വടക്കാഞ്ചേരിയിലെ 50 ലക്ഷം കോഴ; കുതിരക്കച്ചവടം സിപിഎമ്മിനില്ല; അന്വേഷണം നടക്കട്ടെ, കോഴ തെളിഞ്ഞാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍; കോഴ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ജാഫര്‍ ഒളിവില്‍; ജാഫറിനെ സിപിഎം പണം കാണിച്ചു പ്രലോഭിപ്പിച്ചുവെന്ന് കോണ്‍ഗ്രസ്

വടക്കാഞ്ചേരിയിലെ 50 ലക്ഷം കോഴ; കുതിരക്കച്ചവടം സിപിഎമ്മിനില്ല; അന്വേഷണം നടക്കട്ടെ

Update: 2026-01-02 05:36 GMT

തൃശൂര്‍: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ 50 ലക്ഷം രൂപ കോഴ വാഗ്ദാനമുണ്ടായെന്ന വെളിപ്പെടുത്തലില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട ആവശ്യമില്ലെന്നും കുതിരക്കച്ചവടം സിപിഎമ്മിനില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

അന്വേഷണം നടക്കട്ടെയെന്നും തെളിഞ്ഞാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. 15 വര്‍ഷമായി എല്‍ഡിഎഫ് ഭരണത്തിലാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്. 2020 ല്‍ 13 ല്‍ 11ഉം എല്‍ഡിഎഫ് നേടിയിരുന്നു. ഇക്കുറി തുല്യനില ആയതോടെയാണ് ഭരണം നിലനിര്‍ത്താന്‍ കുതിരക്കച്ചവടം നടന്നതെന്നാണ് നിഗമനം.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ.വി.നഫീസയാണ് ജാഫറിന്റെ വോട്ടിലൂടെ ജയിച്ച് പ്രസിഡന്റായത്. ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കാമെന്നും അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കാമെന്നുമായിരുന്നു സിപിഎം മുന്നോട്ട് വച്ച ഓഫറെന്നായിരുന്നു ലീഗ് സ്വതന്ത്രനായ ഇ.യു.ജാഫര്‍ വെളിപ്പെടുത്തിയത്.

പണം കിട്ടിയാല്‍ താന്‍ രാജി വച്ച് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ജാഫര്‍ കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റായ സുഹൃത്ത് മുസ്തഫയോട് വെളിപ്പെടുത്തിയിരുന്നു. 31 വോട്ടിന് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജാഫര്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ രാജി വയ്ക്കുകയും ചെയ്തു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യുഡിഎഫിലെ പി.ഐ.ഷാനവാസാണ് വിവാദ ശബ്ദസന്ദേശം പുറത്തുവിട്ടത്. ജാഫര്‍ ഇക്കാര്യം തന്നോട് സംസാരിച്ചതാണെന്ന് മുസ്തഫയും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഫോണിലൂടെ താന്‍ തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു ജാഫറിന്റെ വിശദീകരണം. വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ജാഫര്‍ ഒളിവില്‍ പോയി.

അതേസമയം സിപിഎം പണം ഓഫര്‍ ചെയ്തെന്ന് പറഞ്ഞത് തമാശയാണെന്ന് ജാഫര്‍ പറയുന്നുണ്ടെങ്കിലും ഈ സാഹചര്യത്തില്‍ അതിനെ തമാശയായി കാണാനാവില്ലെന്ന് കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ എ മുസ്തഫ പ്രതികരിച്ചു. വടക്കാഞ്ചേരിയില്‍ മുസ്ലിം ലീഗ് സ്വതന്ത്രന്‍ 50 ലക്ഷം രൂപ വാങ്ങി കൂറുമാറിയ സംഭവത്തിലാണ് എ എ മുസ്തഫയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന്റെ തലേദിവസം ജാഫറിനെ വിളിച്ചിരുന്നു. നാളത്തെ കാര്യങ്ങള്‍ എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ ഒരു ട്വിസ്റ്റ് സംഭവിക്കുമെന്ന് ജാഫര്‍ പറഞ്ഞുവെന്നും എ എ മുസ്തഫ പറഞ്ഞു.

78ഓളം വരുന്ന വാര്‍ഡുകളിലെ ജനങ്ങള്‍ സിപിഐഎമ്മിന്റെ ഭരണം മാറണമെന്ന് ആഗ്രഹിച്ചാണ് യുഡിഎഫിന് വോട്ട് ചെയ്തതെന്നും മുസ്തഫ പറഞ്ഞു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. അന്ന് ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞെങ്കിലും വിശ്വസിക്കാനായിരുന്നില്ല. ജാഫറിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു ചതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജാഫര്‍ പറഞ്ഞത് പോലെ തന്നെ ചെയ്തു എന്നും മുസ്തഫ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷാനവാസിനെ നിര്‍ദേശിച്ചത് പോലും ജാഫറായിരുന്നു. വോട്ട് ചെയ്ത് ഇടത് സ്ഥാനാര്‍ത്ഥിക്ക് കൈകൊടുത്ത് ചിരിച്ചുകൊണ്ട് പോകുന്ന ജാഫറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് കണ്ടാല്‍ തന്നെ പിന്നില്‍ നടന്ന ചതി വ്യക്തമായി മനസിലാക്കാം. ബ്ലോക്ക് പഞ്ചായത്ത് നിലനിര്‍ത്താന്‍ വേണ്ടിയുള്ള സിപിഐഎമ്മിന്റെ തന്ത്രമാണ് കണ്ടത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജാഫറിനെ സിപിഐഎം പൈസ കാണിച്ച് പ്രലോഭിപ്പിക്കുകയായിരുന്നെന്നും എം എം മുസ്തഫ പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന്റെ തലേദിവസം പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനവാസിനൊപ്പം ജാഫര്‍ ഉണ്ടായിരുന്നു. കൂടെ നിന്ന് ഇങ്ങനെ ഒരു ചതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വോട്ട് ചെയ്ത് വരുമ്പോള്‍ ജാഫറിന്റെ സന്തോഷവും സിപിഐഎം മെമ്പര്‍മാരോടുള്ള ഇടപെടലുമെല്ലാം അസാധാരണമായിരുന്നു. ഇങ്ങനെ ഒരു കോഴ നടന്നിട്ടില്ല എന്ന് തെളിയിക്കേണ്ടത് സിപിഐഎമ്മിന്റെ ഉത്തരവാദിത്വമാണ്. അത് തെളിയിക്കാനായില്ലെങ്കില്‍ ഒരു ദിവസം പോലും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ എല്‍ഡിഎഫ് പ്രതിനിധിക്ക് അര്‍ഹതയില്ല. ധൈര്യമുണ്ടെങ്കില്‍ രാജിവെച്ച് വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകണമെന്നും മുസ്തഫ പറഞ്ഞു.

Tags:    

Similar News