'അവനെ ഗംഗാവലി പുഴയ്ക്ക് കൊടുക്കില്ല; ഞാന്‍ അര്‍ജുന്റെ അമ്മയ്ക്ക് കൊടുത്ത വാക്കാണ്, അവനെ കൊണ്ടേ ഇവിടുന്ന് പോകുള്ളൂ'; വിതുമ്പി ലോറി ഉടമ മനാഫും
അവനെ ഗംഗാവലി പുഴയ്ക്ക് കൊടുക്കില്ല;
അങ്കോള: ഷിരൂരിലെ മണ്ണിടിച്ചിലില്‍ ഗംഗാവലിപ്പുഴയില്‍ കാണാതായ ലോറി കണ്ടെത്തിയിട്ടുണ്ട്. ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന്റെതെന്ന് കരുതുന്ന മൃതദേഹവും കാബിനില്‍ കണ്ടെത്തുകയുണ്ടായി. 71 ദിവസത്തെ തെരച്ചിലിനൊടുവിലാണ് ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നത്. ക്യാബിനില്‍ ഉണ്ടായിരുന്ന മൃതദേഹം പുറത്തെടുത്തു. അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും ലോറിയുടമയും ഈ സമയം ദൗത്യസ്ഥലത്ത് ഉണ്ടായിരുന്നു. കണ്ണീരോടെയാണ് ഇരുവരും ഈ നിമിഷത്തിന് സാക്ഷിയായത്. അര്‍ജുന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് താന്‍ പാലിച്ചെന്ന് ലോറിയുടമ മനാഫ് പറഞ്ഞു.
'അര്‍ജുനെയും കൊണ്ടേ ഞാന്‍ പോകുള്ളൂ. അത് ഞാന്‍ അമ്മയ്ക്ക് കൊടുത്ത വാക്കാണ്. ഒരാള്‍ ഒരു കാര്യത്തിന് വേണ്ടി ഉറച്ച് നിന്നാല്‍ അത് സാധിക്കുമെന്നതിന്റെ തെളിവാണ് ഇത്. അര്‍ജുനെ ഗംഗാവലി പുഴയില്‍ ഉപേക്ഷിച്ച് പോകാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. അതിനാലാണ് ഇത്രയും നാള്‍ കഷ്ടപ്പെട്ടത്. അര്‍ജുന്റെ അമ്മയ്ക്ക് നല്‍കിയ ഉറപ്പ് ഞാന്‍ പാലിച്ചു. ഇനി അവനെ അവിടെ എത്തിക്കും',- മനാഫ് പറഞ്ഞു.
അര്‍ജുന്‍ കാബിനില്‍ ഉണ്ടാകുമെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. വണ്ടി തനിക്ക് വേണ്ടെന്നും അര്‍ജുന്റെ മൃതദേഹം എടുത്താല്‍ മതിയെന്നും പറഞ്ഞു. വണ്ടി കിട്ടാന്‍ വേണ്ടി മാത്രമാണ് തന്റെ ശ്രമം എന്ന് വരെ പ്രചാരണം ഉണ്ടായി എന്നും മനാഫ് വൈകാരികമായി പ്രതികരിച്ചു. ജൂലായ് 16നാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അര്‍ജുനെ കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായത്.
കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാല്‍ തെരച്ചില്‍ പലപ്പോഴും അനിശ്ചിതത്വത്തില്‍ തുടര്‍ന്നപ്പോഴും, ഡ്രഡ്ജര്‍ എത്തിച്ചുളള തെരച്ചിലില്‍ അര്‍ജുനെ കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷയാണ് ഇപ്പോള്‍ ഏറെ ദുഖപൂര്‍ണമാണെങ്കില്‍ പോലും ഫലം കണ്ടത്.
ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്ത് പുറത്തെത്തിക്കുകയായിരുന്നു. അര്‍ജുന്റെ ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങില്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാര്‍ഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറയുകയും ചെയ്തിരുന്നു. നേരത്തെ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയര്‍ കണ്ടെത്തിയിരുന്നു. കയര്‍ അര്‍ജുന്റെ ലോറിയിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന തിരച്ചിലിലാണ് നിര്‍ണായകമായ ലോറി കണ്ടെത്തിയത്.