വിഗ്രഹത്തിൽ അഭിഷേകം ചെയ്തതിൻ്റെ നനവില്ലെന്നാരോപിച്ച് മേൽശാന്തിക്ക് സ്ഥലംമാറ്റം; ഭരണാനുകൂല യൂണിയനിൽ ചേരാത്തതിന്റെ പ്രതികാര നടപടിയെന്ന് ആരോപണം; ഭക്തരുടെ പരാതി ഉയർന്നെന്ന വാദം തെറ്റ്; അധികാര പരിധിയിൽപ്പെടാത്ത കാര്യങ്ങളിൽ അസിസ്റ്റൻ്റ് കമ്മിഷണർ കൈകടത്തിയെന്ന് തന്ത്രിമാർ
കൊല്ലം: ദേവസ്വം ക്ഷേത്രത്തിലെ മേൽശാന്തിയെ സ്ഥലം മാറ്റിയത് ഭരണാനുകൂല യൂണിയനിൽ ചേരാത്തതിനെ തുടർന്നുണ്ടായ പ്രതികാര നടപടിയെന്ന് ആരോപണം. ദേവീവിഗ്രഹത്തിൽ അഭിഷേകം നടത്തിയില്ലെന്നാരോപിച്ചാണ് ചെറുവക്കൽ കുമ്പല്ലൂർക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മേൽശാന്തി കൃഷ്ണകുമാറിനെ ദേവസ്വം ബോർഡ് നെയ്യാറ്റിൻകര ഗ്രൂപ്പിലേക്ക് സ്ഥലം മാറ്റിയത്. താൻ ക്ഷേത്രത്തിലെത്തിയപ്പോൾ സംശയം തോന്നിയതിനാൽ ഉടയാട മാറ്റാൻ നിർദേശിക്കുകയും വിഗ്രഹത്തിൽ നനവില്ലെന്നു കണ്ടെത്തുകയും ചെയ്തെന്നാണ് സ്ഥലംമാറ്റത്തിനു കാരണമായി അസിസ്റ്റൻ്റ് കമ്മിഷണർ പറയുന്നത്. എന്നാൽ തന്റെ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിലാണ് അസിസ്റ്റൻ്റ് കമ്മിഷണർ കൈകടത്തുന്നതെന്നാണ് തന്ത്രിമാർ ആരോപിക്കുന്നത്.
അന്വേഷണ വിധേയമായാണ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്. 2018-ൽ ദേവസ്വം ബോർഡിൽ പ്രവേശിച്ച ശേഷം രണ്ട് മഹാക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്ന തനിക്കെതിരെ തെറ്റിദ്ധാരണ മൂലമാണ് നടപടിയെന്നും ശാന്തിക്കാരനെന്നനിലയിലുള്ള തൻ്റെ അന്തസ്സിനെയും സത്യസന്ധതയെയും അധിക്ഷേപിക്കുന്നതാണു നടപടിയെന്നും കാട്ടി കൃഷ്ണകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുവരെ ഒരു ശാന്തിക്കാരനെയും അഭിഷേകം നടത്തിയില്ലെന്ന കാരണത്താൽ ദേവസ്വം ബോർഡിൽ ശിക്ഷിച്ചിട്ടില്ല.
ഇത് തന്നെയാണ് കൃഷ്ണകുമാറിനെതിരെ ഉണ്ടായത് പ്രതികാര നടപടിയാണെന്ന സംശയം ഉയർത്തുന്നതും. തനിക്കെതിരെ ഉണ്ടായ തെറ്റായ ആരോപണങ്ങളാണെന്നും, നടപടികളിൽ ഇളവുണ്ടാകണമെന്നും ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് കമ്മീഷണർക്കും, ചെയർമാനും പരാതി നൽകിയെങ്കിലും ഒരു സ്വീകരിച്ചിട്ടില്ലെന്നാണ് കൃഷ്ണകുമാർ പറയുന്നത്. ഭരണാനുകൂല യൂണിയനിൽ ചേരാത്തതിലുള്ള പ്രതികാരമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്നാണ് ആക്ഷേപം. 2018-ൽ ദേവസ്വം ബോർഡിൽ പ്രവേശിച്ച കൃഷ്ണകുമാർ ഇതുവരെ ഒരു യൂണിയനിലും ചേർന്നിട്ടില്ല. അഭിഷേകവും കഴിഞ്ഞു മുഖം ചാർത്തിയ വിഗ്രഹത്തിലെ ഉടയാട മാറ്റാനാവശ്യപ്പെടാൻ അസിസ്റ്റന്റ് കമ്മിഷണർക്ക് അധികാരമില്ലെന്നാണ് തന്ത്രിമാർ പറയുന്നത്. കൂടാതെ, വിഗ്രഹത്തിൽ നനവുണ്ടോയെന്നു തൊട്ടുനോക്കാതെ പറയാൻ കഴിയില്ല.
ശ്രീ കോവിലിനു പുറത്തുനിൽക്കുന്ന ആൾക്ക് ഇതെങ്ങനെ കഴിയും എന്ന ചോദ്യവും ഇവർ ഉയർത്തുന്നു. മാത്രമല്ല അസിസ്റ്റൻ്റ് കമ്മിഷണർ ക്ഷേത്രം സന്ദർശിച്ച് 10 ദിവസങ്ങൾക്ക് ശേഷമാണ് കാരണംകാണിക്കൽ നോട്ടീസ് അയക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 12-ന് രാവിലെ 6.30-നാണ് അസിസ്റ്റൻ്റ് കമ്മിഷണർ സൈനുരാജ് ക്ഷേത്രം സന്ദർശിച്ചത്. ദേവീനടയിൽ അഭിഷേകം ചെയ്യാതെ, തലേദിവസത്തെ ഉടയാടയും മുഖംചാർത്തും വെച്ച് പൂജ ചെയ്യുന്നതായി ബോധ്യപ്പെട്ടെന്നും ഉടയാട മാറ്റിനോക്കിയപ്പോൾ ബിംബത്തിൽ അഭിഷേകം ചെയ്തതിൻ്റെ നനവ് കണ്ടില്ലെന്നുമാണ് കാരണംകാണിക്കൽ നോട്ടീസിൽ പറയുന്നത്.
എന്നാൽ 5.30-നാണ് നടതുറന്നതെന്നും ബിംബം ഉറപ്പിച്ചിരിക്കുന്ന അഷ്ടബന്ധത്തിന് കേടുപാടുള്ളതിനാൽ ഈർപ്പം പിടിക്കാതിരിക്കാൻ അഭിഷേകം കഴിഞ്ഞാലുടൻ ജലാംശം തുടച്ചുമാറ്റുന്നതാണ് രീതിയെന്നും കൃഷ്ണകുമാർ മറുപടിനൽകി. തലേ ദിവസത്തെ മുഖംചാർത്താണ് അസിസ്റ്റൻ്റ് കമ്മിഷണറുടെ സന്ദർശന ദിവസവും നടത്തിയതെന്നും, ഇതുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പരാതി ഉയർന്നിരുന്നതായും നോട്ടീസിൽ പറയുന്നുണ്ട്. എന്നാൽ തലേ ദിവസം മുഖചാർത്ത് നടത്തിയിട്ടില്ലെന്നും, അന്നേദിവസം അരക്കാപ്പുള്ളതിനാൽ അഭിഷേകത്തിനുശേഷം മുഖം ചാർത്തു നടത്തിയെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. മാത്രമല്ല തന്റെ അറിവിൽ ഔദ്യോഗികമായി ഭക്തരുടെ പരാതി ഉണ്ടായിട്ടില്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കുന്നു. ശിക്ഷാനടപടിയിൽനിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചെങ്കിലും സ്ഥലംമാറ്റുകയായിരുന്നു.