ജോര്‍ദ്ദാനില്‍ നിന്നും ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമം; വെടിവച്ചിട്ട് ഇസ്രയേല്‍ സൈന്യം; തുമ്പാ സ്വദേശി ഗബ്രിയേലിന് അന്ത്യം; എഡിസണ്‍ നാട്ടിലെത്തി; രണ്ടു പേര്‍ ഇസ്രയേല്‍ ജയിലില്‍; അനധികൃത കുടിയേറ്റം ലക്ഷ്യമിട്ട് പോയ മലയാളി സംഘം നേരിട്ടത് വമ്പന്‍ പ്രതിസന്ധി
തിരുവനന്തപുരം: ഇസ്രയേലില്‍ മലയാളി വെടിയേറ്റു മരിച്ചതായി റിപ്പോര്‍ട്ട്. തുമ്പ സ്വദേശി ഗബ്രിയേല്‍ ആണ് മരിച്ചത്. ജോര്‍ദാനില്‍ നിന്ന് ഇസ്രയേലിലേക്ക് കടക്കവെയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റത്. അനധികൃത കുടിയേറ്റത്തിനായിരുന്നു ശ്രമമെന്നാണ് സൂചന.
സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇസ്രയേല്‍ ജയിലിലെന്നാണ് വിവരം. വെടിയേറ്റ മറ്റൊരാള്‍ തിരികെ നാട്ടിലെത്തിയിരുന്നു. ഇയാളാണ് ഗബ്രിയേല്‍ മരിച്ചവിവരം അറിയിച്ചത്. മേനംകുളം സ്വദേശി എഡിസണ്‍ ആണ് നാട്ടിലെത്തിയത്. നാലു പേരാണ് സംഘത്തിലുണ്ടായിരുന്നത്. വലിയ പ്രതിസന്ധിയെ അതിജീവിച്ചാണ് എഡിസണ്‍ നാട്ടിലെത്തിയത്. ഇയാള്‍ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് ആര്‍ക്കും വ്യക്തമല്ല. പോലീസും കേന്ദ്ര ഏജന്‍സികളും വിശദമായ ചോദ്യം ചെയ്യും.
എംബസി വഴി വിവര ശേഖരണത്തിനും ശ്രമിക്കുന്നുണ്ട്. മേനംകുളത്തുകാരാണ് പോയത്. ഇവരെ കൊണ്ടു പോകാന്‍ ആരെങ്കിലും ഇടനിലക്കാരായി പ്രവര്‍ത്തിച്ചോ എന്നും പരിശോധിക്കുന്നുണ്ട്. റഷ്യയിലും മറ്റും പോയി യുദ്ധ മുഖത്ത് കുടുങ്ങിയവരും ഈ മേഖലയിലുണ്ട്. ഇസ്രയേലില്‍ ജോലി തേടിയാണ് കുടിയേറ്റത്തിന് ശ്രമമെന്നായിരുന്നു എഡിസണ്‍ പറയുന്നത്.
എന്നാല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്കുണ്ടായിരുന്നോ എന്നും പരിശോധിക്കും. ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയേയും കേന്ദ്ര ഏജന്‍സികള്‍ ബന്ധപ്പെടുമെന്നാണ് സൂചന. നിരവധി ക്രിമിനല്‍ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മേഖലയാണ് കഴക്കൂട്ടത്തെ മേനംകുളം. ഈ മേഖലയില്‍ നിന്നും യുവാക്കളെ പലതിനും റിക്രൂട്ട് ചെയ്യുന്നുവെന്ന സംശയം സജീവമാണ്.
തുമ്പയില്‍ നിന്നും നാലുപേരാണ് ജോര്‍ദ്ദാന്‍ വഴി ഇസ്രയേലിലേക്ക് പോയത്. ജോര്‍ദാനിലെത്തിയ നാലംഗസംഘം ഇസ്രയേലിലേക്ക് കടക്കുന്നതിനിടെയാണ് വെടിയേറ്റത്. ഗബ്രിയേലിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി ഗബ്രിയേല്‍ കുടുംബവുമായി ബന്ധപ്പെടുന്നില്ലായിരുന്നു. സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.