ഇന്ത്യയെ നോക്കി കൊഞ്ഞനം കുത്തി ലണ്ടനില്‍ തട്ടിപ്പുവീരന്മാരുടെ അര്‍മാദം! ബാങ്കുകളെ പറ്റിച്ച് മുങ്ങിയ കോടികളുമായി ആഡംബരക്കൊട്ടാരത്തില്‍ സുഖവാസം; ലോകം ചുറ്റാന്‍ പ്രൈവറ്റ് ജെറ്റും കൂട്ടിന് ബോളിവുഡ് താരങ്ങളും; തട്ടിപ്പുകാരുടെ ആഘോഷവും കൊളാബായി; മല്യയുടെ ജന്മദിനത്തില്‍ ലളിത് മോദിയുടെ 'ഷോ'
ഇന്ത്യയെ നോക്കി കൊഞ്ഞനം കുത്തി ലണ്ടനില്‍ തട്ടിപ്പുവീരന്മാരുടെ അര്‍മാദം!
ലണ്ടന്‍: ഇന്ത്യയിലെ നിരവധി ബാങ്കുകളേയും വ്യക്തികളേയും കബളിപ്പിച്ച് വിദേശരാജ്യങ്ങളിലേക്ക് മുങ്ങി അവിടെ അത്യാഡംബരത്തില്‍ കഴിയുന്ന കോടീശ്വരന്‍മാരുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണ്. പ്രമുഖ പാശ്ചാത്യ മാധ്യമമായ ഡെയ്ലി മെയിലാണ് ഇന്ത്യയില്‍ നിന്നുള്ള ഈ ഒളിച്ചോട്ടക്കാരുടെ വിശാദംശങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. പ്രിയ സുഹൃത്തും വിവാദ വ്യവസായിയുമായ ലളിത് മോദിയുടെ അരികില്‍ നിന്ന് വിജയ് മല്യ പുഞ്ചിരിയോടെ ഒരു ഉളുപ്പും ഇല്ലാതെ ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികളാണ് തങ്ങള്‍് വീമ്പിളക്കുകയാണ്.
ബ്രിട്ടനിലെ ബെല്‍ഗ്രേവിയയിലെ ലളിത് മോദിയുടെ ആഡംബരപൂര്‍ണ്ണമായ കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന വീട്ടില്‍ നടന്ന വിജയ് മല്യയുടെ 70-ാം ജന്മദിനാഘോഷത്തില്‍ എടുത്തതാണ് ഈ ദൃശ്യങ്ങള്‍. ഇത്തരത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ ഇവരെ പിടികൂടാത്തതിന് ഇന്ത്യയില്‍ ഇപ്പോഴും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ സംഭവം നടക്കുന്നത്. ഇന്റര്‍നെറ്റ് വീണ്ടും തകര്‍ക്കാന്‍ ഞാന്‍ എന്തെങ്കിലും ചെയ്യട്ടെ' എന്ന അടിക്കുറിപ്പോടെയാണ് ലളിത് മോദി സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിവാദ നായകന്‍മാര്‍ ഫോട്ടോക്ക് പോസ് ചെയ്യുന്നതായും ഇതില്‍ കാണാം. ഇത് ഇന്ത്യയെ പരിഹസിക്കുന്നതാണ് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മെയ്‌ഫെയറിലെ ഏറ്റവും വലിയ ആഡംബര ക്ലബ്ബുകളില്‍ പാര്‍ട്ടികള്‍ നടത്തുകയും വിശാലമായ തങ്ങളുടെ കൊട്ടാരങ്ങളില്‍
ഒത്തുചേരലുകളും നടത്തുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. ഇവരെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ഇനിയും ഫലം കണ്ടിട്ടില്ല.
'ഇന്ത്യയുടെ റിച്ചാര്‍ഡ് ബ്രാന്‍സണ്‍' എന്ന് ഒരിക്കല്‍ വിളിക്കപ്പെട്ടിരുന്ന മല്യ, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ടെവിന്‍ എന്ന ഗ്രാമത്തില്‍ 11.5 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന മാളികയിലാണ് താമസിക്കുന്നത്. കിങ്ഫിഷര്‍ ബിയറിന്റെയും എയര്‍ലൈന്‍സിന്റെയും എല്ലാം ഉടമയായിരുന്നു വിജയ് മല്യ. ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടന്റെ പിതാവ് ആന്റണിയുടെ വീടായിരുന്ന ഈ മണിമാളിക വിദേശ ബന്ധങ്ങളുള്ള കമ്പനികള്‍ ഉപയോഗിച്ചാണ് മല്യ വാങ്ങിയത്. 20 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന മറ്റൊരു വസതിയും ഇയാള്‍ക്ക് ബ്രിട്ടനിലുണ്ട്.
നേരത്തേ കാലിഫോര്‍ണിയയിലും കാന്‍സിലും മല്യക്ക് വലിയ മാളികയും ബക്കിംഗ്ഹാമിലെ ഒരു കോട്ടയും സ്വന്തമായിരുന്നു. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. ഇതിനായി ആയിരക്കണക്കിന് കോടി രൂപയാണ് ബാങ്കുകളില്‍ നിന്ന് കടമെടുത്തിരുന്നത്. ഇവയൊന്നും തിരിച്ചടയ്ക്കാതെയാണ് ഇയാള്‍ രാജ്യം വിട്ടത്. ഇയാളുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകള്‍ ഇന്ത്യയില്‍ നിലനില്‍ക്കുമ്പോഴാണ് മല്യ ഇപ്പോഴും ആഡംബര ജീവിതം നയിക്കുന്നത്. അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സഹസ്ഥാപകനായ ലളിത് മോദി, ബെല്‍ഗ്രേവ് സ്‌ക്വയറിലെ അഞ്ച് നിലകളുള്ള ഒരു മാളികയില്‍ സുഖമായി താമസിക്കുന്നു. അടുത്തിടെ തന്റെ 62-ാം ജന്മദിനാഘോഷങ്ങള്‍ പ്രശസ്തമായ മെയ്‌ഫെയര്‍ സ്വകാര്യ അംഗങ്ങളുടെ ക്ലബ്ബായ മാഡോക്സില്‍ വിപുലമായ പാര്‍ട്ടി നടത്തി.
ലോകമെമ്പാടും അവധിക്കാലം ആസ്വദിക്കുന്നതിന്റെയും വീട്ടില്‍ ആഡംബര പാര്‍ട്ടികള്‍ നടത്തുന്നതിന്റെയും ചിത്രങ്ങള്‍ പതിവായി പോസ്റ്റ് ചെയ്യുന്ന മിടുക്കനായ ലളിത് മോദി ഐപിഎല്‍ ചെയര്‍മാനും കമ്മീഷണറും എന്ന നിലയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ 2010 ലാണ് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടത്. 2015 ല്‍ മുംബൈ കോടതി മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍ ആഗോള ജാഗ്രതാ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനകള്‍ ഇന്റര്‍പോള്‍ രണ്ടുതവണ നിരസിച്ചിരുന്നു.
ഇന്ത്യയുമായി കുറ്റവാളികളെ കൈമാറല്‍ കരാറില്ലാത്ത ദക്ഷിണ പസഫിക് ദ്വീപായ വാനുവാട്ടുവിലെ പൗരനായ ശേഷം, കഴിഞ്ഞ വര്‍ഷം ദ്വീപിന്റെ പ്രധാനമന്ത്രി ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ത്യ വിട്ടതിനുശേഷം, സ്ലോണ്‍ സ്‌ക്വയര്‍, ബെല്‍ഗ്രേവിയ എന്നിവയുള്‍പ്പെടെയുള്ള ആഡംബര ലണ്ടനിലെ ആഡംബര സ്ഥലങ്ങളില്‍ താമസിക്കുന്ന മോദി കോടീശ്വരന്റെ ജീവിതശൈലിയാണ് തുടരുന്നത്. മോദിയും മല്യയും മുന്‍നിര ക്രിക്കറ്റ് താരങ്ങള്‍ മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെയുള്ള സമ്പന്നരും പ്രശസ്തരുമായവരുമായി സൗഹൃദം തുടരുകയാണ്.
മല്യയുടെ 70-ാം ജന്മദിനാഘോഷത്തില്‍ പങ്കെടുത്തവരില്‍ നടന്‍ ഇദ്രിസ് എല്‍ബ പോലുള്ളവരും ഉണ്ടായിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ലളിത് മോദി നിഷേധിക്കുകയാണ്. ഇന്ത്യയില്‍ തനിക്ക് ന്യായമായ വിചാരണ ലഭിക്കില്ലെന്നാണ് മല്യ വാദിക്കുന്നത്. 2022 ല്‍, കോടതി വിധി അനുസരിക്കാത്തതിന് മല്യയെ നാല് മാസം തടവിന് ശിക്ഷിച്ചു. അതേസമയം, 30 ഏക്കറിലായി സ്ഥിതി ചെയ്യുന്ന മല്യയുടെ ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ വസതിയായ ലേഡിവാക്ക്, ലേഡിവാക്ക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന കമ്പനിയുമായി ബന്ധപ്പെട്ടാണ് വാങ്ങിയത്. മല്യയുടെ ചില ആസ്തികള്‍ ഇതിനിടെ അയാള്‍ വില്‍പ്പന നടത്തിയിരുന്നു. ബംഗളൂരുവിലും മല്യക്ക് കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്.
