എം എം ലോറന്‍സിന്റെ മൃതദേഹം സെമിത്തേരിയില്‍ സംസ്‌കരിക്കാനാവില്ല; സിപിഎം നേതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി ശരിവെച്ചു; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആശാ ലോറന്‍സ്

എം എം ലോറന്‍സിന്റെ മൃതദേഹം സെമിത്തേരിയില്‍ സംസ്‌കരിക്കാനാവില്ല

Update: 2024-12-18 05:49 GMT

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ട് നല്‍കണമെന്ന പെണ്‍മക്കളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജീവിച്ചിരുന്ന കാലത്ത് ലോറന്‍സ് എടുത്ത തീരുമാനമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു കൊടുക്കണമെന്നത്. ഈ ആഗ്രഹത്തിനാണ് കോടതി ശരിവെച്ചത്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഈ ഹര്‍ജി തള്ളിയിരുന്നു. പെണ്‍മക്കളായ സുജാതയും, ആശയുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്.

അതേസമയം, ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മകള്‍ ആശ ലോറന്‍സ് രംഗത്തെത്തി. നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ആശ ലോറന്‍സ് പ്രതികരിച്ചു. നീതി നടപ്പാക്കാന്‍ കോടതികള്‍ ബാധ്യതസ്ഥരാണ്. നീതിക്കുവേണ്ടി പോരാടാനാണ് തീരുമാനം. പിതാവ് മൂത്തമകള്‍ സുജയോട് സെമിത്തേരിയില്‍ അടക്കാനാണ് താല്‍പ്പര്യമെന്ന് പറഞ്ഞിരുന്നു.

കോടതിയില്‍ ഹാജരാക്കിയ സാക്ഷികള്‍ പിതാവിനെ പരിചരിച്ചിരുന്നവരല്ല, ഇവര്‍ കള്ളസാക്ഷികളാണ്. പൊതു സ്ഥലത്തും സ്വകാര്യ സംഭാഷണത്തിലും പുസ്തകത്തിലും മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കണമെന്ന് പറഞ്ഞിട്ടില്ലെന്നും അമ്മയെയും സഹോദരനേയും അടക്കിയത് പള്ളിയിലാണെന്നും മൂത്തമകളോട് സെമിത്തേരിയില്‍ അടക്കണമെന്ന് പറഞ്ഞിരുന്നതായും മകള്‍ പറഞ്ഞു.

നേരത്തെ രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ മകന്‍ എംഎല്‍ സജീവനോട്, ലോറന്‍സ് പറഞ്ഞതായുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പളളിയില്‍ സംസ്‌കരിക്കാനായി വിട്ടു നല്‍കണമെന്നാണ് പെണ്‍മക്കളുടെ അപ്പീലിലെ ആവശ്യം. മൃതദേഹം നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറിയിരിക്കുകയാണ്.

നേരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ തെളിവെടുപ്പിലടക്കം രണ്ട് സാക്ഷികളെയും ഹാജരാക്കിയിരുന്നു. ഈ സാക്ഷിമൊഴികള്‍ അവിശ്വസിക്കേണ്ടതില്ലെന്ന് കണ്ടെത്തിയാണ് ആശ ലോറന്‍സിന്റെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്. സെപ്റ്റംബര്‍ 21 നായിരുന്നു എംഎം ലോറന്‍സിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്.

Tags:    

Similar News