നല്‍കേണ്ടിയിരുന്നത് നൂറ് കോടി; അഡ്വാന്‍സ് 30 കോടിയെന്ന് സ്‌പോര്‍ട്‌സ് സ്റ്റാര്‍; ആദ്യം സ്‌പോണ്‍സറായി കണ്ട സ്വര്‍ണ്ണ വ്യാപാരികള്‍ കൈമലര്‍ത്തി; പിന്നീട് അവതരിച്ചതും 'രക്ഷകര്‍' ആയിരുന്നില്ല; കേന്ദ്ര ആഭ്യന്തര മന്ത്രാലയവും റിസര്‍വ് ബാങ്കും യെസ് മൂളിയിട്ടും ഒന്നും നടന്നില്ല; 'റിപ്പോര്‍ട്ടര്‍ ടിവി' കബളിപ്പിക്കലില്‍ നാണം കെട്ട് പിണറായി സര്‍ക്കാര്‍; മെസിയെ എത്തിക്കുന്നതില്‍ പിഴച്ച് കേരളം; അര്‍ജന്റീനയുമായുള്ള കരാര്‍ 'റെഡ് കാര്‍ഡില്‍'!
തിരുവനന്തപുരം: സ്പോണ്‍സര്‍ പണമടച്ചില്ല. ഇതിഹാസതാരം ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ടീം ഈ വര്‍ഷം കേരളത്തിലെത്താനുള്ള സാദ്ധ്യത അടഞ്ഞു. അതിനിടെ കേരളത്തിന് നാണക്കേടാകുന്ന തരത്തിലാണ് ഈ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌പോര്‍ട് സ്റ്റാര്‍ റിപ്പോര്‍ട്ട് പ്രകാരം വെറും 30 കോടിയുടെ അഡ്വാന്‍സ് പോലും കേരളത്തിന് അടയ്ക്കാനായില്ലെന്നാണ്. മാര്‍ച്ച് മാസത്തില്‍ അര്‍ജന്റീനയുമായി കരാര്‍ ഒപ്പിടേണ്ടതായിരുന്നു. അര്‍ജന്റീന ടീം കേരളത്തിലെത്താന്‍ 100 കോടിയാണ് കൊടുക്കേണ്ടി ഇരുന്നത്. ഇതില്‍ മുപ്പത് ശതമാനം കൊടുത്തു വേണമായിരുന്നു കരാര്‍ ഒപ്പിടേണ്ടിയിരുന്നതെന്നാണ് സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട്. അതായത് 30 കോടി. ആ മുപ്പത് കോടി നല്‍കാനായില്ല. ഇതോടെയാണ് കരാര്‍ ഒപ്പിടല്‍ നടക്കാതെ പോയത്. ഒരു സര്‍ക്കാര്‍ വിചാരിച്ചിട്ട് 30 കോടി പോലും അര്‍ജന്റീനയ്ക്ക് നല്‍കാനായില്ലെന്നത് ആഗോള തലത്തില്‍ തന്നെ കേരളത്തിന് നാണക്കേടായി മാറി.
മെസി ഒക്ടോബറില്‍ വരുമെന്ന കായിക മന്ത്രിയുടെ പ്രഖ്യാപനം വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു രൂപ പോലും സ്‌പോണ്‍സര്‍മാര്‍ നല്‍കിയില്ല. ഇതാണ് കേരളത്തിലെ ലക്ഷക്കണക്കിന് മെസി ആരാധകരെ നിരാശരാക്കിയത്. ഈ സാഹചര്യത്തില്‍ ഒക്ടോബറില്‍ ചൈനയില്‍ പര്യടനം നടത്താന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചെന്നാണ് വിവരം. ചൈനയില്‍ രണ്ട് മത്സരങ്ങള്‍ മെസിയും സംഘവും കളിക്കും. അര്‍ജന്റീയുടെ 2026ലെ വിദേശ പര്യടന ഷെഡ്യൂളിലും കേരളമില്ല. സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷനെയാണ് അര്‍ജന്റീനയുടെ സൗഹൃദമത്സരത്തിന്റെ സ്‌പോണ്‍സറാകാന്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം കണ്ടെത്തിയത്. വമ്പന്‍ പ്രഖ്യാപനങ്ങളും നടന്നു. ഇതിനിടെ ഒരു പിആര്‍ ഏജന്‍സിയും ഇതിനായി ഉണ്ടായി. അവര്‍ക്കും പണം കൊടുത്തു. പക്ഷേ അതിനപ്പുറം ഒന്നും നടന്നില്ല.
200 കോടി രൂപ സമാഹരിക്കുകയായിരുന്നു ഓള്‍ കേരള ഗോള്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ ലക്ഷ്യം. ഇതില്‍ പകുതിയോളം രൂപ അപ്പിയറന്‍സ് ഫീസായി അര്‍ജന്റീന ടീമിന് നല്‍കേണ്ടി വരുമെന്നായതോടെ ഫണ്ടിംഗ് പാളി. പിന്നീട് പ്രധാന സ്പോണ്‍സര്‍മാരായി സ്വകാര്യ വാര്‍ത്താചാനലുള്ള റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി വന്നു. എന്നാല്‍ തുകയുടെ കാര്യത്തില്‍ ചലനമുണ്ടായില്ല. തുക അടയ്ക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതിയും സംസ്ഥാന സര്‍ക്കാര്‍ വാങ്ങിക്കൊടുത്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കേരളത്തിലെ സ്റ്റേഡിയം സന്ദര്‍ശിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു. എന്നാല്‍ പണം കിട്ടാത്തതിനാല്‍ അവരെത്തിയില്ല. മാര്‍ച്ചിലും കരാര്‍ ഒപ്പിടല്‍ നടക്കാതെ വന്നതോടെ അര്‍ജന്റീന മറ്റ് കരാറുകളിലേക്ക് പോയി എന്നതാണ് വസ്തുത.
അര്‍ജന്റീനയുടെ പിന്മാറ്റത്തെ കുറിച്ച് പ്രതികരിക്കാന്‍ കായിക മന്ത്രി വി. അബ്ദു റഹിമാനോ അദ്ദേഹത്തിന്റെ ഓഫീസോ തയ്യാറായില്ല. കഴിഞ്ഞവര്‍ഷം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി സ്പെയിനില്‍ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഒക്ടോബറില്‍ രണ്ട് സൗഹൃദ മത്സരം കളിക്കാന്‍ അര്‍ജന്റീന വരുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇന്ത്യയിലെ പാര്‍ട്ണര്‍മാരായ എച്ച്.എസ്.ബി.സി ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കേരളത്തിലെ ആരാധകര്‍ പ്രതീക്ഷയിലായി. മുഖ്യമന്ത്രി അടക്കം ഇക്കാര്യം ട്വീറ്റ് ചെയ്തു. പക്ഷേ ചാനല്‍ ചതിയില്‍ കേരളം ലോകത്തിന് മുന്നില്‍ നാണം കെടുകയാണ്. സ്‌പോണ്‍സര്‍ പിന്‍മാറിയതോടെ മെസി അടങ്ങുന്ന അര്‍ജന്റീന ടീം കേരളത്തിലേക്ക് വരാനുള്ള സാധ്യത മങ്ങുകയായിരുന്നു. കരാര്‍ പ്രകാരമുള്ള തുക നിശ്ചയിച്ച തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും നല്‍കിയില്ല. ഇതോടെ അര്‍ജന്റീന ടീം കേരളം ചുമതലപ്പെടുത്തിയ സ്‌പോണ്‍സര്‍ക്കെതിരെ നിയമനടപടി ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അര്‍ജന്റീന ടീമുമായി നേരിട്ട് ഇടപെട്ട സംസ്ഥാന സര്‍ക്കാരിനും സ്‌പോണ്‍സര്‍ പിന്മാറ്റം അപമാനമായി.
മെസി അടങ്ങുന്ന അര്‍ജന്റീന ടീം എത്തുന്നത് വലിയ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് കേരളം കാത്തിരുന്നത്. കരാര്‍ പ്രകാരമുള്ള തുക സ്‌പോണ്‍സര്‍ അടച്ചിരുന്നുവെങ്കില്‍ ഒക്ടോബറിലോ നവംബറിലോ മെസിയും ടീമും കേരളത്തില്‍ കളിക്കുമായിരുന്നു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ വഴി കേരളത്തിനുവേണ്ടി അര്‍ജന്റീനയുമായി കരാര്‍ ഉണ്ടാക്കിയ കമ്പനി ഉടമ്പടി എഴുതി 45 ദിവസത്തിനകം അഡ്വാന്‍സ് നല്‍കേണ്ടതയായിരുന്നു. എന്നാല്‍ അവസാന തീയതി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും അര്‍ജന്റീറീന ഫുട്‌ബോള്‍ അസോസിയേഷന് കരാര്‍ പ്രകാരമുള്ള തുക ലഭിച്ചില്ല. മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ കേരളം അര്‍ജന്റീനയില്‍ എത്തി ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായി നേരിട്ട് ചര്‍ച്ച നടത്തിയതാണ്. ഉറപ്പുകള്‍ നല്‍കിയതാണ്.
അതുകൊണ്ടുതന്നെ കേരളം പറഞ്ഞ വാക്ക് പാലിക്കാതെ വന്നതോടെയാണ് അര്‍ജന്റീനയുടെ പിന്മാറ്റം. മെസിയും ടീമും എത്തുന്നത് കേരളത്തിന്റെ വിപണിക്കും കായികമേഖലക്കും ഉണര്‍വേകും എന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. കുറഞ്ഞ ദിവസത്തിനുള്ളില്‍ പുതിയ ഒരു സ്‌പോണ്‍സര്‍ കണ്ടെത്തുക എന്നതും സര്‍ക്കാരിന് വെല്ലുവിളിയായി.