വാക്കേറ്റവും ഏറ്റുമുട്ടലും ചാണക വെളള പ്രയോഗവും അടക്കം നാടകീയ രംഗങ്ങള്‍; സംഘര്‍ഷത്തെ തുടര്‍ന്ന് മുള്‍മുനയില്‍ നിന്ന് ചുങ്കത്തറ പഞ്ചായത്ത്; യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത് വൈസ്പ്രസിഡന്റ്;. എല്‍ ഡി എഫിന് ഭരണം നഷ്ടമായി; കൂറുമാറ്റത്തിന് പിന്നില്‍ പി വി അന്‍വറെന്ന് സിപിഎം

മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി

Update: 2025-02-25 15:29 GMT

മലപ്പുറം: ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ സംഘര്‍ഷത്തെ തുടര്‍ന്ന നാടകീയ രംഗങ്ങള്‍. ചാണക വെള്ള പ്രയോഗവും ഉള്‍പ്പെടെ സംഭവിച്ചു. ഇടത് ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതു സംഘര്‍ഷങ്ങള്‍ക്കിടെയാണ്.

എല്‍.ഡി.എഫിന് ഭരണം നഷ്ടമായതോടെ പ്രവര്‍ത്തകര്‍ തമ്മിലെ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഒമ്പതിനെതിരെ പതിനൊന്ന് വേട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. റീനയുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണസമിതി പുറത്തായി.

ഇരുമുന്നണികളും തുല്യശക്തിയായിരുന്ന ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പായി ചുങ്കത്തറയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. പോലീസ് ലാത്തിവീശിയാണ് സംഘര്‍ഷത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെ ഓടിച്ചത്.

രാവിലെ ആറു മണിയോടെ തന്നെ യുഡിഎഫിലെ പത്ത് അംഗങ്ങളും പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നു. തൊട്ടുപിന്നാലെ വൈസ് പ്രസിഡന്റ് നുസൈബയും എത്തി. പത്തുമണിയോടെയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. വരണാധികാരി നിലമ്പൂര്‍ ബിഡിഒ എ.ജെ. സന്തോഷ് 10.45ന് പഞ്ചായത്ത് ഓഫീസിലെത്തി. 11 മണിക്ക് ആരംഭിച്ച പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും കഴിഞ്ഞപ്പോള്‍ സമയം ഉച്ചക്ക് രണ്ട് മണിയായി.

പത്ത് യുഡിഎഫ് അംഗങ്ങളും നുസൈബ സുധീറും അവിശ്വാസ പ്രമേയം കഴിഞ്ഞ് ഒരുമിച്ചാണ് പഞ്ചായത്ത് ഓഫീസിന് പുറത്തിറങ്ങിയത്. തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ ഇവരെ ഹാരമണിയിച്ച് സ്വീകരിച്ചു. ടൗണില്‍ പ്രകടനവും നടത്തി. പി.വി. അന്‍വര്‍, കോണ്‍ഗ്രസ് നേതാക്കളായ വി.എസ്. ജോയ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ ഇടപെട്ടാണ് വൈസ് പ്രസിഡന്റായ നുസൈബ സുധീറിനെ കൂറുമാറ്റിയതെന്നാണ് സിപിഎം ആരോപിക്കുന്നത്.

ചര്‍ച്ച നടക്കുന്നതിനിടെ യുഡിഎഫ് അംഗങ്ങള്‍ക്ക് നേരെ ചാണക വെള്ളം പ്രയോഗം ഉള്‍പ്പെടെ ഉണ്ടായി. പി.വി. അന്‍വറിനും വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവ് സുധീറിനും നേരെ ആക്രമണ ശ്രമമുണ്ടായെന്നും പറയുന്നു. പുറത്ത് ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലമ്പൂര്‍, കൊണ്ടോട്ടി ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ സമീപ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ വന്‍ പോലീസ് സന്നാഹമാണ് രാവിലെ മുതല്‍ ചുങ്കത്തറ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നത്.

രാവിലെ ആറോടെ യുഡിഎഫിലെ പത്ത് അംഗങ്ങളും തൊട്ടുപിന്നാലെ വൈസ്പ്രസിഡന്റ് നുസൈബ സുധീറും പഞ്ചായത്ത് ഓഫീസില്‍ പ്രവേശിച്ചിരുന്നു. പത്തുമണിക്ക് ശേഷമാണ് എല്‍ഡിഎഫിലെ ഒമ്പത് അംഗങ്ങള്‍ എത്തിയത്. പത്തേമുക്കാലേടെയാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തത്. ഇതിനിടെയാണ് യുഡിഎഫ് അംഗങ്ങള്‍ക്ക് നേരെ ചാണകവെള്ള പ്രയോഗം നടന്നത്.

ചര്‍ച്ചക്കിടെ യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നേരത്തെ തന്നെ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഓഫീസിന് മുന്നില്‍ റോഡില്‍ നിലയുറപ്പിച്ചിരുന്നു. ഇതിനിടെ എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഇതുവഴി കൂട്ടമായി നടന്നുപോയി. കൂട്ടത്തിലൊരാള്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലെ ചായക്കടയില്‍ ഇരിക്കുകയായിരുന്ന മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെയും സുധീറിന്റെയും അടുത്തേക്ക് പാഞ്ഞടുക്കുന്നത് കണ്ട പോലീസ് ഇവരെ ചായക്കടക്കുള്ളിലാക്കി ഷട്ടര്‍ താഴ്ത്തുകയായിരുന്നു. ഇതോടെ പോലീസും എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മിലും വാക്കേറ്റവുംഉന്തും തള്ളുമുണ്ടായി. ഒടുവില്‍ പോലീസ് ലാത്തി വീശിയാണ് പ്രവര്‍ത്തകരെ ഓടിച്ചത്.

തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ അന്‍വറിന്റെ സംരക്ഷണത്തിനായി എത്തുകയും ഷട്ടര്‍ തുറന്ന് പുറത്തിറക്കുകയും ചെയ്യുകയായിരുന്നു. പി.വി.അന്‍വറിനെ പിന്തുണക്കുന്നവര്‍ എത്തിയതെന്ന് പറയുന്ന ബസിനുനേരെയും ആക്രമണമുണ്ടായി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ ഉച്ചക്ക് രണ്ട് മണിയോടെയാണ് അംഗങ്ങള്‍ ഹാളിന് പുറത്തിറങ്ങിയത്. സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ പോലീസ് നിര്‍ദേശിച്ച പ്രകാരം പ്രകടനം കുറഞ്ഞ ദൂരത്തില്‍ മാത്രമാക്കി പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകുകയായിരുന്നു.


Tags:    

Similar News