മണിപ്പൂർ വീണ്ടും അശാന്തം; സമാധാന നീക്കങ്ങൾക്ക് പിന്നാലെ വീണ്ടും സംഘർഷം ശക്തമാകുന്നു; പ്രശ്‌ന മേഖലകളിൽ സേനയെ അടക്കം വിന്യസിച്ചു; റോഡുകൾ തടഞ്ഞും വാഹനങ്ങൾ കത്തിച്ചും പ്രതിഷേധം; എങ്ങും തെരുവുയുദ്ധത്തിന് സമാനമായ കാഴ്ചകൾ; സ്ഥിതിഗതികൾ വിലയിരുത്തി അമിത്ഷാ;സംസ്ഥാനത്ത് അതീവ ജാഗ്രത!
ഇംഫാൽ: കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്തമാകുന്നു. വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് സംഘർഷം ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. കാംഗ്പോക്പിയില്‍ ഉണ്ടായ സംഘർഷത്തിലാണ് ഒരാൾ മരിച്ചത്. ഇവിടെ സർവീസ് നടത്തിയ സർക്കാർ ബസിന് നേരെ കല്ലേറും ഉണ്ടായി. തുടർന്നാണ് സുരക്ഷസേനയും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായത്.
പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഗതാഗതം തുടരുകയാണ്. അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സമാധാനശ്രമങ്ങളുടെ ഭാഗമായി താഴ്വരയില്‍ റാലിയും നടന്നു.
ഇപ്പോഴിതാ, കേന്ദ്രത്തിന്റെ സമാധാന നീക്കങ്ങൾക്ക് പിന്നാലെ വീണ്ടും സംഘർഷം തുടങ്ങിയ മണിപ്പൂരിൽ സ്ഥിതിഗതികൾ വിലയിരുത്തിയിരിക്കുകയാണ് അമിത്ഷാ. ഇന്നലെ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട കാങ്പോക്പിയിൽ കുകി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. പ്രശ്ന ബാധിത മേഖലകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ച് ജാഗ്രത കർശനമാക്കി.
മണിപ്പൂർ വീണ്ടും അശാന്തം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദേശ പ്രകാരം ഇന്നലെയാണ് മണിപ്പൂരിൽ റോഡ് ഗതാഗതം പുനസ്ഥാപിക്കാനും സമാധാന റാലികൾ നടത്താനും അധികൃതർ ശ്രമം തുടങ്ങിയത്. എന്നാൽ കുകി വിഭാഗക്കാർ ശക്തമായ എതിർപ്പുയർത്തി. പലയിടത്തും പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ സംഘർഷമുണ്ടായി. മുപ്പതുകാരനായ യുവാവ് വെടിവയ്പ്പിൽ കൊല്ലപ്പെടുകയും നാല്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
27 സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. സുരക്ഷേ സേന പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് കുകി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. പലയിടത്തും റോഡുകൾ തടഞ്ഞു, വാഹനങ്ങളും കത്തിച്ചു.
പിന്നാലെയാണ് സ്ഥലത്ത് കൂടുതൽ കേന്ദ്ര സനയെ വിന്യസിച്ച് ജാഗ്രത കർശനമാക്കിയത്. കേന്ദ്രത്തിന്റെ നടപടികൾ പ്രകോപനകരമാണെന്നാണ് കുകി സംഘടനകൾ പറയുന്നത്. റോഡുകൾ തടഞ്ഞ നടപടിക്കെതിരെ മെയ്തെയ് സംഘടനകൾ പ്രതിഷേധം അറിയിച്ചു. പൊതുഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരും എന്ന് കേന്ദ്രം അറിയിച്ചു. പ്രശ്‌ന ബാധിത മേഖലയിലെ ജനങ്ങൾക്ക് അധികൃതർ ഇതിനോടകം ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.