ഭര്‍ത്താവിന്റെ മരുന്ന് കുറിപ്പടിയില്‍ കൃത്രിമം കാണിച്ച് ഉറക്ക ഗുളികകള്‍ വാങ്ങി; കൊലയ്ക്ക് മുമ്പ് ലഹരി നല്‍കി മയക്കി; കൊലപാതക വിവരം പുറത്തറിഞ്ഞത് മുസ്‌കാന്‍ അമ്മയോടു കുറ്റസമ്മതം നടത്തിയതോടെ; സാഹില്‍ ഐപിഎല്‍ വാതുവെപ്പുകാരന്‍; സൗരഭിനെ കൊലപ്പെടുത്തി തട്ടിയെടുത്ത പണംകൊണ്ടും ചൂതാട്ടം

സൗരഭിനെ കൊലപ്പെടുത്തി തട്ടിയെടുത്ത പണംകൊണ്ടും ചൂതാട്ടം

Update: 2025-03-24 06:19 GMT

മീററ്റ്: കോളിളക്കം സൃഷ്ടിച്ച ഉത്തര്‍പ്രദേശ് മീററ്റിലെ ദാരുണ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് സൗരഭ് രജ്പുത്തിനെ കൊല്ലുന്നതിനു മുന്നോടിയായി ലഹരിമരുന്ന് നല്‍കി മയക്കാന്‍ അദ്ദേഹത്തിന്റെ കുറിപ്പടിയില്‍ ഭാര്യ കൃത്രിമം കാണിച്ചെന്നു പൊലീസ് കണ്ടെത്തി. സൗരഭിന്റെ ഭാര്യ മുസ്‌കാന്‍ റസ്തോഗി കുറിപ്പടിയില്‍ കൃത്രിമം കാണിച്ചാണ് ഉറക്ക ഗുളികകള്‍ വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കുന്നതിനു മുന്‍പായിരുന്നു ഇത്.

കൊലപ്പെടുത്തുന്നതിന് മുന്‍പ് സൗരഭിനെ മയക്കിക്കിടത്താന്‍ ഭാര്യയായിരുന്ന മുസ്‌കാന്‍ റസ്‌തോഗി സൗരഭിന്റെ മരുന്നുകുറിപ്പടിയില്‍ കൃത്രിമം നടത്തുകയും ഇതുപയോഗിച്ച് ഉറക്കഗുളികകള്‍ വാങ്ങിയെന്നുമാണ് മീററ്റ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ പീയുഷ് ശര്‍മയും വെളിപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പാണ് മുസ്‌കാന്‍ ഈ മരുന്ന് വാങ്ങിയതെന്നും പോലീസ് അറിയിച്ചു.

ഫെബ്രുവരി 22-ന് മുസ്‌കാന്‍ അമിതമായ ഉത്ക്കണ്ഠയ്ക്ക് ഡോക്ടറെ കണ്ട് മരുന്ന് എഴുതി വാങ്ങിയിരുന്നുവെന്ന് മീററ്റ് അഡീഷണല്‍ എസ്പി ആയുഷ് വിക്രം പറഞ്ഞു. ശേഷം ഈ മരുന്നുകളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് വിശദാംശങ്ങള്‍ മനസിലാക്കി. പിന്നീട് ഒരു കുറിപ്പടി സംഘടിപ്പിച്ച് മരുന്നുകളുടെ പേരുകള്‍ ഇതിലെഴുതുകയും അവ വാങ്ങുകയും ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു. മുസ്‌കാന് മരുന്ന് നല്‍കിയത് മീററ്റില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ ഷോപ്പാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്നുകട അധികൃതര്‍ കഴിഞ്ഞദിവസം റെയ്ഡ് ചെയ്തു.

മൂന്നുതരം മരുന്നുകളാണ് മുസ്‌കാന്‍ ഇവിടെ നിന്ന് വാങ്ങിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആന്റിഡിപ്രസന്റുകളും ഉറക്ക ഗുളികകളും ഉള്‍പ്പെടുന്നു. മാര്‍ച്ച് ഒന്നിന് മുസ്‌കാന്‍ മരുന്ന് വാങ്ങിയതായി മെഡിക്കല്‍ സ്റ്റോര്‍ രേഖകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് നാലിനാണ് സൗരഭ് കൊല്ലപ്പെടുന്നത്. ഈ മരുന്നുകള്‍ ഭര്‍ത്താവിനെ മയക്കുമരുന്നിന് അടിമയാക്കാന്‍ ഉപയോഗിച്ചിരുന്നോ എന്ന് ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കുറിപ്പടി കാണിച്ച് വാങ്ങേണ്ടുന്ന വിഭാഗത്തില്‍പ്പെട്ട മരുന്നാണോ മുസ്‌കാന്‍ വാങ്ങിയതെന്ന് അന്വേഷിച്ചുവരികയാണെന്ന് മീററ്റ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ പീയൂഷ് ശര്‍മ പറഞ്ഞു.

കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ വില്‍ക്കാറില്ലെന്നു മെഡിക്കല്‍ സ്റ്റോര്‍ ഉടമ പ്രതികരിച്ചു. മാര്‍ച്ച് നാലിനാണു മുസ്‌കാനും കാമുകനായ സാഹില്‍ ശുക്ലയും ചേര്‍ന്നു സൗരഭ് രജ്പുത്തിനെ കുത്തിക്കൊന്നത്. മൃതദേഹം കഷ്ണങ്ങളാക്കി ഡ്രമ്മിനുള്ളില്‍ സിമന്റ് ഉപയോഗിച്ച് അടച്ചു. മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് കൊല്ലപ്പെടുന്നതിനു മുന്‍പു ലഹരിമരുന്ന് കൊടുത്തിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കുറ്റകൃത്യത്തിനു ശേഷം മുസ്‌കാനും സാഹിലും ഹിമാചല്‍ പ്രദേശിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയി. സൗരഭിന്റെ ഫോണില്‍നിന്നു സന്ദേശങ്ങള്‍ അയച്ച് അദ്ദേഹത്തിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

മാര്‍ച്ച് 18ന് മുസ്‌കാന്‍ അമ്മയോടു കുറ്റസമ്മതം നടത്തിയതോടെയാണു കൊലപാതക വിവരം പുറത്തുവന്നത്. ഇക്കാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ മുസ്‌കാനും സാഹിലും അറസ്റ്റിലായി. സൗരഭിന്റെ ഹൃദയത്തില്‍ 3 തവണ ആഴത്തില്‍ കുത്തേറ്റതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. സൗരഭിന്റെ തല ശരീരത്തില്‍നിന്ന് വേര്‍പെട്ട നിലയിലും, കൈകള്‍ കൈത്തണ്ടയില്‍നിന്ന് മുറിച്ചുമാറ്റിയ നിലയിലും, കാലുകള്‍ പിന്നിലേക്ക് വളഞ്ഞ നിലയിലും ആയിരുന്നു. കുടുംബത്തിന്റെ എതിര്‍പ്പിനെ അവഗണിച്ച് 2016ലാണ് സൗരഭും മുസ്‌കാനും വിവാഹിതരായത്. ഇവര്‍ക്ക് ആറ് വയസ്സുള്ള മകളുണ്ട്.

സ്‌കൂള്‍ കാലം മുതല്‍ മുസ്‌കാനും സാഹിലും പരിചയമുണ്ടെന്നും 2019ല്‍ വാട്‌സാപ് ഗ്രൂപ്പ് വഴി വീണ്ടും ബന്ധപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. മുസ്‌കാന്റെ കുടുംബം കേസ് വാദിക്കാന്‍ വിസമ്മതിച്ചു. തന്റെ കേസ് വാദിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനെ മുസ്‌കാന്‍ ആവശ്യപ്പെട്ടെന്നു സീനിയര്‍ ജയില്‍ സൂപ്രണ്ട് വീരേഷ് രാജ് ശര്‍മ പറഞ്ഞു. മുസ്‌കാന്റെ കാമുകന്‍ സാഹില്‍ ഇതുവരെ സര്‍ക്കാര്‍ അഭിഭാഷകനെ ആവശ്യപ്പെട്ടിട്ടില്ല. 2 പ്രതികളും ജയിലില്‍ ഒരുമിച്ച് താമസിക്കാന്‍ ആഗ്രഹിച്ചെങ്കിലും അത് സാധ്യമല്ലെന്നു പറഞ്ഞതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതാദ്യമായല്ല സൗരഭിനെ കൊലപ്പെടുത്താന്‍ മുസ്‌കാന്‍ ശ്രമിക്കുന്നത്. മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുതിന്റെ ജന്മദിനമായ ഫെബ്രുവരി 25 ന് ഇദ്ദേഹത്തെ മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി കൊല്ലാന്‍ മുസ്‌കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സൗരഭ് ആ ദിവസം മദ്യപിക്കാതിരുന്നതിനാല്‍ പദ്ധതി പരാജയപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.

സൗരഭില്‍നിന്ന് തട്ടിയെടുത്ത പണം കേസിലെ മറ്റൊരു പ്രതിയായ സഹില്‍ ശുക്ല ചൂതാട്ടത്തിനുപയോഗിച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്രിക്കറ്റ് വാതുവെപ്പുകളില്‍ പങ്കെടുത്ത് വിജയിച്ചുകിട്ടുന്ന പണം കൊണ്ട് മുസ്‌കാനുമൊത്ത് ജീവിക്കാമെന്നായിരുന്നു സഹില്‍ പദ്ധതിയിട്ടിരുന്നത്. സാഹില്‍ വാതുവെപ്പ് നടത്തിക്കൊണ്ടിരുന്ന സംഘത്തേക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. വാതുവെപ്പിലൂടെയും ചൂതാട്ടത്തിലൂടെയും നേടിയ പണം മുസ്‌കാനൊപ്പം ഋഷികേസിലേക്കും ഡെറാഡൂണിലേക്കും നടത്തിയ യാത്രകള്‍ക്കാണ് സാഹില്‍ ചെലവഴിച്ചത്. സഹിലിന് സ്ഥിരവരുമാനമുണ്ടായിരുന്നില്ലെന്നും ചൂതാട്ടത്തില്‍നിന്നാണ് ഇയാള്‍ പണം സമ്പാദിച്ചിരുന്നതെന്നും അയല്‍ക്കാരും പറഞ്ഞു.

മുസ്‌കാനും മകള്‍ക്കുംവേണ്ടി സൗരഭ് എല്ലാമാസവും ഒരുലക്ഷം രൂപ വീതം അയച്ചുകൊടുത്തിരുന്നു. ഈ പണം വരുമ്പോഴെല്ലാം ഇക്കാര്യം മുസ്‌കാന്‍ സഹിലിനെ അറിയിക്കുമായിരുന്നു. ഈ പണം സഹില്‍ വാങ്ങി ക്രിക്കറ്റ് വാതുവെപ്പുകളില്‍ ഉപയോഗിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഐപിഎല്‍ മത്സരങ്ങളില്‍ പന്തയം വെയ്ക്കുന്നയാളാണ് സഹിലെന്നും പുതിയ മത്സരത്തിന്റെ സീസണില്‍ കൂടുതല്‍ പണം വാതുവെയ്ക്കാന്‍ തയ്യാറെടുക്കുകയായിരുന്നു ഇയാളെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ഒമ്പത് പേര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. അതില്‍ നാല് കടയുടമകള്‍, ഒരു ഡോക്ടര്‍, ഒരു കെമിസ്റ്റ്, ഒരു ക്യാബ് ഡ്രൈവര്‍, ഒരു വാടകക്കാരന്‍, പണം കൈമാറ്റം ചെയ്ത ഒരു അക്കൗണ്ട് ഉടമ എന്നിവരും ഉള്‍പ്പെടുന്നു. ഇവരില്‍ ഇതുവരെ ഏഴ് പേരെ ചോദ്യം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ഈ വ്യക്തികളെ എല്ലാവരേയും ചോദ്യം ചെയ്യുന്നുണ്ടെന്ന് എസ്പി ആയുഷ് വികം സ്ഥിരീകരിച്ചു.

Tags:    

Similar News