സെഞ്ച്വറി പോയാലെന്താ..ടീം ടോട്ടല്‍ ആയല്ലോ! അവസാന ഓവറില്‍ അയ്യറുടെ സെഞ്ച്വറിക്ക് തടയിട്ട് ശശാങ്കിന്റെ വെടിക്കെട്ട്; 42 പന്തില്‍ 97 റണ്‍സുമായി തകര്‍ത്തടിച്ച് അയ്യരും; ഗുജറാത്തിന് മുന്നില്‍ 244 റണ്‍സ് വിജയലക്ഷ്യം വച്ച് പഞ്ചാബ്

ഗുജറാത്തിന് മുന്നില്‍ 244 റണ്‍സ് വിജയലക്ഷ്യം വച്ച് പഞ്ചാബ്

Update: 2025-03-25 16:38 GMT

അഹമ്മദാബാദ്:ഒരു സെഞ്ച്വറിയല്ലലോ..ടീമിന്റെ ടോട്ടലല്ലെ മുഖ്യം.അര്‍ഹിച്ച സെഞ്ച്വറി കൈയ്യകലത്തില്‍ നഷ്ടമായെങ്കിലും ടീമിന്റെ ഉയര്‍ന്ന ടോട്ടലില്‍ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യറിനും സന്തോഷം.ശ്രേയസ് അയ്യരും ശശാങ്ക് സിങ്ങും വെടിക്കെട്ട് പ്രകടനം തീര്‍ത്ത പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിങ്സ് മുന്നോട്ട് വച്ചത് 244 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു. 42 പന്തുകള്‍ നേരിട്ട പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒന്‍പതു സിക്സുകളും അഞ്ച് ഫോറുകളുമുള്‍പ്പടെ 97 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 16 പന്തുകളില്‍നിന്ന് ശശാങ്ക് സിങ് 44 റണ്‍സെടുത്തു.ഐപിഎലില്‍ പഞ്ചാബിന്റെ രണ്ടാമത്തെ ഉയര്‍ന്ന ടോട്ടലാണിത്.

തകര്‍പ്പന്‍ തുടക്കമായിരുന്നു പഞ്ചാബിന്റേത്.അരങ്ങേറ്റക്കാരന്‍ പ്രിയാംശ് ആര്യ ഓപ്പണറായി ഇറങ്ങി മിന്നുന്ന തുടക്കം നല്‍കിയത് ടീമിന് ബലമുള്ള അടിത്തറ നല്‍കി.23 പന്തില്‍ രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 47 റണ്‍സ് നേടിയ പ്രിയാംശ് റാഷിദ് ഖാന്റെ പന്തില്‍ സായ് സുദര്‍ശന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.അര്‍ഷദ് ഖാന്റെ ഒരോവറില്‍ 20 റണ്‍സ് അടക്കം നേടി പ്രിയാംശ് വലിയ ശ്രദ്ധ പിടിച്ചുപറ്റി.ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങാണ് (5) പഞ്ചാബ് നിരയില്‍ ആദ്യം മടങ്ങിയത്.

പിന്നീട് വണ്‍ ഡൗണായെത്തിയ ശ്രേയസ് അയ്യര്‍ ക്യാപ്റ്റനു ചേര്‍ന്ന പ്രകടനം കാഴ്ചവെച്ചു.കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ വിജയനായകനായ അയ്യര്‍, തനിയാവര്‍ത്തനമെന്നപോലെ പഞ്ചാബ് കിങ്‌സിലും പ്രകടനം തുടര്‍ന്നപ്പോള്‍ ടീമിന് വലിയ ടോട്ടല്‍ ലഭിച്ചു. പത്തോവറില്‍ 104 റണ്‍സെന്ന നിലയില്‍ കെട്ടിപ്പടുക്കാന്‍ പഞ്ചാബിനായി.14-ാം ഓവറില്‍ റാഷിദ് ഖാനെ സിക്‌സിനു പറത്തി സ്റ്റൈലിഷായാണ് അയ്യര്‍ ഫിഫ്റ്റി തികച്ചത്.അര്‍ധ സെഞ്ചുറിക്കായി 27 പന്തുകളെടുത്തു.തുടര്‍ന്ന് നേടിയ 47 റണ്‍സിന് വേണ്ടിവന്നത് വെറും 15 പന്തുകള്‍.

അസ്മത്തുള്ള ഒമര്‍സായ് (16), ഗ്ലെന്‍ മാക്‌സ്വെല്‍ (0), മാര്‍കസ് സ്റ്റോയ്‌നിസ് (20) എന്നിങ്ങനെയാണ് മറ്റു സ്‌കോര്‍ നിലകള്‍. ഗുജറാത്തിനായി സായ് കിഷോര്‍ നാലോവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. കഗിസോ റബാദ, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.

ഏഴാമതായി ക്രീസിലെത്തിയ ശശാങ്ക് സിങ് കത്തിക്കളിച്ചതോടെ പഞ്ചാബ് സ്‌കോറിന് പിന്നെയും വേഗം കൂടി. 16 പന്തില്‍ പുറത്താവാതെ 44 റണ്‍സാണ് ശശാങ്ക് നേടിയത്. രണ്ട് സിക്‌സും ആറ് ഫോറും ഇതില്‍ ഉള്‍പ്പെടുന്നു. അവസാന 48 പന്തുകളില്‍ 135 റണ്‍സാണ് പഞ്ചാബിന്റെ സമ്പാദ്യം. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 28 പന്തില്‍ 81 റണ്‍സ് അടിച്ചെടുത്തു. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 17-ാം ഓവറില്‍ 24 റണ്‍സും റാഷിദ് ഖാനെറിഞ്ഞ 18-ാം ഓവറില്‍ 20 റണ്‍സും സിറാജെറിഞ്ഞ അവസാന ഓവറില്‍ 23 റണ്‍സും അയ്യരും ശശാങ്കും ചേര്‍ന്ന് അടിച്ചെടുത്തു.

Tags:    

Similar News