ഹിസ്ബുല്ലയ്ക്ക് വിതരണം ചെയ്ത പേജറുകള്‍ നിര്‍മ്മിച്ചത് ബി എ സി കണ്‍സള്‍ട്ടിങ് എന്ന ഹംഗേറിയന്‍ കമ്പനി? കമ്പനിയുടെ വനിതാ സിഇഒ ക്രിസ്ത്യാന സംശയനിഴലില്‍; താന്‍ പേജര്‍ കരാറിന്റെ ഇടനിലക്കാരി മാത്രമെന്ന് യുവതി
ബെയ്‌റൂട്ട്: 12 പേര്‍ മരിക്കാനും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ലെബനനിലെ പേജര്‍ ആക്രമണങ്ങളുടെ പേരില്‍ ഹംഗറി കേന്ദ്രമായ കമ്പനി ബി എ സി കണ്‍സള്‍ട്ടിങ്ങിന്റെ സിഇഒയായ വനിത സംശയ നിഴലില്‍. ഹിസ്ബുല്ലയ്ക്ക് പേജറുകള്‍ വിതരണം ചെയ്തത് ഈ കമ്പനിയായത് കൊണ്ടാണ് ക്രിസ്ത്യാന ബര്‍സണി ആര്‍സിഡിയകോണോയ്ക്ക് എതിരെ ആരോപണം ഉയര്‍ന്നത്.
ലണ്ടനില്‍ പഠിക്കുകയും, ദുരന്ത നിവാരണം തന്റെ വൈദഗ്ധ്യമായി എണ്ണിപ്പറയുകയും ചെയ്യുന്ന ക്രിസ്ത്യാന ആരോപണങ്ങള്‍ പാടേ നിഷേധിച്ചു. ' ഞാന്‍ പേജറുകള്‍ നിര്‍മ്മിക്കുന്നില്ല. ഞാന്‍ ഇടനിലക്കാരി മാത്രമാണ്. നിങ്ങള്‍ തെറ്റിദ്ധരിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്', ഒരു യുഎസ് ടെലിവിഷന്‍ സ്‌റ്റേഷനോട് അവര്‍ പ്രതികരിച്ചു.
നാല്‍പതുകാരിയായ ക്രിസ്ത്യാന ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വൃക്തിയാണ്. യുകെ സര്‍വകലാശാലകളില്‍ പഠിച്ച 13 വര്‍ഷം വടക്കന്‍ ലണ്ടനിലെ ഗോസ്പല്‍ ഓക്കിലാണ് അവര്‍ ജീവിച്ചത്.
ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബിസിനസ് ഡവല്പമെന്റ്, കാലാവസ്ഥ, തുടങ്ങിയ വിഷയങ്ങളിലും വിദഗ്ധയാണ്. റഷ്യനും ഇറ്റാലിയനും അടക്കം ഏഴു ഭാഷകള്‍ സംസാരിക്കും. 2015-17 കാലഘട്ടത്തില്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ പൊളിറ്റിക്‌സില്‍ ഡിപ്ലോമ കോഴ്‌സ് പഠിച്ചിരുന്നു. അതിന് മുമ്പ് നാല് വര്‍ഷം സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ ആയിരുന്നു പഠനഗവേഷണം. 2002-06ല്‍ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ ഫിസിക്‌സില്‍ പിഎച്ച്ഡി ഗവേഷണം നടത്തുകയായിരുന്നു. ക്വാണ്ടം മെക്കാനിക്‌സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നിവയില്‍ തനിക്ക് വൈദഗ്ധ്യം ഉള്ളതായി റിസര്‍ച്ച് ഗേറ്റ് എന്ന ശാസ്ത്രജ്ഞരുടെ വെബ്‌സൈറ്റില്‍ കാണാം. ബി എ സി കണ്‍സള്‍ട്ടിങ്ങില്‍ എത്തും മുമ്പ് യുനെസ്‌കോയ്ക്ക് വേണ്ടി പാരീസില്‍ ഹൈഡ്രോളജി പദ്ധതിയില്‍ പ്രോജക്റ്റ് മാനേജരായി ജോലി ചെയ്തുവെന്നും സിവിയില്‍ കാണാം.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹിസ്ബുല്ലയ്ക്ക് പേജറുകള്‍ വിതരണം ചെയ്തത് തായ്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോ ആണ്. എന്നാല്‍, പേജറുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്തത് ബി എ സി കണ്‍സണ്‍ട്ടിങ് ആണെന്നും തങ്ങള്‍ ബ്രാന്‍ഡിങ് മാത്രമാണ് നടത്തിയതെന്നും ഗോള്‍ഡ് അപ്പോളോ അധികൃതര്‍ രാവിലെ വ്യക്തമാക്കി. യൂറോപ്പിലെ ലൈസന്‍സിങ് കരാര്‍ ഒരു തായ്വാന്‍ വനിതയുമായാണെന്നും അവര്‍ ബി എ സിയുടെ പ്രാദേശിക പ്രതിനിധിയാണെന്നാണ് വിശ്വസിക്കുന്നതെന്നും ഗോള്‍ഡ് അപ്പോളോ എക്‌സിക്യൂട്ടീവുകള്‍ അറിയിച്ചു.ഈ വനിത തെരേസ എന്നാണ് സ്വയം അവകാശപ്പെട്ടിരുന്നത്. തുടക്കം മുതല്‍ അവസാനം വരെ അവര്‍ ലെബനന്‍ എന്നുപരാമര്‍ശിച്ചിരുന്നില്ല.
അതേസമയം, ലബനനില്‍ ഇന്നലെ പേജറുകള്‍ പൊട്ടിത്തെറിച്ച് നിരവധി കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് തന്നെയാണെന്ന് വ്യക്തമായി. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പല സുരക്ഷാ ഏജന്‍സികളും ഇത് മൊസാദിനെ കൊണ്ട് മാത്രം ചെയ്യാന്‍ കഴിയുന്ന ദൗത്യമെന്നാണ് കണക്കാക്കുന്നത്.
യൂറോപ്പില്‍ നിര്‍മ്മിച്ച അയ്യായിരത്തോളം പേജറുകള്‍ ലബനനില്‍ ഹിസ്ബുല്ലയുടെ കൈകളില്‍ എത്തുന്നതിന് മുമ്പ് തന്നെ അവയില്‍ മൊസാദ് സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്. നേരത്തേ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന
സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരം പേജറുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത് ഹിസ്ബുല്ല തലവനായ ഹസന്‍ നസറുള്ളയാണ്. സ്മാര്‍ട്ട്ഫോണുകള്‍ വഴിയുള്ള സന്ദേശങ്ങളും മറ്റും ഇസ്രയേല്‍ പിടിച്ചെടുക്കുമെന്ന് ഭയന്നിട്ടാണ് നസറുള്ള ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയത്.
തുടര്‍ന്ന് അയ്യായിരത്തോളം പേജറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നു. ഈ വിവരം മണത്തറിഞ്ഞ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇടപെടലില്‍ ഈ പേജറുകളില്‍ അതീവ സ്ഫോടനശേഷിയുള്ള 3 ഗ്രാം രാസവസ്തുക്കള്‍ നിറയ്ക്കുന്നു. ഒരു കോഡ് അടക്കം ചെയ്തിട്ടുള്ള പെട്ടിയും ഇതില്‍ അവര്‍ ഒളിച്ചു വെച്ചിരുന്നു. ഒരു തരത്തിലുമുള്ള പരിശോധനകളില്‍ ഇവ കണ്ടെത്താനും കഴിയില്ലായിരുന്നു. മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ എല്ലാ പേജറുകളിലെയും സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.