40 മണിക്കൂറോളം കൈയ്യിലും കാലിലും വിലങ്ങുവെച്ചു; സീറ്റില്‍ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാന്‍ അനുവദിച്ചില്ല; വാഷ്‌റൂമില്‍ പോകാന്‍ പോലും ബുദ്ധിമുട്ടി; വളരെ ബുദ്ധിമുട്ടേറിയ യാത്ര; ഭക്ഷണം പോലും കഴിക്കാന്‍ കഴിഞ്ഞില്ല; ഇന്ത്യയിലേക്കുള്ള യാത്രക്കിടെയുണ്ടായ മാനസിക പീഡനം പറഞ്ഞ് തിരികെ എത്തിയവര്‍; സംഭവത്തില്‍ പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

Update: 2025-02-06 04:55 GMT

അമൃത്സര്‍: അപ്രതീക്ഷിതമായ കഠിനാനുഭവങ്ങളും അസഹനീയമായ സാഹചര്യങ്ങളും നേരിട്ടുകൊണ്ടാണ് യുഎസില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാര്‍ സ്വന്തം നാട്ടിലേക്ക് തിരികെ എത്തിയത്. സൈനികവിമാനത്തില്‍ കൈകാലുകളില്‍ വിലങ്ങുവെച്ച നിലയിലായിരുന്ന തങ്ങളുടെ ദുരവസ്ഥയെ കുറിച്ചും യാത്രക്കിടെയുണ്ടായ മാനസിക പീഡനത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയിലേക്ക് തിരികെ എത്തിയ യാത്രക്കാര്‍. ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും പരിമിതമായിരുന്ന യാത്രയില്‍ വാഷ്‌റൂമില്‍ പോകാന്‍ പോലും ബുദ്ധിമുട്ട് നേരിട്ടിരുന്നതായി അവര്‍ വെളിപ്പെടുത്തി.

ഇക്കാര്യം സമൂഹമാധ്യമങ്ങളിലേക്കും വാര്‍ത്തമാധ്യമങ്ങളിലേക്കും വ്യാപകമായി പ്രചരിക്കുമ്പോള്‍, ഈ സംഭവത്തെക്കുറിച്ചുള്ള അധിക വിവരങ്ങള്‍ വെളിച്ചത്ത് വരുന്നതിനൊപ്പം, ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്നതിനെ കുറിച്ചും ജനങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. സര്‍ക്കാരിന്റെ നിലപാട് എന്താണെന്നതും, ഈ അനുഭവം ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നതും പൊതുമേഖലയില്‍ ചര്‍ച്ചയാകുന്നു. അതേസമയം, യു.എസില്‍നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

കാലുകളും കൈകളും ബന്ധിച്ചായിരുന്നു അമൃത്സര്‍ വരെ എത്തിച്ചത്. വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് വിലങ്ങുകള്‍ അയച്ചത്. ഇന്ത്യയിലെത്തിയ ജസ്പാല്‍ സിങ് എന്നയാള്‍ പി.ടി.ഐയോട് പറഞ്ഞു. ഇന്ത്യയിലേക്ക് തിരികെ എത്തുന്ന വിവരം തങ്ങള്‍ക്ക് അറിയില്ലായിരുന്നു. മറ്റൊരു ക്യാമ്പിലേക്ക് കൊണ്ടുപോകുക എന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഒരു പോലീസുകാരന്‍ പറയുമ്പോഴാണ് ഇന്ത്യയിലേക്കാണ് പോകുന്നതെന്ന് അറിഞ്ഞത്. നിയമപരമായി യുഎസിലേക്ക് കടക്കാനാണ് ശ്രമിച്ചതെന്നും അതിന് വേണ്ടിയുള്ള വിസയ്ക്കായി സമീപിച്ച ഏജന്റ് വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 30 ലക്ഷത്തിന്റെ ഡീലാണ് നടത്തിയത്. കടം വാങ്ങിയ പണമാണ് ഇതിനായി ചെലവഴിച്ചത്. തിരിച്ചയച്ചതോടെ ഭാവിയില്‍ കണ്ട സ്വപ്നങ്ങള്‍ ഇതോടെ തകര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

40 മണിക്കൂറോളം തങ്ങളുടെ കൈയ്യിലും കാലിലും വിലങ്ങുവെച്ചെന്ന് രാജ്യത്ത് തിരിച്ചെത്തിയ പഞ്ചാബ് സ്വദേശി ഹര്‍വീന്ദര്‍ സിങ് പറഞ്ഞു. സീറ്റില്‍ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാന്‍ സാധിച്ചില്ല. നിരന്തരമായ അഭ്യര്‍ഥനകള്‍ക്ക് ശേഷമാണ് വാഷ്റൂമിലേക്ക് പോകാന്‍ അനുവദിച്ചത്. 40 മണിക്കൂറോളം കൃത്യമായി ഭക്ഷണം കഴിക്കാനായില്ല. ശാരീരികമായി മാത്രമല്ല മാനസികമായും ബുദ്ധിമുട്ടേറിയ യാത്രയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസില്‍ നിന്ന് നാട് കടത്തിയ ഇന്ത്യന്‍ പൗരന്‍മാരെ നാട് കടത്തിയത് കൈയ്യില്‍ വിലങ്ങ് വെച്ചായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. ആദ്യം പുറത്ത വന്ന ചിത്രങ്ങള്‍ ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയവരുതാണെന്ന് പിബി വ്യക്തമാക്കി. ഇതിനിടെയാണ് അമൃത്സറില്‍ എത്തിയ ഇന്ത്യക്കാരുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

യു.എസില്‍നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിന്റെ ദൃശ്യങ്ങള്‍ ദുഃഖകരമാണ്. 2013-ല്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയോട് മോശമായി പെരുമാറിയതിനെതിരേ അന്നത്തെ യു.പി.എ. സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചതിനാല്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ ഖേര പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യു.എസ്. സൈനിക വിമാനം സി-17 ബുധനാഴ്ചയാണ് പഞ്ചാബിലെ അമൃത്സറിലിറങ്ങിയത്. ഉച്ചയോടെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്. പഞ്ചാബില്‍നിന്ന് 30 പേര്‍, ഹരിയാണ, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് 33 പേര്‍ വീതം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് മൂന്നുപേര്‍ വീതം, ചണ്ഡീഗഢില്‍നിന്ന് രണ്ടുപേരുമാണ് എത്തിയത്. 205 അനധികൃത കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടുവരുന്നെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. അമേരിക്ക നാടുകടത്തുന്ന ആദ്യ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ സംഘമാണ് മടങ്ങിയെത്തിയത്.

Tags:    

Similar News