'സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ല' എന്ന് മുദ്രാവാക്യം ഉയര്‍ത്തി ബഹളം; ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; അതിക്രമം കാട്ടിയ അഭിഭാഷകനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്; ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ബിആര്‍ ഗവായ്
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ അഭിഭാഷകന്റെ അതിക്രമ ശ്രമം
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ അഭിഭാഷകന്റെ അതിക്രമ ശ്രമം. കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. 'സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമിച്ചത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി ഇടപെട്ട് ഇത് തടയുകയായിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ബിആര്‍ ഗവായ് പറഞ്ഞു.
സുപ്രീം കോടതിയുടെ ഒന്നാം നമ്പര്‍ മുറിയില്‍ വാദം നടന്നുകൊണ്ടിരിക്കെ, ഇന്ന് രാവിലെയാണ് സംഭവം. അവധിക്കാലത്തിനു ശേഷം കോടതി നടപടികള്‍ പുനരാരംഭിച്ച ആദ്യ ദിവസമായിരുന്നു ഇത്. അതിക്രമ ശ്രമം നടത്തിയ അഭിഭാഷകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി.
ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശമാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിലെ കേടുപാടുകള്‍ സംഭവിച്ച വിഷ്ണു വിഗ്രഹം പുനര്‍നിര്‍മ്മിക്കാനും പുനഃസ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കണമെന്ന ഹരജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് 'ഇത് പബ്ലിസിറ്റിക്കുവേണ്ടിയുള്ള കേസ് മാത്രമാണ്. പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ പറയൂ. ഭഗവാന്‍ വിഷ്ണുവിന്റെ ഉറച്ച ഭക്തനാണെങ്കില്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ' എന്ന് അഭിപ്രായപ്പെട്ടത്. ഈ പരാമര്‍ശത്തിനെതിരെ ചില ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.