കംചത്ക ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്ന്; കംചത്കയില്‍ ഇന്നുണ്ടായത് 1952നു ശേഷമുള്ള അതിശക്തമായ ഭൂകമ്പം; നിലവിളിച്ചോടുന്ന ജനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്; സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

കംചത്ക ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്ന്

Update: 2025-07-30 06:29 GMT

മോസ്‌കോ: ലോകത്തെ വലിയ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന കംചത്ക ഉപദ്വീപ്. ഇവിടെയാണ് ലോകത്തെ നടുക്കിയ ഭൂകമ്പം ഇന്നുണ്ടായത്. ബുധനാഴ്ച രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. പെട്രോപാവ്ലോവ്സ്‌ക്-കംചട്ക്സിക്ക് 133 കിലോമീറ്റര്‍ തെക്കുകിഴക്ക്, 74 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.

ഭൂകമ്പങ്ങളുടെ അസ്വസ്ഥമായ നീണ്ട ചരിത്രമുള്ള പ്രദേശമാണിത്. പസഫിക് സമുദ്രത്തെ ചുറ്റിപ്പറ്റിയുള്ള 'റിങ് ഓഫ് ഫയര്‍' (ഭൂപ്രളയങ്ങള്‍ സ്ഥിരമായി സംഭവിക്കുന്ന ഇടം) മേഖലയിലാണ് കംചത്ക സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണിത്. ഈ വര്‍ഷം ജൂലായ് ആദ്യം പെട്രോപാവ്‌ലോവ്‌സ്‌ക്-കംചത്സ്‌കിയില്‍ നിന്ന് 144 കിലോമീറ്റര്‍ (89 മൈല്‍) അകലെ 7.4 തീവ്രതയുള്ള ഭൂകമ്പം ഉള്‍പ്പെടെ അഞ്ച് പ്രധാന തീരദേശ ഭൂകമ്പങ്ങള്‍ ഈ മേഖലയില്‍ അനുഭവപ്പെട്ടിരുന്നു.

1900 മുതല്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഏഴു ഭൂകമ്പങ്ങള്‍ പ്രദേശത്തുണ്ടായിട്ടുണ്ട്. 1952-ല്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെങ്കിലും അന്ന് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം റഷ്യയിലെ കംചട്ക ഉപദ്വീപിലുണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് പ്രകമ്പനം കൊള്ളുന്ന കെട്ടിടങ്ങളുടെയും മറ്റും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് കെട്ടിടങ്ങളുടെ ഉള്ളിലെ വസ്തുവകകള്‍ തുടരെത്തുടരെ ചലിക്കുന്നത് പുറത്തെത്തിയ വീഡിയോകളില്‍ വ്യക്തമാണ്. ആളുകള്‍ ഭയന്നുനിലവിളിക്കുന്നതും ചില വീഡിയോകളില്‍ കേള്‍ക്കാം.

ജപ്പാന്‍, അലാസ്‌ക, ഹവായ് എന്നിവയുള്‍പ്പെടെ പസഫിക് മേഖലയിലുടനീളം സുനാമി മുന്നറിയിപ്പുണ്ട്. ഭൂകമ്പത്തിന് തൊട്ടുപിന്നാലെ റഷ്യയിലെ കുറില്‍ ദ്വീപുകളുടെയും വടക്കന്‍ ജപ്പാന്റെയും തീരപ്രദേശങ്ങളിലാണ് ആദ്യ ഭീമന്‍ തിരമാലകളെത്തിയത്. ഭൂകമ്പത്തെ തുടര്‍ന്ന് ഹൊനോലുലുവില്‍ സുനാമി മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.

ഹവായ്, ചിലി, ജപ്പാന്‍, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഒന്നു മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

റഷ്യയുടെയും ഇക്വഡോറിന്റെയും ചില ഭാഗങ്ങളില്‍ മൂന്നു മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള തീരമാലകള്‍ ആഞ്ഞടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.

ഹൊക്കൈഡോയുടെ കിഴക്കന്‍ തീരത്തുള്ള നെമുറോയില്‍ ഏകദേശം 30 സെന്റീമീറ്റര്‍ ഉയരമുള്ള തിരമാലകളെത്തിയതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. കുറില്‍ ദ്വീപുകളിലെ സെവേറോ-കുറില്‍സ്‌കില്‍ ആദ്യ തിരമാലകള്‍ എത്തിയതായി റഷ്യയും റിപ്പോര്‍ട്ട് ചെയ്തു.

സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യയുടെ കോണ്‍സുലേറ്റ് ജനറല്‍. റഷ്യയിലെ കംചട്ക ഉപദ്വീപിലുണ്ടായ അതിശക്തമായ ഭൂചലനത്തിന് പിന്നാലെയാണ് വിവിധരാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

കാലിഫോര്‍ണിയയിലെയും മറ്റ് പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളിലെയും ഹവായിയിലെയും ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പുലര്‍ത്താനും അമേരിക്കന്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനുമാണ് കോണ്‍സുലേറ്റ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. യുഎസ് അധികൃതരില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണം, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നപക്ഷം ഉയര്‍ന്ന പ്രദേശത്തേക്ക് മാറണം, തീരപ്രദേശങ്ങള്‍ ഒഴിവാക്കണം, അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സന്നദ്ധരായിരിക്കണം, ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ളത്. സഹായം തേടുന്ന ഇന്ത്യക്കാര്‍ക്കായി അടിയന്തരസഹായത്തിന് ഫോണ്‍ നമ്പറും (+14154836629) സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്.

ഭൂകമ്പത്തെ തുടര്‍ന്ന് അലാസ്‌കയിലെ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അലൂഷ്യന്‍ ദ്വീപുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിങ്ടണ്‍ എന്നിവയുള്‍പ്പെടെ യുഎസിലെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. ഹവായിയും നിരീക്ഷണത്തിലാണ്.

Tags:    

Similar News