ഇന്‍ഡിഗോ വിമാന കമ്പനിയുടെ സോഫ്റ്റ്വെയറില്‍ തകരാര്‍; വിമാന സര്‍വീസ് രാജ്യവ്യാപകമായി തടസ്സപ്പെട്ടു; വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ നീണ്ട നിര; കാത്തിരിപ്പ് സമയം വര്‍ധിക്കുമെന്ന് എയര്‍ലൈന്‍ കമ്പനി

ഇന്‍ഡിഗോ വെബ് സൈറ്റും ബുക്കിങ് സംവിധാനവുമെല്ലാം തടസ്സപ്പെട്ടു

Update: 2024-10-05 10:56 GMT

കൊച്ചി: ഇന്‍ഡിഗോ വിമാന കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ തകരാറിലായതോടെ വിമാനസര്‍വീസുകള്‍ രാജ്യവ്യാപകമായി തടസ്സപ്പെട്ടു. വിമാനസര്‍വീസിന്റെ നെറ്റ്വര്‍ക്കില്‍ സംഭവിച്ച തകരാര്‍ മൂലം, ചെക്ക്ഇന്‍, ബുക്കിങ്, സേവനങ്ങളാണ് തടസ്സപ്പെട്ടത്. രാജ്യവ്യാപകമായി വിമാനസര്‍വീസുകളുടെ പുറപ്പെടലുകളെയും തകരാര്‍ ബാധിച്ചു. വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ നീണ്ട നിര അനുഭവപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ യാത്രക്കാരുടെ പരിശോധനകള്‍ വൈകുകയാണ്. ഇന്ന് ഉച്ചയോടെയാണ് സോഫ്റ്റ്‌വെയര്‍ തകരാര്‍ അനുഭവപ്പെട്ടത്.

സോഫ്റ്റ്‌വെയര്‍ തകരാറിലായതോടെ ഇന്‍ഡിഗോ വെബ് സൈറ്റും ബുക്കിങ് സംവിധാനവുമെല്ലാം തടസ്സപ്പെട്ടു. പിന്നാലെ യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനും ബാഗേജ് കയറ്റിവിടാനുമൊക്കെ കൂടുതല്‍ സമയം വേണ്ടി വരുന്നു. നീണ്ട നിരയാണ് പല വിമാനത്താവളങ്ങളിലും ഇന്‍ഡിഗോ കൗണ്ടറുകളിലുള്ളത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യാത്രക്കാരുടെ ബുദ്ധിമുട്ട് പരമാവധി കുറക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ഇന്‍ഡിഗോ അറിയിച്ചു. പരിശോധനകള്‍ വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു.

തകരാര്‍ വേഗത്തില്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഇന്‍ഡിഗോ അധികൃതര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. തടസ്സം താല്‍ക്കാലികമാണെന്നും യാത്രക്കാര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ സേവനങ്ങള്‍ തിരികെയെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് നേരിട്ട തടസത്തിന് അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. തകരാറുകള്‍ മാനുവലായി പരിഹരിക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

'നിലവില്‍ ഞങ്ങളുടെ സിസ്റ്റം നെറ്റ്വര്‍ക്കിലുടനീളം ഒരു താത്കാലി നേരിടുന്നുണ്ട്. ഇത് ഞങ്ങളുടെ വെബ്‌സൈറ്റിനെയും ബുക്കിംഗ് സിസ്റ്റത്തെയും ബാധിക്കുന്നുണ്ട്. ഇതുമൂലം, ഉപഭോക്താക്കള്‍ക്ക് ചെക്ക്-ഇന്നുകള്‍ക്ക് കാലതാമസം നേരിടാം. കൂടാകെ, എയര്‍പോര്‍ട്ടിലെ നീണ്ട ക്യൂവും ഉള്‍പ്പെടെ കാത്തിരിപ്പ് സമയം വര്‍ധിക്കുമെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉച്ചയ്ക്ക് 12 മുതലാണ് ബുക്കിംഗ് സംവിധാനം തകരാറിലായത്. ഉച്ചയ്ക്ക് 1:05 ന് പ്രവര്‍ത്തനം താത്കാലികമായി പുനരാരംഭിച്ചെങ്കിലും തകരാര്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.

പ്രശ്നം പരിഹരിക്കാനും യാത്രക്കാരെ സഹായിക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും തങ്ങളുടെ ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ബംഗളൂരു ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം നീണ്ട ക്യൂവിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നുണ്ട്.

Tags:    

Similar News