ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി; സീറ്റുകള്‍ക്കായി നേതാക്കളുടെ തമ്മില്‍ത്തല്ല്; നൂറാം വാര്‍ഷികത്തില്‍ നാഗ്പൂരിന്റെ അഭിമാനം കാക്കാന്‍ നേരിട്ടിറങ്ങി ആര്‍എസ്എസ്; ഹരിയാനയില്‍ പയറ്റിയ തന്ത്രം മഹാരാഷ്ട്രയിലും ആവര്‍ത്തിച്ച് പ്രചാരണം; മഹായുതി ഭരണം നിലനിര്‍ത്തുന്നത് ആര്‍എസ്എസ് കരുത്തില്‍

മഹായുതിയുടെ മഹാവിജയത്തിന് ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസ്

Update: 2024-11-23 11:12 GMT

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട മഹാരാഷ്ട്രയില്‍ എട്ട് മാസത്തിന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത കുതിപ്പാണ് ബി.ജെ.പി നയിക്കുന്ന മഹായുതി മുന്നണിക്ക് ഉണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ നിലനിര്‍ത്തിയ പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഘാഡിയെ നിലംപരിശാക്കിയാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി സഖ്യം ഭരണം നിലനിര്‍ത്തിയത്. അവസാനഘട്ടത്തില്‍ മഹായുതി സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികള്‍ തരംഗമായി മാറി എന്നാണ് പ്രാഥമിക നിരീക്ഷണം. എന്നാല്‍ മഹായുതി തല ഉയര്‍ത്തി നിര്‍ത്താന്‍ നിര്‍ണായകമായത് നാഗ്പൂരില്‍ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന രാ്ഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മേല്‍നോട്ടത്തിലുള്ള പ്രചാരണമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യമായിരുന്നു ഇത്തവണ മഹാരാഷ്ട്രയിലേത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ജനവധിയില്‍ നിന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചുള്ള തിരിച്ചുവരവ് സമാനതകളില്ലാത്തതാണ്. സീറ്റുകള്‍ക്കായുള്ള നേതാക്കളുടെ തര്‍ക്കങ്ങള്‍. മഹാരാഷ്ട്രയിലെ ബിജെപി നേരിട്ടിരുന്ന പ്രതിസന്ധികള്‍ക്ക് ഒറ്റമൂലിയുമായി ആര്‍എസ്എസ് ചുക്കാന്‍ ഏറ്റെടുക്കുകയായിരുന്നു. സമാനമായ പ്രതിസന്ധിയില്‍നിന്ന് ഹരിയാനയില്‍ ബിജെപിയെ കരകയറ്റി ചരിത്രവിജയം സമ്മാനിച്ചതിന് സമാനമായി മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിയെ നിലംപരിശാക്കി മഹായുതി നേടിയ സമാനകളില്ലാത്ത മഹാവിജയത്തിലും ചുക്കാന്‍ പിടിച്ചതും ഇതേ ആര്‍.എസ്.എസ് തന്നെയാണ്.

ദേശീയ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിലും മഹാരാഷ്ട്രയിലും സംഘത്തിന്റെ അഭിമാന പ്രശ്നം കൂടിയായിരുന്നു മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് വിജയം. ഈ വര്‍ഷമാദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ നിന്ന് വലിയ തോതില്‍ അകന്നത് ബിജെപിക്കുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണമായി വിലയിരുത്തപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ ആര്‍എസ്എസ് ഏറ്റെടുത്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസവും ഭരണവിരുദ്ധ വികാരവും കര്‍ഷക-ഗുസ്തി സമരങ്ങളുടെ അമര്‍ഷവുമടക്കം ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഹരിയാനയില്‍ അഭിമാനകരമായ വിജയം സമ്മാനിച്ച ശേഷമായിരുന്നു ആര്‍എസ്എസ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാന്‍ കൈയേന്തിയത്. ആ ഏറ്റെടുക്കല്‍ വെറുതെയായില്ലെന്ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന് വിപുലമായ ജനസമ്പര്‍ക്ക പരിപാടിയോടെയായിരുന്നു ആര്‍എസ്എസ് തുടക്കമിട്ടത്. ആര്‍എസ്എസ് അതിന്റെ എല്ലാ പരിവാര്‍ സംഘടനകളേയും ഏകോപിപ്പിച്ചുള്ള നീക്കം നടത്തി. അതിന് ഫലം കാണുകയും ചെയ്തു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതലയും ആര്‍എസ്എസ് നേതൃത്വം ഏറ്റെടുത്തു.

തകര്‍ച്ചയില്‍ നിന്നും തിരിച്ചുവരവ്

വെറും എട്ട് മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വെറും 17 സീറ്റ് മാത്രമാണ് ബിജെപി സഖ്യത്തിന് നേടാന്‍ കഴിഞ്ഞത്. 48 ലോക്‌സഭാ സീറ്റില്‍ 17 എണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. 2019ല്‍ 41 സീറ്റുകള്‍ നേടിയ സ്ഥാനത്തുനിന്നാണ് 17 എണ്ണത്തിലേക്കുള്ള കൂപ്പുകുത്തല്‍.

പ്രതിപക്ഷമായ ഇന്ത്യാ മുന്നണിക്കാകട്ടെ മികച്ച നേട്ടമുണ്ടാക്കാനും കഴിഞ്ഞു. 30 സീറ്റുകള്‍ നേടി ഇന്ത്യാ മുന്നണി കരുത്തുകാട്ടി. എന്നാല്‍, വെറും എട്ട് മാസത്തിനിപ്പുറം നടന്ന തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. വിജയ പ്രതീക്ഷയുമായെത്തിയ ഇന്ത്യാ മുന്നണി അടപടലം പരാജയപ്പെടുകയും മഹായുതി സഖ്യം അപ്രതീക്ഷിത വിജയം നേടുകയും ചെയ്തു. എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎ മുന്നണിയുടെ വിജയം പ്രവചിച്ചെങ്കിലും തൂത്തുവാരല്‍ ആരും പ്രതീക്ഷിച്ചില്ല.

ഒടുവില്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ 230 സീറ്റില്‍ മഹായുതി സഖ്യം മുന്നേറുകയാണ്. സമസ്ത മേഖലയിലും ബിജെപി സഖ്യം കടന്നുകയറി. ഉദ്ധവ് വിഭാഗം ശിവസേനയുടെയും എന്‍സിപി (ശരദ് പവാര്‍), കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലേക്ക് ബിജെപിയും സഖ്യകക്ഷികളും കടന്നുകയറി. കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 53 സീറ്റില്‍ മാത്രമാണ് മുന്നില്‍. ബിജെപിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളില്‍ 132 മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു.

പ്രചാരണം വീടുകളിലേക്ക്

കൃത്യമായ പദ്ധതികളോടെയായിരുന്നു ആര്‍എസ്എസിന്റെ നീക്കം. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ മൂന്ന് വീതം ഭാരവാഹികളെ സംഘം നിയോഗിച്ചിരുന്നതായാണ് വിവരം. സഖ്യകക്ഷികളുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കുക, പ്രാദേശികമായി ബിജെപിക്കും എന്‍ഡിഎയ്ക്കും എതിരെയുള്ള വികാരം ശമിപ്പിക്കുക, തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചേക്കാവുന്ന പ്രാദേശിക വിഷയങ്ങള്‍ ഏറ്റെടുക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു ഈ ഭാരവാഹികളുടെ മറ്റു പ്രധാന ചുമതലകള്‍.

അവസാന വോട്ട് പോള്‍ ചെയ്യുന്നത് വരെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുതെന്ന പ്രത്യേക നിര്‍ദേശവും ആര്‍എസ്എസ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ആഴ്ച മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായിരുന്നു നിര്‍ദേശം. പ്രവര്‍ത്തകരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി അര്‍ദ്ധരാത്രിയിലും ഫോണ്‍കോളുകള്‍ വന്നിരുന്നു. ക്ഷേത്രത്തില്‍ ഒത്തുകൂടിയ ശേഷം അവര്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്യാറുണ്ടായിരുന്നതായും ഇത് ടീം സ്പിരിറ്റിന് ഉപകരിച്ചിരുന്നതായും ആര്‍എസ്എസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സംസ്ഥാന തലത്തിലുള്ള മേല്‍നോട്ടത്തിനായി ആര്‍എസ്എസിന്റെ നാലു പ്രധാന ഭാരവാഹികളേയും നാഗ്പുരില്‍ നിന്ന് നിയോഗിക്കപ്പെട്ടിരുന്നു.

ഹരിയാനയിലേതിന് സമാനമായി അഞ്ച് മുതല്‍ പത്ത് ആളുകള്‍ അടങ്ങിയിട്ടുള്ള ചെറു സംഘങ്ങളായി തിരിച്ചായിരുന്നു ആര്‍എസ്എസിന്റെ പ്രചാരണം. കുടുംബങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ ടീമുകളുടെ പ്രവര്‍ത്തനം. നേരിട്ട് ബിജെപിയുടെ പേര് പറഞ്ഞല്ല ഇവര്‍ പ്രചാരണം നടത്തിയിരുന്നത്. മറിച്ച് ദേശീയ താല്‍പ്പര്യം, ഹിന്ദുത്വം, സദ്ഭരണം, വികസനം, പൊതുക്ഷേമം, സമൂഹവുമായി ബന്ധപ്പെട്ട വിവിധ പ്രാദേശിക വിഷയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെ ജനങ്ങളുടെ അഭിപ്രായം ബിജെപിക്ക് അനുകൂലമാക്കി രൂപപ്പെടുത്തുകയാണ് ചെയ്തിരുന്നത്.

മഹാരാഷ്ട്രയിലെ ബൂത്തുകളെ നാലായി തിരിച്ചായിരുന്നു ആര്‍എസ്എസിന്റെ ബിജെപിക്കായുള്ള പരോക്ഷ വോട്ട് പിടിത്തം. എ,ബി,സി,ഡി എന്നിങ്ങനെയാണ് ബൂത്തുകളെ തരംതിരിച്ചിരിക്കുന്നത്. മഹായുതി സ്ഥാനാര്‍ഥിക്ക് അനുകൂലമായി 100 ശതമാനം വോട്ട് മാറ്റിയെടുക്കുക എന്നതാണ് എ കാറ്റഗറിയില്‍ ലക്ഷ്യമിടുന്നത്. ബി കാറ്റഗറി ബൂത്തുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക. എ,ബി കാറ്റഗറിയിലെ ബൂത്തുകളില്‍ ബിജെപി പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് ആളുകളെ വീടുകളില്‍ നിന്ന് പോളിങ് ബൂത്തിലേക്കും തിരികെയും എത്തിക്കാന്‍ പ്രത്യേക ഗ്രൂപ്പുകളേയും ആര്‍എസ്എസ് വിന്യസിച്ചിരുന്നു.

സി കാറ്റഗറി ബൂത്തുകളെ സംബന്ധിച്ചിടത്തോളം പത്ത് ശതമാനം വോട്ട് വര്‍ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ബി.ജെ.പിക്കോ സഖ്യകക്ഷികള്‍ക്കോ കഴിഞ്ഞ തവണ തീരെ വോട്ട് കിട്ടാതിരുന്ന ബൂത്തുകളാണ് ഡി കാറ്റഗറിയില്‍ അടയാളപ്പെടുത്തിയിരുന്നത്. ഇത്തരം ബൂത്തുകളില്‍ ഹരിയാനയിലേതിന് സമാനമായി ചെറു സംഘങ്ങളായിട്ടായിരുന്നു ആര്‍എസ്എസിന്റെ പ്രവര്‍ത്തനം.

ഹരിയാന മാതൃക

ഭരണവിരുദ്ധ വികാരവും മറ്റു രാഷ്ട്രീയ വിഷയങ്ങളും ബിജെപിക്ക് എതിരാകുമെന്ന വിശ്വാസത്തില്‍ അമിത ആത്മവിശ്വാസത്തോടെ ഹരിയാന തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടു. എന്നാല്‍, ഭരണവിരുദ്ധ വികാരം സ്വയം തിരിച്ചറിഞ്ഞ ബിജെപി മറുതന്ത്രം പയറ്റി ചരിത്ര വിജയവും നേടി. ഒരു മാസത്തോളം ബിജെപിയും ആര്‍എസ്എസ്എസ് പ്രവര്‍ത്തകരും വലിയ ഏകോപനത്തോടെ വീടുതോറും നടത്തിയ പ്രചാരണം തുടര്‍ച്ചയായ മൂന്നാം വിജയത്തിലേക്ക് പാര്‍ട്ടിയെ നയിച്ചു.

2020-21-ല്‍ നടന്ന കര്‍ഷക സമരം ഹരിയാനയില്‍ ബിജെപിയുടെ ജനകീയതയ്ക്ക് വലിയ തോതില്‍ കോട്ടമുണ്ടാക്കിയിരുന്നു. പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും പാര്‍ട്ടിക്കെതിരായി. അന്നത്തെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ കീഴിലുള്ള ഹരിയാന സര്‍ക്കാരിന്റെ ജനപ്രീതി കുറയുകയാണെന്ന് ആര്‍എസ്എസ് നടത്തിയ ആഭ്യന്തര സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു നേതൃമാറ്റത്തിനും ആഹ്വാനമുണ്ടായി. ഗ്രാമീണ വോട്ടര്‍മാരുമായി വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ സജീവമാക്കുന്നതിനും ബിജെപി ആര്‍എസ്എസിന്റെ സഹായം തേടി.

ഇതിനിടിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഖട്ടാറിനെ മാറ്റി നയാബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണ തകര്‍ച്ച ഒഴിവാക്കാന്‍ ബിജെപിയെ ഒരു പരിധി വരെ ഇത് സഹായിച്ചു.

ഈ വര്‍ഷം ജുലായ് 29ന് അശോക റോഡിലെ ബിജെപി ആസ്ഥാനത്ത് നടന്ന തന്ത്രപ്രധാനമായ യോഗം ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍, ബിഎല്‍ സന്തോഷ്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുള്‍പ്പെടെയുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഈ യോഗത്തില്‍ രൂപപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അംഗീകാരത്തോടെ തന്നെ ഈ തന്ത്രം നിശബ്ദമായി നടപ്പാക്കുകയും ചെയ്തു. താഴേത്തട്ടില്‍ പാര്‍ട്ടി ഇടപെടല്‍ പുനരുജ്ജീവിപ്പിക്കുന്നതിനാണ് ചര്‍ച്ചകള്‍ ഊന്നല്‍ നല്‍കിയത്. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതും ഗ്രാമീണ വോട്ടര്‍മാരുമായുള്ള ബന്ധം മെച്ചപ്പെടുത്തലും ഏകോപനങ്ങളും അടക്കം സുപ്രധാന തീരുമാനങ്ങളും ഈ യോഗത്തില്‍ കൈക്കൊണ്ടു.

സെപ്റ്റംബര്‍ ആദ്യം, ഓരോ ജില്ലയിലും കുറഞ്ഞത് 150 വാളണ്ടിയര്‍മാരെ വിന്യസിച്ചുകൊണ്ട് ഒരു ഗ്രാമീണ വോട്ടര്‍ ബോധവത്കരണ പരിപാടി ആര്‍എസ്എസ് ആരംഭിച്ചു. ഗ്രാമീണ സമൂഹങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ബി.ജെ.പി സര്‍ക്കാരിനെതിരായ വര്‍ദ്ധിച്ചുവരുന്ന ഭരണവിരുദ്ധ വികാരം പരിഹരിക്കുന്നതിനുമായിരുന്നു ഇത്. വീടുവീടാന്തരം കയറി ഇറങ്ങിയ ആര്‍എസ്എസ് കേഡര്‍മാര്‍ പ്രചാരണത്തിന്റെ ഭാഗമായി പതിനായിര കണക്കിന് ചെറുയോഗങ്ങളും നടത്തി. ഹരിയാനയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ബിജെപി സ്വന്തമാക്കുകയും ചെയ്തു. ശേഷം ആര്‍എസ്എസിന്റെ മേല്‍നോട്ടം മഹാരാഷ്ട്രയിലായിരുന്നു അവിടെയും ത്രസിപ്പിക്കുന്ന വിജയമാണ് ബിജെപിക്ക് ആര്‍എസ്എസ് നേടിക്കൊടുത്തത്.

സര്‍ക്കാര്‍ പദ്ധതികളും നിര്‍ണായകം

പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കുന്ന ലഡ്കി ബെഹന്‍ പദ്ധതി കുറിക്കു കൊണ്ടുവന്നാണ് ഫലം സൂചിപ്പിക്കുന്നത്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ തുക 2100 ആക്കി ഉയര്‍ത്തുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനവും നല്‍കിയിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിപ്പുറം ഏറ്റവും കൂടിയ പോളിങ്ങാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ (65%) കണ്ടത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീ വോട്ടുകളാണ് കൂടുതല്‍.

നഗരങ്ങളിലേതിനേക്കാള്‍ ഗ്രാമങ്ങളിലാണ് സ്ത്രീ വോട്ട് വര്‍ധിച്ചത്. മുംബൈയില്‍ ടോള്‍ ഒഴിവാക്കിയതും ജനങ്ങളെ സ്വാധീനിച്ചു. സംവരണ വിഷയങ്ങളില്‍ ഭിന്നിച്ചു നിന്ന ജാതി സമുദായ വോട്ട് ബാങ്കുകളെ ഹിന്ദുത്വ മുദ്രാവാക്യങ്ങളിലൂടെ ബി.ജെ.പിക്ക് ഒന്നിപ്പിക്കാനായി എന്നും കരുതുന്നു.

ജാതി സെന്‍സസ്, മൊത്ത സംവരണ പരിധി 50 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് എം.വി.എ നല്‍കിയത്. മഹായുതി ലഡ്കി ബെഹന്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാഷ്ട്രീയ കാലാവസ്ഥയില്‍ മാറ്റം വന്നത് എം.വി.എ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ എം.വി.എ വാഗ്ദാനം ചെയ്തിരുന്നു.

Tags:    

Similar News