പ്രതിയെ നഗ്‌നനാക്കി മര്‍ദ്ദിച്ച് ചൊറിയണം തേച്ചതിന് ഒരു മാസം തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷിച്ച ഉദ്യോഗസ്ഥന്‍; വയര്‍ലെസ് വച്ച് എറിഞ്ഞ് വീഴ്ത്തും; നെഞ്ചത്തും ചെവിക്കല്ലിനും അടിച്ച് കസേരയോടെ മറിച്ചിടും; ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന് എതിരെ കസ്റ്റഡി മര്‍ദ്ദന പരാതിപ്രളയം; വാര്‍ത്തകള്‍ ആസൂത്രിതമെന്നും, പ്രതികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത് 'ഏമാന്‍' ആണെന്നന്നും മധുബാബു
ഡിവൈഎസ്പി മധു ബാബുവിനെതിരെ പരാതികളുടെ പ്രവാഹം
ആലപ്പുഴ: ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധു ബാബുവിനെതിരെ പരാതികളുടെ പ്രളയം. കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. അതിനിടെ, കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്‌നനാക്കി മര്‍ദിച്ച സംഭവത്തില്‍ ഇയാള്‍ മുന്‍പ് ശിക്ഷിക്കപ്പെട്ടിരുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, തനിക്കെതിരായ പരാതികള്‍ ആസൂത്രിതമാണെന്നാണ് മധുബാബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ഏറ്റവുമൊടുവില്‍ തൊടുപുഴ മലങ്കര സ്വദേശി വി.കെ. മുരളീധരനാണ് മധു ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തൊടുപുഴ ഡിവൈഎസ്പിയായിരുന്ന സമയത്ത്, 2022 ഡിസംബര്‍ 21-ന് തന്റെ ഓഫീസില്‍വെച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് മുരളീധരന്റെ ആരോപണം. പരാതി നല്‍കാന്‍ ഓഫീസിലെത്തിയ തന്നെ പോലീസ് വയര്‍ലെസ്സ് വെച്ച് എറിയുകയും, നെഞ്ചത്തും ചെവിക്കല്ലിനും അടിയേറ്റ് കസേരയോടെ മറിഞ്ഞുവീഴുകയുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. വീണ്ടും എഴുന്നേറ്റുവന്ന തന്നെ ഡിവൈഎസ്പി ഓടിവന്ന് നെഞ്ചത്ത് ചവിട്ടി വീണ്ടും നിലത്തിട്ടെന്നും, തുടര്‍ന്ന് ചെവിക്കല്ലില്‍ ഇടിച്ചതായും മുരളീധരന്‍ വിശദീകരിച്ചു. ഈ സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് മുരളീധരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇതിനു മുമ്പും മധു ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കോന്നി സിഐ ആയിരുന്ന കാലത്ത് തന്നെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്എഫ്‌ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോട് രംഗത്തെത്തിയിരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്നും ഇയാള്‍ക്കെതിരെ പരാതികള്‍ വന്നിട്ടുണ്ട്. നിരവധി കേസുകളില്‍ ഉള്‍പ്പെടുത്തി ക്രൂരമായി മര്‍ദിച്ചെന്ന പരാതിയുമായി പത്തനംതിട്ട സ്വദേശി വിജയന്‍ ആചാരി രംഗത്തെത്തിയിരുന്നു.
ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഭവം 2006 ഓഗസ്റ്റ് 5-ന് നടന്നതാണ്. അന്ന് പള്ളിപ്പുറം നികത്തില്‍ സിദ്ധാര്‍ഥനെ കസ്റ്റഡിയിലെടുത്ത് നഗ്‌നനാക്കി മര്‍ദിക്കുകയും, ശരീരത്തില്‍ കൊടിത്തൂവ (ചൊറിയണം) തേക്കുകയും ചെയ്ത സംഭവത്തില്‍ ചേര്‍ത്തല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (ഒന്ന്) മധു ബാബുവിനെ ഒരു മാസം തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. അന്ന് ചേര്‍ത്തല എസ്ഐ ആയിരുന്നപ്പോഴാണ് ഈ സംഭവം നടന്നത്. ഈ ശിക്ഷാനടപടികള്‍ നിലനില്‍ക്കെയാണ് വീണ്ടും ഇയാള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നുവരുന്നത്.
മധുബാബുവിന്റെ പ്രതികരണം:
തനിക്കെതിരെയുള്ള വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും, പ്രതികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത് 'ഏമാന്‍' ആണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ ആരോപിച്ചു. വിരമിച്ചതിന് ശേഷം ഇവന്റ് മാനേജ്മെന്റ് തുടങ്ങുന്നത് നല്ല പണിയാണെന്നും, അണിയറയില്‍ കൂടുതല്‍ ആളുകളെ ഒരുക്കുന്നുണ്ടെന്നും മധുബാബു പരിഹസിച്ചു.
കസ്റ്റഡി മര്‍ദനങ്ങളില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനാണ് എം.ആര്‍. മധുബാബു. ഈ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ആരോപണങ്ങളെത്തുടര്‍ന്ന് ഡിവൈഎസ്പി മധുബാബുവിന്റെ ഫേസ്ബുക്ക് പ്രതികരണം വലിയ ചര്‍ച്ചയായിരിക്കുകയാണ്. സംഭവം കൂടുതല്‍ അന്വേഷണങ്ങളിലേക്ക് വഴിവെക്കുമെന്നാണ് സൂചന
മധുബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഓരോരുത്തരെയായി ഘട്ടം ഘട്ടമായ രംഗത്തിറക്കുന്നു.. ഇന്നും നാളെയുമായി രംഗത്ത് വരാന്‍ അണിയറയില്‍ ഇനിയും ചിലരെ ഒരുക്കുന്നുണ്ടാകും... എന്തായാലും കലവൂരാന്റെ പല ജില്ലകളിലുള്ള വിരോധികളെ കണ്ടെത്തി ഒരു കുടക്കീഴിലെത്തിയ്ക്കുന്ന കോര്‍ഡിനേറ്റര്‍ ഏമാന് റിട്ടയര്‍മെന്റിനുശേഷം ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് തുടങ്ങുകയാണ് പറ്റിയ പണി..