങളും വരുന്നത്. ഇത്തരം ഉപകരണങ്ങളില്‍ ഉള്ള ലിഥിയം ബാറ്ററികള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആയാല്‍ അമിത താപം ഉല്പ്ധപാദിപ്പിക്കും എന്നതിനാല്‍ പോര്‍ട്ടബിള്‍ ചാര്‍ജ്ജറുകള്‍ യാത്രയില്‍ എങ്ങനെ കൊണ്ടുപോകാം എന്നതിനെ കുറിച്ച് ഒരു പുനപരിശോധനക്ക് വഴിയൊരുക്കിയത് ഈ സംഭവങ്ങള്‍ ആയിരുന്നു.
