മെസിയ്ക്ക് കേരളത്തിലേക്ക് എത്താന്‍ പറ്റാത്തതിന് കാരണം 'റിപ്പോര്‍ട്ടര്‍' ചതി; കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം 150 കോടി നല്‍കണമെന്ന വ്യവസ്ഥ പാലിക്കാന്‍ ചാനല്‍ മുതലാളി മാര്‍ക്കാകില്ല; 'മുട്ടില്‍ മരം മുറി തള്ളില്‍' വിശ്വസിച്ച കായിക മന്ത്രി അബ്ദുറഹ്‌മാന് കിട്ടിയത് എട്ടിന്റെ പണി; വീഴ്ചയില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി; ചാനലിനെതിരെ കേരളവും നടപടിക്ക്; അര്‍ജന്റീനയും നിയമ പോരിന്; ആ ഫുട്‌ബോള്‍ ചതിക്ക് പിന്നിലെ കഥ

Update: 2025-05-17 02:41 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും കായിക മന്ത്രി വി. അബ്ദുറഹിമാനും ഏറെ കൊട്ടിഘോഷിച്ച അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് പ്രതിസന്ധിയിലായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയില്‍. സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷത്തിനിടെ മെസിയുടെ വരവിലെ അനിശ്ചിത്വം ചര്‍ച്ചയായത് സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. അര്‍ജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്പോണ്‍സര്‍ കരാര്‍ തുക അടയ്ക്കാത്തതാണു കാരണം. ധാരണ പ്രകാരം പറഞ്ഞ തീയതി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്പോണ്‍സര്‍ (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) പണം അടച്ചിട്ടില്ല. ഇതോടെ നിയമനടപടി ആരംഭിക്കുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ സ്പോണ്‍സര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേരളവും റിപ്പോര്‍ട്ടറിനെതിരെ നിയമ നടപടിക്ക് തയ്യാറാകുമെന്നാണ് സൂചന.

ഒക്ടോബറില്‍ അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ എത്തുമെന്നാണ് നേരത്തേ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അടക്കമുള്ളവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ടിവൈസി സ്പോര്‍ട്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ ചൈനയിലാണ് ടീം സൗഹൃദമത്സരങ്ങള്‍ കളിക്കുന്നത്. മെസ്സിയുടെ വരവ് പ്രതീക്ഷിച്ചിരുന്ന കേരളത്തിലെ ആരാധകര്‍ നിരാശരായി. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ഇതിനെ അവതരിപ്പിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ കണക്കു കൂട്ടല്‍. ഇതിനിടെയാണ് പദ്ധതി തന്നെ പാളുന്നത്. ഇതിന്റെ നിരാശ കായിക മന്ത്രിയെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മുട്ടില്‍ മരം മുറി അടക്കമുള്ള തട്ടിപ്പ് കേസിലെ പ്രതികളെ സ്‌പോണ്‍സര്‍മാരാക്കിയത് എങ്ങനെയെന്ന ചോദ്യവും മുഖ്യമന്ത്രി ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മെസി കേരള സന്ദര്‍ശനം ഒഴിവാക്കിയതില്‍ നിയമ നടപടിക്കൊരുങ്ങി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും സംസ്ഥാന സര്‍ക്കാരും മുമ്പോട്ട് വരുന്നത്. സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും സംസ്ഥാന സര്‍ക്കാരും നടപടിക്കൊരുങ്ങുന്നത്. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിയമനടപടി.

കേരളത്തില്‍ 2 മത്സരം നടത്താന്‍ വേണ്ടി അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനുമായി സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാര്‍ ഒപ്പിട്ടിരുന്നു. കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നല്‍കണം(ഏതാണ്ട് 150 കോടി) എന്നാണ് വ്യവസ്ഥ. എന്നാല്‍ സമയം നീട്ടി നല്‍കിയിട്ടും സ്‌പോണ്‍സര്‍ ഇത് പാലിച്ചില്ല. സന്ദര്‍ശനം ഒഴിവാക്കിയത് സംബന്ധിച്ച് സര്‍ക്കാരിന് അര്‍ജന്റീന ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല. അറിയിപ്പ് ലഭിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ നിയമ നടപടികള്‍ ആലോചിക്കുക. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാകും നടപടി വരിക. ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെയാഴ്ചകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു. ഒക്ടോബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ചൈനയില്‍ രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്നാണ് ടിവൈസി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മത്സരം ചൈനയ്‌ക്കെതിരേയും രണ്ടാമത്തേത് ജപ്പാന്‍, റഷ്യ, ദക്ഷിണ കൊറിയ എന്നിവയില്‍ ഒരു ടീമുമായും കളിക്കും. ടിവൈസി ജേണലിസ്റ്റായ ഗാസ്റ്റണ്‍ എഡ്യുള്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീമുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം റിപ്പോര്‍ട്ടുചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് ഗാസ്റ്റണ്‍. നവംബറിലും അര്‍ജന്റീന രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കും. ഇതോടെയാണ് അര്‍ജന്റീന കേരളത്തില്‍ എത്തില്ലെന്ന് ഏതാണ്ട് ഉറപ്പായത്.

അര്‍ജന്റീനാ ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കുമെന്നും കഴിഞ്ഞവര്‍ഷം നവംബറിലാണ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചത്. ഇക്കാര്യം പിന്നീട് സ്‌പോണ്‍സര്‍മാരായ എച്ച്എസ്ബിസി. സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എച്ച്എസ്ബിസിയാണ് അര്‍ജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാര്‍. മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം 2025 ഒക്ടോബറില്‍ ഇന്ത്യയിലെത്തി ഒരു അന്താരാഷ്ട്ര പ്രദര്‍ശന മത്സരം കളിക്കുമെന്നാണ് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അര്‍ജന്റീന കേരളത്തില്‍ കളിക്കാനുള്ള സാധ്യത കുറവാണ്. കേരളത്തിലെത്താമെന്ന് അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്‍, കേരള കായികമന്ത്രിയുടെ ഓഫീസിനെ ഇ-മെയിലിലൂടെ അറിയിച്ചതായും പറഞ്ഞിരുന്നു. വലിയതുക ചെലവ് വരുന്ന മത്സരം നടത്താന്‍ കായികവകുപ്പ് ശ്രമംതുടങ്ങിതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരനടത്തിപ്പിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയതായും പറഞ്ഞിരുന്നു.

മത്സര നടത്തിപ്പിനായി ഭീമമായ തുക ആവശ്യം വരുമെന്നും നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെന്നുമാണ് അറിയിച്ചിരുന്നത്. സ്പോണ്‍സര്‍ വഴിയാകും ഈ തുക കണ്ടെത്തുകയെന്നും സ്‌പോണ്‍സര്‍മാരുടെ കാര്യത്തിലും ധാരണയായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വി. അബ്ദുറഹിമാന്‍ തന്നെ നേരിട്ട് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പൊളിയുകയാണ്. 2011ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.

പിന്നാലെ കേരള സര്‍ക്കാര്‍ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. അര്‍ജന്റീന കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പര്‍ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവ് സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്നു.

സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കായിക മന്ത്രി വി. അബ്ദു റഹിമാനോ അദ്ദേഹത്തിന്റെ ഓഫീസോ തയ്യാറായില്ല. കഴിഞ്ഞവര്‍ഷം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി സ്പെയിനില്‍ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഒക്ടോബറില്‍ രണ്ട് സൗഹൃദ മത്സരം കളിക്കാന്‍ അര്‍ജന്റീന വരുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

Tags:    

Similar News