ക്രൈസ്തവര്‍ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഭരണകൂടം നിയമപരമായ നടപടിയെടുക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി; ഭിന്നശേഷി നിയമനക്കുരുക്കില്‍ പലരും വേദനയില്‍; ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് മാര്‍ തോമസ് തറയില്‍; സര്‍ക്കാറുകള്‍ക്കെതിരെ വിമര്‍ശനവുമായി നസ്രാണി സംഗമം
ക്രൈസ്തവ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഭരണകൂടം നിയമപരമായ നടപടിയെടുക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി
കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ തിരുവനന്തപുരത്തെ നസ്രാണി സംഗമത്തില്‍ വിമര്‍ശനം. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികരണവുമായി മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്തെത്തി. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് ആലഞ്ചേരി പ്രതികരിച്ചു. ഭാരതത്തിന്റ ഐക്യം ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് നടക്കുന്നത്. രാജ്യത്തിന്റെ ഭരണാധികാരികള്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവര്‍ അക്രമാസക്തമായി പ്രതികരിക്കില്ലെന്നും അത് വിശ്വാസത്തിന്റെ ഭാഗമാണെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍കെതിരെ ഭരണകൂടം നിയമപരമായ നടപടിയെടുക്കണം. ഭിന്നശേഷി നിയമന വിഷയത്തിലെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ആലഞ്ചേരി പറഞ്ഞു.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ന്യായമായ ആവശ്യങ്ങള്‍ പോലും പരിഗണിക്കുന്നില്ലെന്ന് സീറോ മലബാര്‍ സഭ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ വിമര്‍ശിച്ചു. കെ-ടെറ്റ് വിഷയത്തില്‍ സമ്മര്‍ദ്ദം വന്നപ്പോള്‍ അനുകൂല നിലപാട് സ്വീകരിച്ചുവെന്നും ഭിന്നശേഷി നിയമന കുരുക്കില്‍ പെട്ടിരിക്കുന്നവര്‍ ഇപ്പോഴും വേദനയിലാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
വാഗ്ദാനങ്ങള്‍ തന്നല്ലാതെ സര്‍ക്കാര്‍ ഒരു ഇടപാടും നടത്തുന്നില്ല. എയ്ഡഡ് സ്ഥാപനങ്ങള്‍ തകര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ക്കാണ് നഷ്ടം. വേണ്ട രീതിയില്‍ പരിഗണിക്കപ്പെടുത്തത് നമ്മള്‍ ഒരുമിച്ച് നില്‍ക്കാത്തത് മൂലമാണെന്നും തോമസ് തറയില്‍ പറഞ്ഞു. സമുദായ സംഗമം പൊതുസമൂഹത്തിന് വേണ്ടിയാണ്, ഒന്നും വ്യക്തിപരമല്ല. എല്ലാവര്‍ക്കും സമത്വത്തോടെ ജീവിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. നിര്‍വികാരതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നമ്മളുടെ ഇടയിലും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.
ലൂര്‍ദ് ഫൊറോനയുടെ നേതൃത്വത്തിലാണ് പുത്തരിക്കണ്ടം മൈതാനത്ത് നസ്രാണി സംഗമം നടത്തുന്നത്.