ലോട്ടറി ഡയറക്ടറുടെ ഉത്തരവിന് പുല്ലുവില; ടിക്കറ്റുകള്‍ സെറ്റാക്കി ലോട്ടറി ചൂതാട്ടം വ്യാപകം

നിയമലംഘനത്തിന് ഭാഗ്യക്കുറി വകുപ്പിലെ തന്നെ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണം

Update: 2024-09-27 04:46 GMT

ഇടുക്കി: സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ വിവിധ പരമ്പരകളിലുള്ള നാല് അക്കങ്ങളില്‍ അവസാനിക്കുന്ന ഒരേ നമ്പര്‍ ടിക്കറ്റുകള്‍ സെറ്റാക്കി വില്പന നടത്തി ചൂതാട്ടം വീണ്ടും സജീവമാകുന്നു.ലോട്ടറി ടിക്കറ്റിന്റെ അവസാന നാലക്കങ്ങള്‍ ഒരെ നമ്പറാക്കി ലോട്ടറികള്‍ ഒറ്റ സെറ്റായി നല്‍കിയാണ് ചൂതാട്ടം. നിയമ വിരുദ്ധമായി നടത്തുന്ന ഇത്തരം നടപടികള്‍ ലോട്ടറി ഏജന്റുമാര്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികള്‍ ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം.

ഇത്തരത്തില്‍ ലോട്ടറി വില്പന നടത്തുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് കാറ്റില്‍ പറത്തിയാണ് ഒരേ നമ്പര്‍ ലോട്ടറി പൊടിക്കുന്നത്. ടിക്കറ്റുകള്‍ സെറ്റാക്കി വില്പ്ന നടത്തുന്നത് ഉപഭോക്താക്കളില്‍ ചൂതാട്ട ആസക്തി വര്‍ധിപ്പിക്കുമെന്നും 2011 ലെ പേപ്പര്‍ ലോട്ടറി നിയന്ത്രണ ഭേദഗതി ചട്ടങ്ങള്‍ റൂള്‍ 5 സബ് റൂളിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ നിയമങ്ങളും ഉത്തരവുകളും ഉദ്യോഗസ്ഥരുടെ സഹായത്തോടെ അട്ടിമറിക്കുകയാണ്.

സംസ്ഥാന ലോട്ടറി ടിക്കറ്റ് വിശ്വാസ്യത തകര്‍ക്കുന്നതാണ് അവസാനം നാല് അക്കങ്ങളിലുള്ള ഒരേ നമ്പര്‍ ടിക്കറ്റുകള്‍ 12 മുതല്‍ 72 വരെയുള്ള സെറ്റാക്കി വില്‍ക്കുന്നതെന്ന് ഏജന്റുമാര്‍ പറയുന്നു.അവസാന നാല് അക്കങ്ങളില്‍ ലഭിക്കുന്ന സമ്മാനം സെറ്റിലെ മുഴുവന്‍ ലോട്ടറികള്‍ക്കും ലഭിക്കുമെന്നതാണ് സെറ്റ് ലോട്ടറിയുടെ ആകര്‍ഷണീയത. സാധാരണ പ്രതിവാര ലോട്ടറികളുടെ നാല് അക്കങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നാലു മുതല്‍ ഏഴു വരെ സമ്മാനങ്ങള്‍ ലഭിക്കുന്നത്.

എന്നാല്‍ 72 പേര്‍ക്ക് ലഭിക്കേണ്ട സമ്മാനം ഒരു സെറ്റ് ആക്കി വില്‍ക്കുന്നത് മൂലം ഒരാള്‍ക്ക് മാത്രമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുന്നത് ലോട്ടറി ടിക്കറ്റിന്റെ വിശ്വാസ്യതയില്ലാതാക്കും. തൊഴിലാളികളും സാധാരണക്കാരുമാണ് സെറ്റ് ലോട്ടറിയുടെ മോഹവലയത്തില്‍ കുടുങ്ങുന്നവരില്‍ അധികവും. സെറ്റ് ലോട്ടറി കച്ചവടം നടത്തുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും പൊലീസ് കേസ് എടുക്കുമെന്നുമായിരുന്നു ലോട്ടറി ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.

എന്നാല്‍ നിയമലംഘനത്തിന് ഭാഗ്യക്കുറി വകുപ്പിലെ തന്നെ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതിനാലാണ് ഇത്തരത്തില്‍ ചില ഏജന്‍സികള്‍ക്ക് സെറ്റ് ലോട്ടറികള്‍ കൂടുതലായി ലഭിക്കുന്നതെന്നാണ് ലോട്ടറി വില്പനക്കാര്‍ പറയുന്നു. ഏജന്‍സി ഏതെന്ന് കണ്ടുപിടിക്കുന്നത് ഒഴിവാക്കാന്‍ സെറ്റായി നല്‍കുന്ന ലോട്ടറി ടിക്കറ്റുകളുടെ പിറകില്‍ സാധാരണയായി ചെയ്യുന്ന സീല്‍ ഒഴിവാക്കുകയാണ് ഇവരുടെ രീതി.

Tags:    

Similar News