'ഇത് സൗബിനും സിറാജും തമ്മിലുള്ള സിവില്‍ തര്‍ക്കം മാത്രം; ലാഭവിഹിതം കിട്ടാന്‍ സിവില്‍ കോടതിയെ സമീപിക്കാം'; സൗബിന്‍ സാഹിറിന്റെ ജാമ്യം റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി വ്യക്തമാക്കിയത് ഇങ്ങനെ; കോടതി നിരീക്ഷണത്തില്‍ ഹര്‍ജി പിന്‍വലിച്ചു സിറാജ് വലിയതുറയുടെ തടിതപ്പല്‍; മഞ്ഞുമ്മല്‍ ബോയ്‌സ് കേസില്‍ സംഭവിക്കുന്നത്

'ഇത് സൗബിനും സിറാജും തമ്മിലുള്ള സിവില്‍ തര്‍ക്കം മാത്രം; ലാഭവിഹിതം കിട്ടാന്‍ സിവില്‍ കോടതിയെ സമീപിക്കാം

Update: 2025-07-28 12:34 GMT

ന്യൂഡല്‍ഹി: മഞ്ഞുമ്മല്‍ ബോയ്‌സ് കേസില്‍ നടന്‍ സൗബിന്‍ സാഹിറിനെ വീണ്ടും അഴിക്കുള്ളിലാക്കാന്‍ കോടതിയെ സമീപിച്ച സിറാജ് വലിയതുറയ്ക്ക് വന്‍ തിരിച്ചടിയാണ് സുപ്രീംകോടതിയില്‍ നിന്നും ഇന്നുണ്ടായത്. പരാതി പരിഗണിക്കവേ സുപ്രീം കോടതിയുടെ നിരീക്ഷണം ഭാവിയില്‍ തിരിച്ചടിയാകുമെന്ന് ബോധ്യമായതോടെ പരാതി പിന്‍വലിച്ചു തടിയൂരുകയാിയരുന്നു പരാതിക്കാരന്‍.

കേസിലെ മുന്‍ക്കൂര്‍ജാമ്യം റദ്ധാക്കാന്‍ തയ്യാറാകാതെ സുപ്രീം കോടതി ശ്രദ്ധേയമായ നിരീക്ഷണവും നടത്തി. സൗബിനും സിറാജു തമ്മില്‍ സിവില്‍ തര്‍ക്കം മാത്രമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ലാഭവിഹിതം കിട്ടാന്‍ സിവില്‍ കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി. ഹൈക്കോടതി സൗബിനും കൂട്ടര്‍ക്കും നല്‍കിയ ജാമ്യം റദ്ദാക്കണമെന്നു ആവശ്യപ്പെട്ടു സുപ്രീകോടതിയേ സമീപിച്ച പരാതിക്കാരന്‍ സിറാജ് വലിയതുറയുടെ പരാതി പരിഗണിക്കവേ സുപ്രീം കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് കേസ് പിന്‍വലിച്ചു പരാതിക്കാരന്‍.

ഇത് സിവില്‍ തര്‍ക്കമല്ലേയെന്നും, കേസുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ചൂണ്ടിക്കാട്ടിയത്. ഇതോടെ, മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് സിറാജിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകന്‍ എ. കാര്‍ത്തിക് എന്നിവര്‍ കോടതിയെ അറിയിച്ചു.

ചിത്രത്തിന്റെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കാണ് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ ലാഭവിഹിതത്തിന്റെ 40 ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ പക്കല്‍ നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നും സിനിമ ലാഭത്തിലായിട്ടും തനിക്ക് പണം നല്‍കിയില്ലെന്നുമാണ് സിറാജ് പരാതി നല്കിയിരുന്നത്. ഈ കേസിലാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും അനുകൂല പരാമര്‍ശം സൗബിനുണ്ടാകുന്നത്. സിവില്‍ തര്‍ക്കമല്ലേ എന്ന ചോദ്യം സൗബിന് തുണയായി മാറും. ഇത് വിധി പകര്‍പ്പിലും മറ്റും വരാതിരിക്കാനാണ് ഹര്‍ജിക്കാരന്‍ തന്നെ പരാതി പിന്‍വലിച്ചത്.

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസില്‍ നിര്‍മാതാവും നടനുമായ സൗബിന്‍ ഷാഹിറിനെ പോലീസ് രണ്ടാം വട്ടം ചോദ്യം യെയ്യുമ്പോള്‍ തന്നെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വന്നിരുന്നു. പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ സൗബിന്‍ ഷാഹിര്‍, അച്ഛന്‍ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെ പുറത്തു വരുന്നതെല്ലാം തെറ്റായ വിവരങ്ങളായിരുന്നു. മാധ്യമങ്ങളോട് കൃത്യമായി പ്രതികരിക്കാത്ത സൗബിന്‍ ഷാഹീറിനെതിരേയുള്ള പഴയ വാര്‍ത്തകളെല്ലാം സംശയ നിഴലില്‍ നിര്‍ത്തുന്നതായിരുന്നു മറുനാടന് കിട്ടിയ വിവരങ്ങള്‍.

സൗബിന്‍ ഉള്‍പ്പെടെ മൂന്ന് നിര്‍മാതാക്കള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ ഏഴിനും ആവശ്യമെങ്കില്‍ എട്ടിനും മരട് പൊലീസിനുമുമ്പില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നുമായിരുന്നു ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും നിര്‍ദേശിച്ചിരുന്നു. വസ്തുതള്‍ കോടതിയ്ക്ക് ബോധ്യപ്പെട്ടതാണ് മുന്‍കൂര്‍ ജാമ്യത്തിന് വഴിയൊരുക്കിയിരുന്നു. ഈ വിധിയിലെ വ്യവസ്ഥകള്‍ സൗബിന്‍ അംഗീകരിക്കുകയും ചെയ്തു. പിന്നാലെയാണ് പോരാട്ടവുമായി പരാതിക്കാര്‍ സുപ്രീംകോടതിയില്‍ എത്തുന്നത്. അവിടേയും സൗബിന് ആശ്വാസ വിധിയാണ് വരുന്നത്.

സിനിമയ്ക്ക് സാമ്പത്തികസഹായം നല്‍കിയ അരൂര്‍ സ്വദേശി സിറാജ് വലിയതുറ, ലാഭവിഹിതം നല്‍കിയില്ലെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സിറാജ് ഏഴുകോടി രൂപയാണ് പറവ ഫിലിംസിന് കൈമാറിയത്. ലാഭവിഹിതമായി 47 കോടി രൂപ ലഭിക്കേണ്ടതാണെന്നും മുടക്കുമുതല്‍പോലും നല്‍കിയില്ലെന്നുമായിരുന്നു പരാതി. ഒത്തുതീര്‍പ്പില്‍ 5.99 കോടി രൂപ സിറാജിന് കൈമാറിയിരുന്നു. ഇതെല്ലാം തെളിവ് സഹിതം ഹൈക്കോടതിയ്ക്ക് ബോധ്യപ്പെടുന്ന തരത്തിലാണ് വാദമെത്തിയത്. മുതിര്‍ന്ന അഭിഭാഷകന്‍ വിജയബാനുവാണ് സൗബിന് വേണ്ടി ഹൈക്കോടതിയില്‍ എത്തിയത്. സിനിമയുടെ ലാഭവിഹിതമടക്കം നിര്‍മാതാക്കള്‍ സ്വന്തം അക്കൗണ്ടുവഴി മാറ്റിയതില്‍ ഗൂഢാലോചനയും വിശ്വാസവഞ്ചനയും ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

20 കോടിയാണ് സിനിമയുടെ നിര്‍മാണച്ചെലവ്. അതേസമയം, സിനിമയ്ക്ക് വിവിധ പ്ലാറ്റ്ഫോമുകളില്‍നിന്നായി 250 കോടി രൂപ ലഭിച്ചെന്നാണ് സിറാജിന്റെ നിലപാട്. എന്നാല്‍ ഇത് ശരിയല്ലെന്നും കോടതിയെ സൗബിന്റെ അഭിഭാഷകന്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ പി. വിജയഭാനുവിനൊപ്പം അഡ്വ. തോമസ് ജെ. ആനക്കല്ലുങ്കലും വിവിധ കോടതികളില്‍ സൗബിനായി ഹാജരായി. സിറാജിന്റെ അഡ്വക്കേറ്റായ അഡ്വ. സൈബി ജോസ് കിടങ്ങൂരിന് തോമസ് ജെ ആനക്കല്ലുങ്കല്‍ എഴുതിയ കത്തുകളും വസ്തുതകള്‍ തെളിയിക്കുന്നുണ്ട്. ആര്‍ബിട്രേഷനുമായി സിറാജ് സഹകരിച്ചില്ലെന്നതിന് തെളിവാണ് ഇതെല്ലാം.

സിറാജ് വലിയതുറ നല്‍കിയ പരാതിയില്‍ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ ഇതൊന്നും ഈ കേസില്‍ നിലനില്‍ക്കില്ലെന്നാണ് സൂചന. ഇതൊരു സിവില്‍ കേസായി മാറും. കൊടുക്കാനുള്ളത് നേരത്തെ കൊടുത്തുവെന്ന് സൗബിന്‍ പറയുന്നതിന് തെളിവുകളുമുണ്ട്. കേസിന് മുമ്പേ 50 ലക്ഷം കൊടുത്തു. കേസിന് ശേഷം കളക്ഷന്‍ അനുസരിച്ച് ബാക്കിയും നല്‍കി. ഏതാണ്ട് 6.49 കോടിയാണ് ഇത്തരത്തില്‍ കൊടുത്തത്. മാര്‍ച്ച് മാസത്തില്‍ ആദ്യം 50 ലക്ഷം കൊടുത്തു. മാര്‍ച്ച് അവസാനത്തോടെ 5.49 കോടിയും നല്‍കി. കോറല്‍ എക്‌സിം സീ ഫുഡിന്റെ അക്കൗണ്ടിലേക്കാണ് ആദ്യം 50 ക്ഷം നല്‍കിയത്. ഇതേ അക്കൗണ്ടിലേക്കാണ് മൂന്നാം തവണ 5.49 കോടി നല്‍കിയത്. ഇതിനിടെ 50 ലക്ഷം പരാതിക്കാരന്റെ എസ് എച്ച് മറൈന്‍ എക്‌സിം എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയത്. അതായത് മടുക്കിയ പണമെല്ലാം കൊടുത്തു.

250 കോടിയോളം കളക്ഷന്‍ സിനിമയ്ക്ക് കിട്ടിയെന്നായിരുന്നു പത്ര വാര്‍ത്തകള്‍. ഇതനുസരിച്ച് കരാര്‍ പ്രകാരമുള്ള 110 കോടി ലാഭം വേണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം. എന്നാല്‍ നികുതിയും ജിഎസ് ടിയും അടച്ച ശേഷം വെറും 24 കോടിയാണ് ലാഭം കിട്ടിയതെന്നാണ് സൗബിനും പറവ ഫിലിംസും പറയുന്നത്. ഇതിന് അവര്‍ക്ക് കണക്കുമുണ്ട്. തിയേറ്റര്‍ കളക്ഷനിലും ഒടിടിയിലും എല്ലാം പുറത്തു വന്നത് കള്ളക്കണക്കാണെന്നും പറയുന്നു. അതായത് തങ്ങള്‍ക്ക് കിട്ടിയ ലാഭ വിഹിതത്തിന്റെ 40 ശതമാനം കൊടുക്കാന്‍ സൗബിന്‍ തയ്യറാണ്. അതായത് 11 കോടി. ഈ വിഷയം പരിഹരിക്കാന്‍ ആര്‍ബിറ്റേറ്ററെ അടക്കം നിയോഗിച്ചു. എന്നാല്‍ പിന്നീട് ഇതിനോടൊന്നും സിറാജ് സഹകരിച്ചില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് കേസില്‍ സൗബിനും കൂട്ടര്‍ക്കും മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നല്‍കിയത്. കേസ് കൊടുത്തതു കൊണ്ടാണ് ലാഭ വിഹിതം കൈമാറാത്തതെന്ന വാദവും നിലനില്‍ക്കുന്നതാണ്. ഇത് തെളിയിക്കുന്ന രേഖകളാണ് മറുനാടന് കിട്ടിയത്. 11 കോടിയുടെ ലാഭവിഹിതം മാത്രമേ സിറാജിന് കൊടുക്കാനുള്ളൂവെന്നതാണ് സൗബിന്റെ നിലപാട്.

Tags:    

Similar News