തെളിഞ്ഞ ആകാശത്ത് നിന്ന് നിലംപതിച്ചത് അത്യുഗ്രന്‍ റോക്കറ്റ്; നെഞ്ച് വിരിച്ചു നിന്ന ബഹുലനില കെട്ടിടം തവിടുപൊടി; ബെയ്‌റൂട്ടിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്: ചര്‍ച്ചകള്‍ നിന്നിട്ടും യുദ്ധം തുടര്‍ന്ന് ഇസ്രായേല്‍ സേന
തെളിഞ്ഞ ആകാശത്ത് നിന്ന് നിലംപതിച്ചത് അത്യുഗ്രന്‍ റോക്കറ്റ്
ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇസ്രയേല്‍ നടത്തിയ റോക്കറ്റ ആക്രമണത്തില്‍ ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു കൂറ്റന്‍ അപ്പാര്‍ട്ട്മെന്റ് പൂര്‍ണമായി തകര്‍ന്ന് നിലം പതിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. തെളിഞ്ഞ ആകാശത്തിലൂടെ കെട്ടിടം ലക്ഷ്യമാക്കി ഇസ്രയേല്‍ റോക്കറ്റ് എത്തുന്നതും തുടര്‍ന്ന് 10 നിലകളുള്ള കൂറ്റന്‍ കെട്ടിടം തവിടുപൊടിയാകുന്നതും ഞെട്ടിക്കുന്ന കാഴ്ചയാണ്.
കിലോമീറ്ററുകളോളം പ്രകമ്പനം കൊള്ളിച്ചു കൊണ്ടാണ് കെട്ടിടം തകരുന്നത്. കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന ആളുകള്‍
സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുന്നതും കാണാം. ഒരു കെട്ടിടം വന്‍ സ്ഫോടനത്തിലൂടെ പൊളിച്ചു മാറ്റുന്നത് പോലെയാണ് ഈ ബഹുനില മന്ദിരം തകര്‍ന്ന് വീണതെന്നാണ് ദൃശ്യങ്ങള്‍ കാണുമ്പോള്‍ നമുക്ക് മനസിലാകുന്നത്. ആക്രമണം നടക്കുന്നതിന് തൊട്ടു മുമ്പുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അപ്പാര്‍ട്ട്മെന്റിന്റെ പല നിലകളിലും അവിടെ താമസിക്കുന്നവര്‍ തുണി കഴുകി ഉണങ്ങാനിട്ടിരിക്കുന്നത് കാണാം.
നിരവധി പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും തെരച്ചില്‍ നടപടികള്‍ തുടരുകയാണ്. തകര്‍ന്ന കെട്ടിടത്തിന് തൊട്ടടുത്തുളള മറ്റൊരു കെട്ടിടത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നെഞ്ച് വിരിച്ച് തല ഉയര്‍ത്തി നിന്നിരുന്ന ഈ ബഹുനില മന്ദിരം നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ അമ്പരപ്പോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.
ഹിസ്ബുള്ളയെ തീര്‍ക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ കരസേനയും വ്യോമസേനയും ഇപ്പോള്‍ എത്ര ശക്തമായ തോതിലാണ് ആക്രമണം നടത്തുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ കെട്ടിടം തകര്‍ക്കുന്ന ദൃശ്യങ്ങള്‍. എന്നാല്‍ ഇസ്രയേല്‍ വിശദീകരിക്കുന്നത് ഈ കെട്ടിടം കേന്ദ്രീകരിച്ചാണ് ഹിസ്ബുളള തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ്. ആക്രമണം നടക്കുന്നതിന് 40 മിനിട്ട് മുമ്പാണ് ഇവിടെ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടത്.
ജനത്തിരക്കേറിയ മേഖലയിലാണ് തകര്‍ക്കപ്പെട്ട കെട്ടിടം സ്ഥിതി ചെയ്യുന്നത്. നേരത്തേ ഇവിടെ താമസിച്ചിരുന്നവര്‍ പലരും ഇപ്പോള്‍ സമീപത്തുള്ള ഒരു പാര്‍ക്കിലാണ് അഭയം തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബെയ്റൂട്ടിലെ ഒരാശുപത്രിക്ക് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആശുപത്രിയും ഹിസ്ബുള്ളയുടെ താവളമായിരുന്നു എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.
അതേസമയം ഹിസ്ബുല്ല നേതാവ് ഹാഷിം സഫീദ്ദീനെ വധിച്ചുവെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ അടുത്ത മേധാവിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഹാഷിം സഫീദ്ദീന്‍. ഒക്ടോബര്‍ ആദ്യം സഫീദ്ദീനെ വധിച്ചുവെന്നാണ് ഇസ്രായേല്‍ അറിയിച്ചിരിക്കുന്നത്. ബെയ്‌റൂത്തില്‍ നടത്തിയ ആക്രമണത്തിലാണ് സഫീദ്ദീന്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.
ഹാഷിം സഫീദിനൊപ്പം ഹിസ്ബുല്ലയുടെ ഇന്റലിജന്‍സ് ബ്രാഞ്ചിന്റെ തലവന്‍ അലി ഹുസൈന്‍ ഹാസിമിയേയും കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. മൂന്നാഴ്ച മുമ്പ് നടത്തിയ ആക്രമണത്തിലാണ് ഇരുവരേയും വധിച്ചതെന്നും ഇസ്രായേല്‍ അറിയിച്ചു. ഹിസ്ബുല്ലയുടെ മുന്‍ സെക്രട്ടറി ജനറല്‍ ഹസന്‍ നസറല്ലയെ വധിച്ചതിന് ശേഷം ഇതാദ്യമായാണ് സംഘടനയുടെ മുതിര്‍ന്ന നേതാക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തുന്നത്.
ഹിസ്ബുല്ലയുടെ രാഷ്ട്രീയകാര്യസമിതിയുടെ തലവനാണ് സഫീദ്ദീന്‍. ഹിസ്ബുല്ലയുടെ മുന്‍ സെക്രട്ടറി ജനറലിന്റെ ബന്ധു കൂടിയാണ് അദ്ദേഹം. അതേസമയം, ഇസ്രായേല്‍ അവകാശവാദത്തോട് ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സഫീദ്ദീന്‍ കൂടി കൊല്ലപ്പെട്ടതോടെ പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ഹിസ്ബുല്ലയുടെ ഇനിയുള്ള മുതിര്‍ന്ന നേതാവ് നയീം ക്വാസേമാണ്. നിലവില്‍ സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് ക്വാസേം. നസ്‌റുല്ലയുടെ മരണത്തിന് ശേഷം ക്വാസേമാണ് ഹിസ്ബുല്ലയുടെ മുഖമായി ലബനാനില്‍ നിറഞ്ഞു നില്‍ക്കുന്നത്.