കുണ്ടറ സിറാമിക്സില്‍ മദ്യലഹരിയില്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; പരാതി കിട്ടിയിട്ടും പോലീസിന് കൈമാറാതെ എംഡി; ആരോപണ വിധേയന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കമ്പനിക്കുള്ളില്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം

Update: 2025-03-25 08:22 GMT

കൊല്ലം: പൊതുമേഖല സ്ഥാപനമായ കുണ്ടറ സിറാമിക്സില്‍ മദ്യലഹരിയിലായ ജീവനക്കാരന്‍ സഹപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച സംഭവം കമ്പനിക്കുളളില്‍ തന്നെ ഒതുക്കി തീര്‍ക്കാന്‍ മാനേജിങ് ഡയറക്ടര്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപം.

ക്രൂരമര്‍ദനമേറ്റ ജീവനക്കാരന്‍ പരാതി നല്‍കിയിട്ടും അത് പോലീസിന് കൈമാറാതെ പ്രതിയായ ആള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുക മാത്രമാണ് എം.ഡി ചെയ്തിരിക്കുന്നത്. കഴിഞ്ഞ 15,16 തീയതികളിലാണ് സംഭവം. ക്ലീനര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന എസ്. കൃഷ്്്ണദാസ് എന്നയാള്‍ സി. അജീഷ്‌കുമാര്‍ എന്ന ജീവനക്കാരനെയാണ് മര്‍ദിച്ചത്. 15ന് രാത്രി 8.30 ന് പുരുഷന്മാരുടെ വിശ്രമസ്ഥലത്താണ് സംഭവം നടന്നത്. അജീഷ്്കുമാര്‍ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാന്‍ എത്തിയപ്പോള്‍ കൃഷ്ണദാസ് ഇവിടെ ഇരുന്ന് മദ്യപിക്കുകയായിരുന്നു.

മദ്യലഹരിയിലായ കൃഷ്ണദാസ് അജീഷ്‌കുമാറിനെ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. രാത്രി പതിനൊന്നര വരെ ക്രൂരമായ പീഡനം തുടര്‍ന്നു. മുന്‍പും പല തവണ അജീഷ്‌കുമാറിനെ ഈ രീതിയില്‍ മര്‍ദിച്ചുവെന്ന് പറയുന്നു. പിറ്റേന്ന് രാവിലെ ഡ്യൂട്ടി സ്ഥലത്ത് ചെന്നും അജീഷ്‌കുമാറിനെ മര്‍ദിക്കാന്‍ ശ്രമിച്ചു. മറ്റു തൊഴിലാളികളുടെ മുന്നില്‍ വച്ച് അസഭ്യം വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. കമ്പനിക്കുള്ളില്‍ നടന്ന സംഭവം ആയതിനാല്‍ അജീഷ്‌കുമാര്‍ എംഡിക്ക് പരാതി നല്‍കി. പരാതി പോലീസിന് കൈമാറേണ്ടതിന് പകരം എംഡി സ്വന്തം നിലയില്‍ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

പോലീസില്‍ പരാതി നല്‍കിയാല്‍ അത് കമ്പനിയുടെ സല്‍പ്പേരിനെ ബാധിക്കുമെന്ന് കണ്ടാണ് ഒഴിവാക്കിയതെന്ന് പറയുന്നു. മുന്‍മന്ത്രി ആന്റണി രാജുവിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് നിലവില്‍ സിറാമിക്സ് എംഡി.

Tags:    

Similar News