'മെലനിയെ ട്രംപിന് പരിചയപ്പെടുത്തി കൊടുത്തത് എപ്സ്‌റ്റൈന്‍'; ലൈംഗിക കുറ്റവാളിയുമായി മെലാനിയക്ക് ബന്ധമെന്ന് ആരോപിച്ചു അമേരിക്കന്‍ ടാബ്ലോയിഡ്; ആരോപണം നിഷേധിച്ച മെലാനിയ വക്കീല്‍ നോട്ടീസ് അയച്ചു; നിയമ നടപടി തുടങ്ങിയതോടെ മാപ്പു പറഞ്ഞ് തടിയൂരി പത്രം
'മെലനിയെ ട്രംപിന് പരിചയപ്പെടുത്തി കൊടുത്തത് എപ്സ്‌റ്റൈന്‍'
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് ബന്ധമുണ്ടായിരുന്നു എന്നാരോപിച്ചവര്‍ക്ക് എതിരെ നിയമ നടപടിയുമായി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ്. സോഷ്യല്‍ മീഡിയയില്‍ ഈ കേസിനെക്കുറിച്ച് അവര്‍ ഇനിയും പ്രതികരിച്ചിട്ടില്ല എങ്കിലും അണിയറക്ക് പിന്നില്‍ ശക്തമായ നീക്കങ്ങളാണ് നടത്തുന്നതെന്നാണ് സൂചന.
അതേ സമയം കുട്ടികളെ പോലും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന കുപ്രസിദ്ധ കുറ്റവാളി എപ്സൈറ്റനുമായി ട്രംപിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ നിരന്തരമായി ഇപ്പോള്‍ പുറത്തു വരികയാണ്. എപ്സ്‌റ്റൈന്‍ ജയിലില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിക്കുകയായിരുന്നു.
അടുത്തിടെ ഡെമോക്രാറ്റിക് നേതാവായ ജെയിംസ് കാര്‍വില്ലെ തന്റെ 'പൊളിറ്റിക്‌സ് വാര്‍ റൂം' പോഡ്കാസ്റ്റിന്റെ എപ്പിസോഡുകളിലൊന്നില്‍ മുന്‍ മോഡലായ മെലനിയും എപ്സ്‌റ്റൈനുമായി രഹസ്യബന്ധം ഉണ്ടായിരുന്നതായി ആരോപണം ഉന്നയിച്ചിരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ കാമ്പയിന്‍ മാനേജര്‍ കൂടിയായിരുന്നു കാര്‍വില്ലെ. അതേ സമയം മെലനിയുമായി ബന്ധപ്പെട്ട എപ്പിസോഡായ ജെയിംസ് കാര്‍വില്ലെ: ദി എപ്‌സ്റ്റൈന്‍ കണക്ഷന്‍ - ട്രംപ് ആന്‍ഡ് മെലാനിയ ഓള്‍ടുഗദര്‍- സംപ്രേഷണം ചെയ്തതിന് പിന്നാലെ
പിന്‍വലിക്കുക ആയിരുന്നു.
കൂടാതെ കാര്‍വില്ലെ ക്ഷമാപണം നടത്തുകയും ചെയ്തു. മെലനിയുടെ അഭിഭാഷകനില്‍ നിന്ന് വക്കീല്‍ നോട്ടീസ് ലഭിച്ച സാഹചര്യത്തിലാണ് ഈ നടപടി എന്നാണ് പറയപ്പെടുന്നത്. കാര്‍വില്ലെ ക്ഷാമാപണം നടത്തിയ കത്തും മെലനിയ സാമൂഹ്യ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. അമേരിക്കന്‍ മാധ്യമമായ ഡെയിലി ബീസ്റ്റില്‍ വന്ന ഒരു വാര്‍ത്തയില്‍ മെലനിയെ ട്രംപിന് പരിചയപ്പെടുത്തി കൊടുത്തത് എപ്സ്‌റ്റൈന്‍ ആണെന്നായിരുന്നു.
മോഡലിംഗ് മേഖലയിലെ ഒരു ഏജന്റാണ് ഇക്കാര്യം പുറത്തു വിട്ടത് എന്നായിരുന്നു പത്രം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് മെലനിയ ഡെയിലി ബീസ്റ്റിനും വക്കീല്‍ നോട്ടീസയക്കുകയും അവര്‍ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു. അവര്‍ നടത്തിയ ക്ഷമാപണവും മെലനിയ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.