മുറത്തില്‍ കയറി കൊത്തുമോ ഹിസ്ബുള്ള..? മൊസാദിന്റെ ആസ്ഥാന മന്ദിരം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണവുമായി ഹിസ്ബുള്ള; മിസൈലുകള്‍ നിര്‍വീര്യമാക്കി പ്രതിരോധ സംവിധാനമായ അയണ്‍ഡോം
മൊസാദിന്റെ ആസ്ഥാന മന്ദിരം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണവുമായി ഹിസ്ബുള്ള
ടെല്‍ അവീവ്: ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാന മന്ദിരം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണവുമായി ഹിസ്ബുള്ള തീവ്രവാദികള്‍. ടെല്‍ അവീവിന് സമീപമുള്ള ഹെര്‍സ്ലിയയിലാണ് മൊസാദിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനമായ അയണ്‍ഡോമുകള്‍ ഈ ശ്രമം പരാജയപ്പെടുത്തി.
ലബനനില്‍ കഴിഞ്ഞ ദിവസം പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിരവധി ഹിസ്ബുള്ള പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെയും ഹിസ്ബുളള കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസിയെ ഇസ്രയേല്‍ സൈന്യം വധിച്ചതിന്റെയും പ്രതികാരമായിട്ടാണ് അവര്‍ മൊസാദിന്റെ പ്രധാന ഓഫീസ് ആക്രമിക്കാന്‍ പദ്ധതിയിട്ടത്. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്.
ഹിസ്ബുള്ളയുടെ ഈ ആക്രമണം തടഞ്ഞതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തതായും സൈന്യം വ്യക്തമാക്കി. ടെല്‍ അവീവിലും മധ്യ ഇസ്രയേലിലും ഇന്ന് രാവിലെ അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു. ഇത് ആദ്യമായാണ് ടെല്‍ അവീവ് ലക്ഷ്യമിട്ട് ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഹിസ്ബുള്ളയ്ക്കെതിരായ വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്.
ഇസ്രയേലിലെ ദേശീയപാതകളെ ലക്ഷ്യമാക്കിയും ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണം ഉണ്ടായിരുന്നു. ഹിസ്ബുള്ള തീവ്രവാദികള്‍ ലബനനില്‍ നിന്നും അയയ്ക്കുന്ന മിസൈലുകളും റോക്കറ്റുകളും തടയാന്‍ ഇസ്രയേലിന്റെ അയണ്‍ഡോം സംവിധാനം ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും പലപ്പോഴും അയണ്‍ഡോം സംവിധാനത്തിനും തടയാന്‍ കഴിയാത്ത രീതിയില്‍ മിസൈലുകള്‍ വന്ന് പതിക്കാറുണ്ട്. സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ വാഹനങ്ങള്‍ കടന്ന് പോകുന്ന പാതയില്‍ മിസൈലുകള്‍ പൊട്ടിച്ചിതറുന്നതും ഈ കാഴ്ച കണ്ട ഡ്രൈവര്‍മാര്‍ മറ്റ് വഴികളിലൂടെ പോകുന്നതും കാണാം.
വലിയൊരു ശബ്ദത്തോടെ മിസൈലുകള്‍ പതിക്കുന്നതിന്റെയും വലിയതോതില്‍ പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതിലുണ്ട്. ദൃശ്യം ചിത്രീകരിച്ച കാറിന് മുന്നില്‍ പോകുകയായിരുന്ന വാഹനത്തില്‍ നിന്ന് ഡ്രൈവര്‍ പെട്ടെന്ന് പേേുറത്തക്ക് ചാടുന്നതും റോഡില്‍ കമഴ്ന്ന് കിടക്കുന്നതും കാണാം. ഇന്നലെ ഹിസ്ബുള്ള തീവ്രവാദികള്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന വീടുകളുടെ ഉടമകളോട് എത്രയും വേഗം വീട് വിട്ട് പോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.
വീടുകളില്‍ നിന്ന് കൈയ്യില്‍ കിട്ടിയ വീട്ടുപകരണങ്ങളുമായി രക്ഷപ്പെട്ടവര്‍ സമീപത്തുള്ള സ്‌ക്കൂളുകളിലും മറ്റുമാണ് അഭയം തേടിയിരിക്കുന്നത്. അതേ സമയം ഇന്നലെ മാത്രം വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള തീവ്രവാദികള്‍ അയച്ച 55 ഓളം റോക്കറ്റുകള്‍ പതിച്ചതായി സൈന്യം വെളിപ്പെടുത്തി. ഇവയെല്ലാം ലബനനില്‍ നിന്ന് അയച്ചതാണെന്നാണ് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നത്. അതിര്‍ത്തി മേഖലയില്‍ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരേ ഇസ്രയേല്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. ഇസ്രയേലിലേക്ക് ഹിസ്ബുള്ള റോക്കറ്റ് അയയ്ക്കുന്ന കേന്ദ്രവും ഇസ്രയേല്‍ ആക്രമിച്ച് തകര്‍ത്തിരുന്നു.
നേരത്തെ ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസിയും മറ്റ് ആറുപേരും ഇന്നലത്തെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ള റോക്കറ്റ് വിഭാഗത്തിന്റെ കമാന്‍ഡറാണ് ഖുബൈസി. ഇതിന് തിരിച്ചടിയായി വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള 300-ഓളം റോക്കറ്റുകളയച്ചു. ഒരുവര്‍ഷത്തോടടുക്കുന്ന ഗാസായുദ്ധത്തിനിടയിലാണ് ലബനനിലും ഇസ്രയേല്‍ പുതിയ പോര്‍മുഖം തുറന്നത്. ഇസ്രയേലിന്റെ 60 കിലോമീറ്റര്‍ ഉള്ളിലുള്ള സ്‌ഫോടകവസ്തുശാലയെ ലക്ഷ്യമിട്ട് തിങ്കളാഴ്ച രാത്രി റോക്കറ്റുകളയച്ചെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു.
ഇസ്രയേലിന്റെ ആക്രമണത്തില്‍ പരിക്കേറ്റവരെ കൊണ്ട് ലബനനിലെ പല ആശുപത്രികളും നിറഞ്ഞു കവിഞ്ഞതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ഇസ്രയേലിലെ ഹൈഫയിലുള്ള പ്രധാന ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി. ഹൈഫയില്‍ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയതിനാലാണിത്. ഗാസയില്‍ ഹമാസിനു പിന്തുണപ്രഖ്യാപിച്ച് ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് ഒരുവര്‍ഷമായി റോക്കറ്റയക്കുകയാണ് ഹിസ്ബുള്ള. ഇസ്രയേല്‍ പ്രത്യാക്രമണവും നടത്തിയിരുന്നു. കഴിഞ്ഞദിവസം ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് പേജര്‍-വാക്കിടോക്കി ആക്രമണമുണ്ടായതോടെയാണ് സംഘര്‍ഷം വീണ്ടും കനത്തത്.
അതേസമയം ചൊവ്വാഴ്ച ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ വിഭാഗം തലവന്‍ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഖുബൈസിയാണെന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് പറഞ്ഞു.