ഭീകരര്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടു; പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബക്ക് ബന്ധമുണ്ടോ? യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ ചോദ്യശരങ്ങളേറ്റ് പാക്കിസ്ഥാന്‍; ഉഭയകക്ഷി നീക്കത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് അംഗരാജ്യങ്ങള്‍; മിസൈല്‍ പരീക്ഷണത്തിനും വിമര്‍ശനം

യു എന്നില്‍ പാക്കിസ്ഥാനെതിരെ ചോദ്യശരങ്ങളുമായി അംഗരാജ്യങ്ങള്‍

Update: 2025-05-06 06:21 GMT

ന്യൂയോര്‍ക്ക്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ അനൗപചാരിക യോഗത്തില്‍ പാക്കിസ്ഥാനെതിരെ ചോദ്യശരങ്ങളുമായി അംഗരാജ്യങ്ങള്‍. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക്ക് ബന്ധം വഷളാകുന്നതിന്റെ പശ്ചാത്തലത്തിലാണ് 15 അംഗ സെക്യൂരിറ്റി കൗണ്‍സില്‍ തിങ്കളാഴ്ച അടച്ചിട്ട മുറിയില്‍ യോഗം ചേര്‍ന്നത്.

ഭീകരാക്രമണവുമായി ബന്ധമില്ലെന്ന പാക്കിസ്ഥാന്റെ വാദം അംഗീകരിക്കാന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ തയ്യാറായില്ലെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനുമായി ഗാഢബന്ധമുള്ള ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബയ്ക്ക് പഹല്‍ഗാം ആക്രമണവുമായി ബന്ധമുണ്ടോയെന്നും ചോദ്യമുയര്‍ന്നു. ഭീകരര്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടെന്ന് യു എന്‍ രക്ഷാസമിതി നിരീക്ഷിച്ചു.

സാഹചര്യത്തെ അന്താരാഷ്ട്ര പ്രശ്നമാക്കി മാറ്റാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിനും യോഗത്തില്‍ തിരിച്ചടി നേരിട്ടു. ഇന്ത്യയുമായുള്ള ഉഭയകക്ഷി നീക്കത്തിലൂടെ വിഷയം പരിഹരിക്കാനായിരുന്നു ഇസ്ലാമാബാദിനോട് മറ്റ് അംഗരാജ്യങ്ങള്‍ നിര്‍ദേശിച്ചത്. പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തിയതില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയുമായുള്ള പ്രശ്നം ഉഭയകക്ഷി ബന്ധത്തിലൂടെ പരിഹരിക്കണം എന്നും പാക്കിസ്ഥാന് നിര്‍ദേശം നല്‍കി. ഇന്നലെയാണ് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പ്രത്യേക യോഗം ചേര്‍ന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തെ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദികളെ തിരിച്ചറിയേണ്ടതുണ്ടെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിനോദസഞ്ചാരികള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്യംവെക്കപ്പെട്ടത് ചില അംഗരാജ്യങ്ങള്‍ ചൂണ്ടിക്കാണിച്ചു. പാക്കിസ്ഥാന്റെ മിസൈല്‍ പരീക്ഷണങ്ങളും മറ്റും സാഹചര്യം വഷളാക്കാന്‍ കാരണമായെന്ന ആശങ്കയും പല രാജ്യങ്ങളും പങ്കുവെച്ചു. ഫത്ത സീരീസില്‍പെട്ടതും 120 കിലോമീറ്റര്‍ ദൂരപരിധിയുള്ളതുമായ സര്‍ഫസ് ടു സര്‍ഫസ് മിസൈല്‍ പാക്കിസ്ഥാന്‍ തിങ്കളാഴ്ച പരീക്ഷിച്ചിരുന്നു.

അനൗപചാരികമായി നടന്ന സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിനുശേഷം യുഎന്‍ പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. പാക്കിസ്ഥാന്റെ അഭ്യര്‍ഥന മാനിച്ചായിരുന്നു പ്രസ്താവന പുറത്തിറക്കാതിരുന്നത്.

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ സൈനിക നടപടി ഒന്നിനും പരിഹാരമല്ലെന്നും രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം ഉറപ്പിക്കാന്‍ പിന്തുണ നല്‍കുമെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു. അതിനിടെ, ഇന്ത്യ- പാകിസ്ഥാന്‍ നയതന്ത്ര നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെ മെയ് ഏഴിന് മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

അതേസമയം, രാജ്യ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരായ നടപടിയുടെ വിശദാംശങ്ങള്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഐ ടി വിഭാഗം ആവശ്യപ്പെട്ടു.

നിയന്ത്രണ രേഖയില്‍ പ്രകോപനം

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാനം ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി കൂടിയാലോചന ആരംഭിച്ചിട്ടും നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം രാത്രിയും പാക്കിസ്ഥാന്‍ വെടിവയ്പ്. ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്‌നൂര്‍ എന്നിവിടങ്ങളിലാണ് വെടിവയ്പ് നടന്നത്. പ്രകോപമനമില്ലാതെ ആയിരുന്നു വെടിയുതിര്‍ക്കല്‍. മറുപടിയായി ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.

അതിനിടെ, അടിയന്തര സാഹചര്യം നേരിടാനുള്ള മോക് ഡ്രില്‍ കഴിഞ്ഞ ദിവസം പഞ്ചാബില്‍ നടന്നു. പഞ്ചാബിലെ ഫിറോസ്പുരിലാണ് വെളിച്ചം എല്ലാം അണച്ച് ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തിയത്. രാത്രി അരമണിക്കൂറോളം വെളിച്ചം കെടുത്തി അടിയന്തര സാഹചര്യം വന്നാല്‍ നേരിടാനുള്ള തയാറെടുപ്പുകള്‍ പരീക്ഷിച്ചു. രാത്രി 9നും 9.30നും ഇടയിലായിരുന്നു മോക് ഡ്രില്‍.

പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (പിഎസ്പിസിഎല്‍) 30 മിനിറ്റ് നേരത്തേക്ക് വൈദ്യുതി വിച്ഛേദിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമായിരുന്നു മോക് ഡ്രില്ലെന്ന് ഫിറോസ്പുര്‍ കാന്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഗുര്‍ജന്ത് സിങ് പറഞ്ഞു. പരിശീലനം പതിവ് തയാറെടുപ്പിന്റെ ഭാഗമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡപ്യൂട്ടി കമ്മിഷണര്‍ ദീപ്ശിഖ ശര്‍മ്മ പറഞ്ഞു.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ അടിയന്തര സാഹചര്യം നേരിടാനുള്ള തയാറെടുപ്പ് തുടങ്ങും. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങള്‍ ഉടന്‍ തയാറെടുപ്പ് നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News