വന്‍കുടലില്‍ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടി വിശ്രമത്തില്‍; അഞ്ചു ദിവസത്തെ പ്രോട്ടോണ്‍ തെറാപ്പി നടത്തും; ആശങ്കപെടേണ്ട സാഹചര്യമൊന്നുമില്ല; അപ്പോളോയിലെ ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി അടക്കം ആശയ വിനിമയം നടത്തി; സത്യം പറഞ്ഞ് ദീപിക; മറുനാടനെ 'ആക്രമിക്കുന്നവര്‍' ഈ വാര്‍ത്ത വായിക്കണം

Update: 2025-03-18 03:09 GMT

കൊച്ചി: മറുനാടന്‍ മലയാളിയെ 'സൈബര്‍ ആക്രമണത്തിന്' വിധേയരാക്കുന്നവര്‍ അറിയാന്‍ ഇതേ കേരളത്തിലെ പ്രമുഖ പത്രത്തില്‍ വന്നൊരു വാര്‍ത്ത. ദീപിക പത്രത്തിലാണ് ഈ വാര്‍ത്തയുള്ളത്. ഓണ്‍ലൈനിലും ദീപിക പ്രാധാന്യത്തോടെ നല്‍കുന്നു. വന്‍കുടലില്‍ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടി വിശ്രമത്തില്‍ എന്നാണ് ദീപികയുടെ വാര്‍ത്ത. ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ ഈയാഴ്ച അദ്ദേഹം ചികിത്സയ്ക്കു വിധേയനാകും. അഞ്ചു ദിവസത്തെ പ്രോട്ടോണ്‍ തെറാപ്പിയാണ് നടത്തുന്നത്. അതിനായി നാളെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നും ദീപിക പറയുന്നു. മമ്മൂട്ടിയുടെ അസുഖത്തില്‍ ആശങ്കപ്പെടാനില്ലെന്നും രോഗ കാരണമെന്തെന്നും പുറത്തു വിട്ടത് മറുനാടന്‍ മലായളിയാണ്. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ ഫാന്‍സ് ചില പ്രചരണവുമായി എത്തി. മറുനാടനെ പരിഹസിക്കുന്ന പ്രചരണവും എത്തി. എന്നാല്‍ ഇതെല്ലാം കള്ളമാണെന്നും മറുനാടന്‍ പറഞ്ഞത് ശരിയാണെന്നും തെളിയിക്കുകായണ് ദീപികയുടെ വാര്‍ത്ത.

എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേതന്നെ രോഗനിര്‍ണയം നടന്നതിനാല്‍ പ്രാഥമിക ചികിത്സകൊണ്ട് നടന് പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ. താരം ഇപ്പോള്‍ ചെന്നൈയിലെ വസതിയിലാണുള്ളത്. ഇവിടെനിന്നു ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ നിത്യവും പോയി മടങ്ങത്തക്കവിധമാണു ചികിത്സ ക്രമീകരിച്ചിരിക്കുന്നത്. ഭാര്യ സുല്‍ഫത്ത്, മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍, ഭാര്യ അമല്‍ സൂഫിയ, മകള്‍ സുറുമി, മകളുടെ ഭര്‍ത്താവ് ഡോ. മുഹമ്മദ് റെഹാന്‍ സയിദ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടെന്നും ദീപിക പറയുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിച്ചുവരികയായിരുന്നു മമ്മൂട്ടി. മോഹന്‍ലാലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയുമുള്‍പ്പെടെ വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്. ഇതിന്റെ ചിത്രീകരണത്തില്‍നിന്ന് ഇടവേളയെടുത്താണ് ചികിത്സ. പ്രോട്ടോണ്‍ തെറാപ്പി കഴിഞ്ഞ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്നും ദീപിക പറയുന്നു.

മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പിആര്‍ ടീം അറിയിച്ചിരുന്നു. റംസാന്‍ വ്രതം കാരണം സിനിമാ ഷൂട്ടിംഗില്‍ നിന്ന് താല്‍ക്കാലികമായി ഇടവേള എടുത്തതാണെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും സ്ഥിരീകരിച്ചത് പോലെയായിരുന്നു വാര്‍ത്ത. ഊഹാപോഹങ്ങള്‍ സത്യമല്ലെന്നും മമ്മൂട്ടി ആരോഗ്യവാനാണെന്നും റംസാന്‍ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് ഇടവേള എടുത്തതെന്നും വ്യക്തമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ പിആര്‍ ടീം. ''അത് വ്യാജ വാര്‍ത്തയാണ്. റംസാന്‍ വ്രതം അനുഷ്ഠിക്കുന്നതിനാല്‍ അദ്ദേഹം അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഷൂട്ടിംഗ് ഷെഡ്യൂളില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹന്‍ലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങും,'' മമ്മൂട്ടിയുടെ പിആര്‍ ടീം മിഡ്-ഡേ പത്രത്തോട് പറഞ്ഞത് ഇങ്ങനെയാണ്. എന്നാല്‍ മമ്മൂട്ടിയുടെ കുടുംബം ഈ വാര്‍ത്തകളോട് പ്രതികരിച്ചതുമില്ല. അന്ന് തന്നെ നിലവില്‍ മമ്മൂട്ടി ചെന്നൈയിലാണുള്ളതെന്ന് മറുനാടന്‍ വാര്‍ത്ത നല്‍കി. കുടലിലെ പ്രശ്നത്തിന് ചികില്‍സ എടുക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതൊന്നും പി ആര്‍ ടീം സ്ഥിരീകരിക്കുന്നില്ലെന്നും പറഞ്ഞു. ഇതിന് ശേഷമാണ് മറുനാടനെതിരെ സൈബര്‍ ആക്രമണം ചില കോണുകള്‍ തുടങ്ങിയത്. മുഖ്യധാരാ മാധ്യമങ്ങളാരും മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ ചര്‍ച്ചയാക്കിയതുമില്ല.

ദീപിക വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ചുവടെ


കുടലിലെ അസുഖത്തിന് ചികില്‍സയിലുള്ള സൂപ്പര്‍ താരം മമ്മൂട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയും സൂചന നല്‍കുന്നുണ്ട്. രണ്ടാഴ്ചയായി മമ്മൂട്ടി ചികില്‍സയിലാണ്. രോഗ നിര്‍ണ്ണയം പ്രാരംഭ ഘട്ടത്തില്‍ തന്നെ നടന്നതു കൊണ്ട് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നടനുണ്ടായില്ല. പ്രാഥമിക ചികില്‍സകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. താമസിയാതെ തന്നെ സിനിമാ അഭിനയത്തിലും സജീവമാകും. ആരോഗ്യത്തിലെ ഗുരുതരാവസ്ഥയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങളും അറിയിക്കുന്നുണ്ട്. ഇത്തരത്തിലൊരു അഭ്യൂഹം മറുനാടന്‍ കൊടുത്തിരുന്നില്ല. മമ്മൂട്ടിയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നമില്ലെന്ന് തന്നെയാണ് മറുനാടന്‍ വിശദീകരിച്ചിരുന്നത്. തുടക്കം മുതല്‍ തന്നെ ചികില്‍സാ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരും സജീവ അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് മമ്മൂട്ടിയുടെ ചികില്‍സാകാര്യങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് മലയാളത്തിലെ സൂപ്പര്‍താരത്തിന്റെ ചികില്‍സയ്ക്ക് മേല്‍നോട്ടം നല്‍കുന്നത്. വിദേശത്ത് അടക്കം പോയുള്ള ചികില്‍സയുടെ ആവശ്യം ഈ ഘട്ടത്തില്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഷൂട്ടിംഗ് നിര്‍ത്തി അച്ഛന്റെ ചികില്‍സയ്ക്ക് പോയെന്ന സോഷ്യല്‍ മീഡിയാ ചര്‍ച്ചയോടെയാണ് മമ്മൂട്ടിയുടെ അസുഖ വിവരം സോഷ്യല്‍ മീഡിയയില്‍ പലവിധ അഭ്യൂഹമായി മാറിയത്.

മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയില്‍ പൂര്‍ത്തിയായിരുന്നു. മലയാള സിനിമയിലെ രണ്ട് വലിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്‌ക്രീനില്‍ ഒന്നിക്കുന്നു ഈ മള്‍ട്ടിസ്റ്റാര്‍. താല്‍ക്കാലികമായി എംഎംഎംഎന്‍ (മമ്മൂട്ടി, മോഹന്‍ലാല്‍, മഹേഷ് നാരായണന്‍) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും അഭിനയിക്കുന്നുണ്ട്. അടുത്തിടെ, മമ്മൂട്ടി തന്റെ വരാനിരിക്കുന്ന ചിത്രമായ ബസൂക്കയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. 2023 ല്‍ പ്രഖ്യാപിച്ച ചിത്രം, നിര്‍മ്മാണവും പോസ്റ്റ്-പ്രൊഡക്ഷനും കഴിഞ്ഞ് 2025 ഏപ്രില്‍ 10 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ഒരു ആക്ഷന്‍ ത്രില്ലറാണ് ബസൂക്ക. റമദാന്‍ കാലം കൂടി ആയതിനാല്‍ ഷൂട്ടിങ് റദ്ദാക്കി മമ്മൂട്ടിയും ദുല്‍ക്കറും ചെന്നൈയില്‍ താമസിച്ചു വരികയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ എത്തിയത്. ട്വിറ്ററിലും മറ്റുമായി ചില ട്വീറ്റുകളില്‍ ചൂണ്ടിക്കാട്ടിയത് മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്‌നമെന്ന പ്രചരണം ശക്തമായത്.

നടനുണ്ടായ ആരോഗ്യകരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കയാണെന്നാണ് വരുണ്‍ എന്നയാള്‍ ട്വീറ്റ് ചെയ്തത്. എന്തുപറ്റി മമ്മൂട്ടിക്ക് എന്ന ചോദ്യത്തില്‍ അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായും ഇയാള്‍ മറുപടി നല്‍കി. ഇത് കൂടാതെ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് സൈബറിടങ്ങളില്‍ പലതലത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. താരത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടു, ആന്‍ജിയോപ്ലാസ്റ്റി ചെയ്തു എന്നിങ്ങനെ പലവിധത്തിലാണ് പ്രചരണം വന്നത്. ഇതോടെ ഇതേക്കുറിച്ച് അന്വേഷിച്ച മറുനാടന് മമ്മൂട്ടിക്ക് നേരിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു. ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധാലുവായ മമ്മൂട്ടി ഇടക്ക് ശര്‍ദ്ദിക്കുന്ന അവ്സ്ഥ വന്നു. ഇതോടെ പരിശോധനകള്‍ നടത്തിയപ്പോള്‍ കുടല്‍ കാന്‍സറിന്റെ നേരിയ തുടക്കമെന്നാണ ഡയഗ്നോസ് ചെയ്തത്. എന്നാല്‍, ഇത് അത്ര ഗൗരവമുള്ളതല്ലെന്നും നിസ്സാര പ്രശ്‌നമാണെന്നുമാണ് അറിയാന്‍ മമ്മൂട്ടിയുടെ ദൈനംദിന കാര്യങ്ങളെ കുറിച്ച് അറിയാവുന്നവര്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളെത്തി. ഇതിലെ വസ്തുതകളാണ് മറുനാടന്‍ രണ്ടു ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തത്.

Tags:    

Similar News