മേയ്ക്അപ്പുമാന്റെ അറസ്റ്റില്‍ നിറയുന്നത് മലയാള സിനിമയ്ക്ക് കഞ്ചാവുമായുള്ള ബന്ധം; ആവേശത്തിലും രോമാഞ്ചത്തിലും പ്രവര്‍ത്തിച്ച ആര്‍ജി വയനാടന്‍ പല നടീ നടന്‍മാരുടെയും വിശ്വസ്തന്‍; രഞ്ജിത് ഗോപീനാഥിന്റെ അറസ്റ്റില്‍ നിറയുന്നത് എന്ത്? മോളിവുഡിലും ഹൈബ്രിഡ് കഞ്ചാവ്
തൊടുപുഴ (ഇടുക്കി): മേയ്ക്അപ്പുമാന്റെ അറസ്റ്റില്‍ നിറയുന്നത് മലയാള സിനിമയ്ക്ക് കഞ്ചാവുമായുള്ള ബന്ധം. ആവേശത്തിലും രോമാഞ്ചത്തിലും പ്രവര്‍ത്തിച്ച ആര്‍ജി വയനാടന്‍ പല നടീ നടന്‍മാരുടെയും വിശ്വസ്തന്‍. രഞ്ജിത് ഗോപീനാഥിന്റെ അറസ്റ്റില്‍ നിറയുന്നത് എന്ത്? മോളിവുഡിലും ഹൈബ്രിഡ് കഞ്ചാവ് എത്തുന്നുണ്ട് എന്നതിന്റെ തെളിവാണ്.
മലയാള സിനിമയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നുവെന്ന ആരോപണങ്ങള്‍ക്ക് ഭാരം കൂടിയതോടെ, ഒടുവില്‍ സിനിമാ ലോകവുമായി ബന്ധപ്പെട്ട ഒരാള്‍ കൂടി പൊലീസ് പിടിയിലായിരിക്കുകയാണ്. ആര്‍.ജി. വയനാടന്‍ എന്നറിയപ്പെടുന്ന പ്രമുഖ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥ് ആണ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഈ അറസ്റ്റ് മലയാള സിനിമയെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ലഹരി ഉപയോഗം സിനിമാ സെറ്റുകളില്‍ വ്യാപകമാണെന്ന നിരന്തര ആരോപണങ്ങള്‍ക്ക് ശക്തമായ തെളിവായാണ് ഈ അറസ്റ്റ് കണക്കാക്കുന്നത്.
മലയാള സിനിമയിലെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രഞ്ജിത്ത്, അവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങിയ സിനിമകളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. ചില പ്രമുഖ താരങ്ങളുടെയും, ലഹരി ആരോപണ നിഴലിലിരിക്കുന്നവരുടെയും വിശ്വസ്തന്‍ എന്ന നിലയില്‍ രഞ്ജിത്ത് സിനിമാ ലോകത്തുള്ളവര്‍ക്കിടയില്‍ സുപരിചിതനായിരുന്നു.
എക്‌സൈസ് വകുപ്പിന്റെ 'ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ' പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും നടപടിയില്‍ പങ്കെടുത്തു.
രഞ്ജിത്തിന്റെ അറസ്റ്റിന് ശേഷം, സിനിമാ മേഖലയിലെ മറ്റു ചിലരിലേക്കും അന്വേഷണം വരുമെന്നാണ് കരുതുന്നത്. പ്രമുഖ താരങ്ങളുമടക്കം ചിലര്‍ ഈ ഇടപാടുകളില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കും. മലയാള സിനിമയിലെ ചില പ്രമുഖര്‍ നേരത്തെ തന്നെ ലഹരി ഉപയോഗത്തിലും പാര്‍ട്ടികളിലും പങ്കെടുത്തിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ഇത് മാത്രമല്ലെന്നും, സിനിമാ സെറ്റുകളിലും ഇന്‍ഡസ്ട്രിയിലും ആഴത്തിലുള്ള ലഹരി ബന്ധം നിലനിലക്കുന്നതായും പോലീസ് സ്ഥിരീകരിക്കുന്നു.