'മറ്റത്തൂരില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം!' കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോയിട്ടില്ല; 10 സീറ്റുമായി ഭരണം പിടിക്കാന്‍ സിപിഎം നടത്തിയ 'കുതിരക്കച്ചവടം' പൊളിച്ചടുക്കി; നടന്നത് 'മാസ്' ഓപ്പറേഷന്‍; പിണറായിക്ക് മറുപടിയുമായി സതീശനും വിമതരും; തൃശൂരില്‍ കളി മാറിയപ്പോള്‍

തൃശൂരില്‍ കളി മാറിയപ്പോള്‍

Update: 2025-12-28 11:46 GMT

തൃശൂര്‍: ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കംപാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച പരിഹസിച്ചത്. ആ ചാട്ടമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂരില്‍ കണ്ടതെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവന്‍ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, മുഖ്യമന്ത്രി മന: പൂര്‍വമായി കളവുപറയുകയാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

മറ്റത്തൂരില്‍ നടന്നത് അവിശുദ്ധ കൂട്ടുകെട്ടല്ലെന്നും മറിച്ച് സിപിഎമ്മിന്റെ കുതിരക്കച്ചവടം തടയാനുള്ള ജനാധിപത്യപരമായ നീക്കമാണെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ത്?

മറ്റത്തൂരില്‍ സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച ടെസി പ്രസിഡന്റായി. ഭരണത്തുടര്‍ച്ചയ്ക്കായി സിപിഎം നീക്കം നടത്തിയെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാല്‍ അത് പരാജയപ്പെട്ടു. സിപിഎം ഭരണം ഇല്ലാതാക്കാന്‍ 8 കോണ്‍ഗ്രസ് അംഗങ്ങളും 4 ബിജെപി അംഗങ്ങളും ടെസിയെ പിന്തുണയ്ക്കുകയായിരുന്നു. ഇവിടെ ആരും പാര്‍ട്ടി മാറുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, ഒരു പൊതുസമ്മതയായ സ്വതന്ത്രയെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്.

24 സീറ്റുകളുള്ള പഞ്ചായത്തില്‍ കേവലം 10 സീറ്റുകള്‍ മാത്രമാണ് സിപിഎമ്മിനുള്ളത്. എന്നിട്ടും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ മുന്‍ വാര്‍ഡ് മെമ്പര്‍ കൂടിയായ വിമതനെ 'വിലയ്‌ക്കെടുത്തു' ഭൂരിപക്ഷം ഒപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ ഈ അധാര്‍മ്മികമായ വിലയ്‌ക്കെടുക്കല്‍ നീക്കം തടയുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. തങ്ങള്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍, ഒരു സ്വതന്ത്ര പ്രസിഡന്റാകട്ടെ എന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

സ്വന്തം പക്ഷത്താണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെങ്കില്‍ അതിനെ 'അസാധാരണ രാഷ്ട്രീയ തന്ത്രം' എന്ന് വിശേഷിപ്പിക്കുന്നവര്‍, പ്രതിപക്ഷം അത് ചെയ്യുമ്പോള്‍ 'അവിശുദ്ധ കൂട്ടുകെട്ട്' എന്ന് വിളിക്കുന്നത് ഇരട്ടത്താപ്പാണ്.

രാജി വച്ചിട്ടില്ലെന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തില്‍ ഡിസിസി അധ്യക്ഷന്‍ പച്ചക്കള്ളമാണ് പറയുന്നതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിയും പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളും ആരോപിച്ചു. കോണ്‍ഗ്രസ് അംഗത്തെ വിലയ്ക്കെടുക്കാന്‍ സിപിഎം ഗൂഢതന്ത്രം പ്രയോഗിച്ചെന്നും സിപിഎമ്മിനോടുള്ള വൈരാഗ്യം കൊണ്ടാണ് ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ വ്യക്തമാക്കി. പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നില്ലെന്ന് ടി.എം. ചന്ദ്രന്‍ പറഞ്ഞു. ഡിസിസി ചിഹ്നത്തില്‍ മത്സരിച്ച മൂന്ന് സ്ഥാനാര്‍ത്ഥികളും ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. ബിജെപി പിന്തുണയില്‍ മത്സരിച്ചശേഷം കോണ്‍ഗ്രസ് നേതൃത്വം തങ്ങളോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ആര്‍. ഔസേപ്പ് എന്ന കോണ്‍ഗ്രസ് അംഗത്തെ സിപിഎം വിലയ്ക്കെടുക്കുകയായിരുന്നു. കൗണ്‍സില്‍ ഹാളിലെത്തും വരെ ഔസേപ്പ് നിലപാട് മാറ്റുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ടെസി കല്ലറയ്ക്കലിനെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയത്.

പ്രസിഡന്റ് ടെസി കല്ലറയ്ക്കല്‍, വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപ്പറമ്പില്‍, ബ്ലോക്ക് മെമ്പര്‍ പ്രവീണ്‍ കുമാര്‍, ലിന്റോ പള്ളിപ്പറമ്പില്‍ എന്നിവരുള്‍പ്പെടെ പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളും ടി.എം. ചന്ദ്രനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. തൃശൂര്‍ ഡിസിസിക്കെതിരെ ഇവര്‍ രൂക്ഷമായ വിമര്‍ശനങ്ങളും ഉന്നയിച്ചു.

പാര്‍ട്ടി നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും നേതാക്കള്‍ക്കെതിരെ എടുത്ത നടപടി പിന്‍വലിക്കണമെന്നും മറ്റത്തൂരിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് അനുകൂലമായ തീരുമാനമെടുക്കണമെന്നും പുറത്താക്കപ്പെട്ട അംഗങ്ങള്‍ ആവശ്യപ്പെട്ടു. മറ്റത്തൂരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പഠിക്കാതെ രാജിവെക്കില്ലെന്നും കെ.ആര്‍. ഔസേപ്പിന് നല്‍കിയ രാജിക്കത്ത് മുന്നറിയിപ്പായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

മറ്റത്തൂരില്‍ ആരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് വി.ഡി. സതീശന്‍

മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മറ്റത്തൂരില്‍ നടന്നത് രാഷ്ട്രീയമായ തന്ത്രമാണെന്നും അവിടെ ഒരു കോണ്‍ഗ്രസുകാരന്‍ പോലും ബിജെപിയില്‍ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റത്തൂരില്‍ സ്വതന്ത്രരായി വിജയിച്ച രണ്ട് കോണ്‍ഗ്രസ് വിമതരാണുള്ളത്. ഇതില്‍ ഒരു വിമതനെ വശത്താക്കി പ്രസിഡന്റ് സ്ഥാനമുറപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്. ഭരണം പിടിക്കാന്‍ എന്ത് അധാര്‍മ്മികതയും കാണിക്കുന്ന സിപിഎമ്മിന്റെ തനിനിറമാണ് ഇവിടെ പുറത്തായത്. സിപിഎമ്മിന്റെ ഈ നീക്കം മുന്‍കൂട്ടി കണ്ട കോണ്‍ഗ്രസ് അംഗങ്ങള്‍, മറ്റൊരു വിമതനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെങ്കിലും അവരാരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ല.

കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. ബിജെപിയെ കേരളത്തില്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് പിണറായി വിജയനാണ്. മോദിയും അമിത് ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും തയ്യാറായി നില്‍ക്കുന്ന മുഖ്യമന്ത്രിയാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്ന് സതീശന്‍ പരിഹസിച്ചു.

ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ സിപിഎം നടത്തിയ കുതിരക്കച്ചവടം പാളിയതിന്റെ നിരാശയാണ് മുഖ്യമന്ത്രി തീര്‍ക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മറ്റത്തൂരില്‍ നടന്നത് ബിജെപി ബാന്ധവമല്ലെന്നും സിപിഎം ഭരണത്തുടര്‍ച്ച തടയാനുള്ള പ്രാദേശികമായ നീക്കമാണെന്നും കോണ്‍ഗ്രസ് ഉറപ്പിച്ചു പറയുന്നു.

Tags:    

Similar News