പുരെട്ച്ചി തലൈവി അമ്മയാണെന്ന് പറഞ്ഞ് വരുന്ന ഒമ്പതാമത്തെ സ്ത്രീ; ഇതിനുമുമ്പ് വന്ന എട്ട് സ്ത്രീകളും പരിശോധനയില്‍ തള്ളിപ്പോയി; പലര്‍ക്കുമുള്ളത് മാനസിക വിഭ്രാന്തി; ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശപ്പെട്ട് വന്ന മലയാളി യുവതിയെയും അധികൃതര്‍ സുക്ഷ്മമായി പഠിക്കുന്നു

Update: 2025-07-16 17:40 GMT

എംജിആറിന് ജയലളിതയിലുണ്ടായ മകളാണ് താനെന്നും, അമ്മയെ ശശികല ചവിട്ടിക്കൊല്ലുന്നത് നേരിട്ടുകണ്ടുവെന്നും അവകാശപ്പെട്ട്, തൃശൂര്‍ സ്വദേശിനിയായ കെ എം സുനിത എന്ന പെണ്‍കുട്ടി രംഗത്തെത്തിയത്, തമിഴകത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു. പക്ഷേ വെറുതെ പറയുകയല്ല, എല്ലാം തെളിയിക്കാനും തയ്യാറാണ് എന്നാണ് സുനിത പറയുന്നത്. ജയലളിതയുടെ മരണത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സുനിത കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. എംജിആറിന്റെ ജോലിക്കാരന്‍ മുഖാന്തിരം അദ്ദേഹത്തിന്റെ വീട്ടിലാണ് താന്‍ വളര്‍ന്നതെന്നും അവര്‍ പറയുന്നു.

തന്റെ അമ്മയായ ജയലളിത 18ാം വയസില്‍ തന്നെ തിരിച്ചറിഞ്ഞതാണെന്നും ജീവിച്ചിരുന്നപ്പോള്‍ പോയി കാണാറുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. 'എന്റെ എല്ലാ കാര്യങ്ങളും അമ്മ നടത്തിത്തരാറുണ്ട്. എനിക്ക് 2024 ഓഗസ്റ്റ് വരെ പണം തന്നിട്ടുണ്ട്.അമ്മ എന്നെ നേരത്തെ അംഗീകരിച്ചിരുന്നു. ഡിഎന്‍എ യും ടെസ്റ്റ് ചെയ്തിരുന്നു. സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ ഇരുന്നതാണ്. സെപ്റ്റംബര്‍ 22 ന് എന്നോട് വരാന്‍ ആവശ്യപ്പെട്ടിരുന്നു. അന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്ക് നീതി വേണം. ''-സുനിത പറഞ്ഞു.

എന്നാല്‍ ഈ വാദങ്ങള്‍ പൊലീസും, തമിഴ്നാട് സര്‍ക്കാറിന്റെ മെഡിക്കല്‍ ടീമും അംഗീകരിച്ചിട്ടില്ല. കാരണം ജയലളിതയുടെ മകളാണെന്ന് പറഞ്ഞ് വരുന്ന 9-ാമത്തെ സ്ത്രീയാണിത്. നേരത്തെയുള്ള 8 സംഭവങ്ങളും പൊളിയുകയായിരുന്നു.

പലര്‍ക്കും മാനസിക പ്രശ്നങ്ങള്‍

ബംഗളൂരു സ്വദേശിനിയായ അമൃത മഞ്ജുള എന്ന മുപ്പത്തിയേഴുകാരിയാണ് ഏറ്റവും അവസാനം ജയലളിതയുടെ മകളാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ജയലളിത തന്റെ അമ്മയാണെന്നും ഇത് തെളിയിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഈ യുവതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഡിഎന്‍എ ടെസ്റ്റിനായി ജയലളിതയുടെ മൃതദേഹം പുറത്തെടുക്കണമെന്നുമാണ് അമൃത, ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 1980 ആഗസ്റ്റ് 14 ന് മൈലാപൂരിലെ ജയലളിതയുടെ വീട്ടിലാണ് തന്റെ ജനനം. ജയലളിതയുടെ ആദരവിന് ഇടിവു വരാതിരിക്കാനാണ് ഇക്കാര്യം രഹസ്യമാക്കിവച്ചതെന്നുമാണ് അമൃത അന്ന് ഹര്‍ജിയില്‍ ആരോപിച്ചത്. ഇത് വലിയ കോലഹാലം സൃഷ്ടിച്ചിരുന്നു.

ഇതേഅവസ്ഥയായിരുന്നു മറ്റുള്ള ഏഴുപേര്‍ക്കും. ഇവര്‍ എല്ലാവരും തന്നെ ജയലളിതയുമായി രൂപ സാദൃശ്യം ഉള്ളവരായിരുന്നു. പക്ഷേ പരിശോധനയില്‍ ഇവരില്‍ പലര്‍ക്കും, ഗുരുതരമായ മാനസിക വിഭ്രാന്തിയുണ്ടെന്നും മനസ്സിലാക്കാനായി. പലരും വളരെ വിശ്വസനീയമയാണ് കഥയുണ്ടാക്കുന്നത്, എന്നാണ് തമിഴ്നാട് പൊലീസിനെ ഉദ്ധരിച്ച് ചലച്ചിത്രമാസികമായ ആനന്ദവികടന്‍ എഴുതുന്നത്. അവര്‍ കഥയുണ്ടാക്കുന്നത് അല്ല, അവരുടെ മനസ്സ് അവരെ അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

നേരത്തെ തന്നെ സെലിബ്രിറ്റികളുടെ മക്കളാണെന്നും പറഞ്ഞ് കേസ് കൊടുക്കുന്ന രീതി പലയിടത്തും ഉണ്ടായിട്ടുണ്ട്. ഐശ്വര്യ റായിയുടെ മുന്‍ ഭര്‍ത്താവാണ് എന്നും പറഞ്ഞു രഹസ്യമകനാണെന്നും പറഞ്ഞ് രണ്ട് ഫേക്ക് കേസുകള്‍ ഉണ്ടായിട്ടുണ്ട്. നടന്‍ ധനൂഷ് തന്റെ ഒളിച്ചോടിപ്പോയ മകനാണെന്ന് പറഞ്ഞ് ഒരു ദമ്പതികള്‍ നല്‍കിയ കേസും ചീറ്റിപ്പോയി. അതുകൊണ്ടുതന്നെ ഈ കേസിലും പൊലീസ് സൂക്ഷ്മമായാണ് നീങ്ങുന്നത്.

എല്ലാം മകള്‍, മകനില്ല

ജയലളിതയുടെ മകനാണ് എന്ന് പറഞ്ഞ് ഇതുവരെ ആരും രംഗത്തുവന്നിട്ടില്ല. എല്ലാം മകളാണ് എന്ന അവകാശവാദങ്ങളാണ്. ഇതിനുള്ള കാരണം സംവിധായകനും, ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകനുമായ ആലപ്പി അഷ്റഫ് തന്റെ യുട്യൂബ് ചാനലിലുടെ ഇങ്ങനെ വ്യക്തമാക്കുന്നു-''

'എംജിആറുമായി ജയലളിത അകന്ന സമയത്ത് തെലുഗു നടന്‍ ശോഭന്‍ ബാബുവുമായി അവര്‍ അടുപ്പത്തില്‍ ആയെന്നും അതിലൊരു പെണ്‍കുട്ടി പിറന്നെന്നും കഥകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാവും പെണ്‍മക്കള്‍ എന്ന പേരില്‍ മാത്രം ആളുകള്‍ രംഗത്ത് വരുന്നത്. എംജിആര്‍ ആദ്യം വിവാഹം കഴിച്ചത് തങ്കമണി എന്ന സ്ത്രീയെ ആയിരുന്നു. അവര്‍ മരിച്ചതോടെ സത്യവതിയെ വിവാഹം ചെയ്തത്. അവരും അസുഖം ബാധിച്ച് മരിച്ചതോടെ ആയിരുന്നു വിഎന്‍ ജാനകിയെ വിവാഹം ചെയ്തത്. മൂന്ന് വിവാഹം കഴിച്ചെങ്കിലും അതിലൊരു കുട്ടി പോലും അദ്ദേഹത്തിന് ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു അത്. അങ്ങനെയുള്ള എംജിആര്‍ കുട്ടിയെ വേറെ ആര്‍ക്കും വളര്‍ത്താന്‍ കൊടുക്കില്ല, സ്വന്തമായി പൊന്നുപോലെ വളര്‍ത്തുമായിരുന്നു. ''- ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.

എംജിആറും ജയലളിതയും തമ്മില്‍ പ്രണയം ഉണ്ടായിരുന്നെങ്കിലും അതില്‍ ഒരു കുഞ്ഞു പിറന്നിട്ടില്ല എന്നാണ് അടുത്ത സുഹൃത്തുക്കളും പറയുന്നത്. എംജിആറിനെക്കുറിച്ച് വളരെകുറച്ച് അഭിമുഖങ്ങളിലാണ് ജയലളിത പറഞ്ഞിട്ടുള്ളത്. സുഹൃത്തും നടിയുമായ സിമി ഗ്രാവലിന് നല്‍കിയ അഭിമുഖത്തിലാണ് എംജിആറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജയലളിത തുറന്ന് മറുപടി പറഞ്ഞത്. 'നിങ്ങള്‍ എംജിആറുമായി പ്രണയത്തിലായിരുന്നോ' എന്നായിരുന്നു അവതാരകയുടെ ഒരു ചോദ്യം. ഈ ചോദ്യം കേട്ടപ്പാള്‍, ഒരു പുഞ്ചിരിയോടെയാണ ജയ അദ്ദേഹത്തോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞത്.

'എംജിആറിനെ കണ്ടുമുട്ടുന്നവരെല്ലാം അദ്ദേഹത്തിന്റെ ആകര്‍ഷകമായ വ്യക്തിത്വം കാണുന്നതോടെ പ്രണയത്തിലാവുമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന്' ജയ പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയില്‍ എംജിആര്‍ എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന്, 'അദ്ദേഹം വളരെ കരുതലുള്ള ആളായിരുന്നുവെന്നും അമ്മയ്ക്ക് ശേഷം എന്റെ ജീവിതത്തില്‍ അവശേഷിച്ച ശൂന്യത നികത്തിയത് എംജിആര്‍ ആണെന്നും' ജയലളിത പറഞ്ഞു. പിന്നീട് എംജിആര്‍ നിങ്ങളുടെ ജീവിതത്തില്‍ ആധിപത്യം പുലര്‍ത്തിയോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ജയയുടെ മറുപടി.

തുടര്‍ന്നു ജയലളിത പറഞ്ഞു, 'എന്റെ അമ്മയും എം.ജി.ആറും ശാഠ്യമുള്ള വ്യക്തിത്വങ്ങളായിരുന്നു. അമ്മ എന്റെ ജീവിതത്തില്‍ ആധിപത്യം സ്ഥാപിച്ചു. എം.ജി.ആര്‍. അവന്‍ നമ്മുടെ കാര്യത്തില്‍ പൊസസീവ് ആയിരുന്നു' എന്നായിരുന്നു ജയലളിത പറഞ്ഞത്. അങ്ങനെ അവര്‍ രണ്ടുപേരും എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിത്വങ്ങളായിരുന്നവെന്നും ജയലളിത തുറന്നടിച്ചത്. ഈ ബന്ധങ്ങളെല്ലാം അവരുടെ പൊതുസുഹൃത്തുക്കളും അംഗീകരിക്കുന്നുണ്ട്. പക്ഷേ ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായ കാര്യം ആരും കേട്ടിട്ടില്ല.

Tags:    

Similar News