മെലാനിയയെ ഭൂതകാലം വേട്ടയാടുന്നോ? മെലാനിയയെ ട്രംപിനെ പരിചയപ്പെടുത്തിയത് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെന്ന പരാമര്‍ശവുമായി ഹണ്ടര്‍ ബൈഡന്‍; വിവാദ പരാമര്‍ശത്തില്‍ ഹണ്ടറിനെതിരെ ഒരു ബില്യണ്‍ ഡോളറിന്റെ മാനനഷ്ട കേസ് നല്‍കി മെലാനി; കുലുക്കമില്ലാതെ ഹണ്ടര്‍ ബൈഡനും

മെലാനിയയെ ഭൂതകാലം വേട്ടയാടുന്നോ?

Update: 2025-08-14 06:02 GMT

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകനായ ഹണ്ടര്‍ ബൈഡനെതിരെ ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് നിയമ നടപടിക്ക് ഒരുങ്ങുന്നു. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനാണ് മെലാനിയയെ ട്രംപിനെ പരിചയപ്പെടുത്തിയത് എന്ന പരാമര്‍ശത്തിന്റെ പേരിലാണ് അവര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. ഒരു ബില്യണ്‍ ഡോളറാണ് മെലനിയ നഷ്ടപരിഹാരമായി ആവശ്യപ്പെടാന്‍ പോകുന്നത്. ഇത് സംബന്ധിച്ച് ഹണ്ടറിന് വക്കീല്‍ നോട്ടീസയച്ചിരിക്കുകയാണ് മെലനിയ.

വ്യാജവും അപകീര്‍ത്തികരവും നിന്ദ്യവും പ്രകോപനപരവുമായ പ്രസ്താവന ഹണ്ടര്‍ ബൈഡന്‍ ഉടന്‍ പിന്‍വലിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ അവസാനം ഡെയ്ലി ബീസ്റ്റ് പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ട എഴുത്തുകാരന്‍ മൈക്കല്‍ വുള്‍ഫ് ഇക്കാര്യത്തില്‍ നടത്തിയ അവകാശവാദങ്ങള്‍ ഹണ്ടര്‍ ആവര്‍ത്തിക്കുകയായിരുന്നു. ട്രംപിനെ മെലനിയക്ക് പരിചയപ്പെടുത്തിയ ഒരു മോഡല്‍ ഏജന്റുമായി എപ്സ്‌റ്റൈനും ട്രംപിനും ബന്ധമുണ്ടെന്നായിരുന്നു വുള്‍ഫ് വ്യക്തമാക്കിയിരുന്നത്.

വൂള്‍ഫിന്റെ അവകാശവാദങ്ങള്‍ പ്രസിദ്ധീകരിച്ച ദി ഡെയ്ലി ബീസ്റ്റ് ഒടുവില്‍ വാര്‍ത്ത പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ഓഗസ്റ്റ് 5 ന് ചാനല്‍ 5 ല്‍ ആന്‍ഡ്രൂ കാലഗനുമായി നടത്തിയ ഒരു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട ഹണ്ടര്‍ ആരോപണം പിന്‍വലിക്കുകയും ചെയ്തു. ബൈഡനും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആബെ ലോവലിനും അയച്ച കത്തില്‍ മെലനിയയുടെ അഭിഭാഷകന്‍ അലജാന്‍ഡ്രോ ബ്രിട്ടോ ഹണ്ടറിന്റെ അഭിപ്രായങ്ങളെ തെറ്റായതും, അപകീര്‍ത്തികരവും, അശ്ലീലവും എന്നാണ് വിശേഷിപ്പിച്ചത്.

ഫോക്‌സ് ന്യൂസാണ് വക്കീല്‍ നോട്ടീസിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഓഗസ്റ്റ് 6-ന് എഴുതിയ കത്തില്‍ ഹണ്ടര്‍ ബൈഡന് ഓഗസ്റ്റ് 7 വരെ നിബന്ധനകള്‍ പാലിക്കാന്‍ സമയം നല്‍കിയിരുന്നു. ഹണ്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ ഇന്നലെ രാത്രിയും പിന്‍വലിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്. സമയപരിധി കഴിഞ്ഞിട്ട് ആറ് ദിവസം കഴിഞ്ഞിരിക്കുകയാണ്. ഹണ്ടര്‍ ക്ഷമാപണം നടത്തണം എന്ന മെലനിയയുടെ ആവശ്യത്തോടും അദ്ദേഹം ഇത് വരെ പ്രതികരിച്ചിട്ടില്ല.

മെലനിയ ട്രംപിനെ എങ്ങനെ കണ്ടുമുട്ടി എന്നതിന്റെ യഥാര്‍ത്ഥ വിവരണം അവരുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകമായ 'മെലാനിയ'യിലാണ് ഉള്ളതെന്നാണ് അഭിഭാഷകന്‍ പറയുന്നത്. ചില ഫോട്ടോകളില്‍ ഒരുമിച്ച് ഉണ്ടായിരുന്നു എന്നതല്ലാതെ എപ്സ്റ്റീനും ട്രംപും തമ്മില്‍ ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ ഇനിയും ലഭ്യമല്ല. അതേ സമയം കേസ് കൊടുക്കുമെന്ന മെലനിയയുടെ ഭീഷണി കാരണം പലല ഡെമോക്രാറ്റുകളും ആരോപണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഡെമോക്രാറ്റിക് തന്ത്രജ്ഞനായ ജെയിംസ് കാര്‍വില്ലെ തന്റെ പൊളിറ്റിക്‌സ് വാര്‍ റൂം പോഡ്കാസ്റ്റില്‍ പ്രഥമ വനിതയെക്കുറിച്ച് നടത്തിയ അഭിപ്രായങ്ങള്‍ തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News