മത്സരം നവംബറില്‍ നടത്തുന്നതിനായി ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്തു; മൈതാനവും ഹോട്ടലും മറ്റ് ക്രമീകരണങ്ങളും പരിശോധിക്കാന്‍ ഒരു പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചു; എന്നാല്‍ ഇന്ത്യക്ക് ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല! കേരളത്തിലെ മെസിയുടെ വരവില്‍ അനിശ്ചിതത്വം നിറയുമ്പോള്‍ നാണക്കേട് ഇന്ത്യയ്ക്കാകുന്നു; സ്പാനിഷ് മാധ്യമം ചര്‍ച്ചയാക്കുന്നത് കൊച്ചിയിലെ പോരായ്മകള്‍; അര്‍ജന്റീന ചതിക്കുമോ ആശാനേ...!

Update: 2025-10-17 07:26 GMT

കൊച്ചി: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും സൂപ്പര്‍ താരം ലയണല്‍ മെസ്സിയും 2025 നവംബറില്‍ കൊച്ചിയില്‍ കളിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ അനിശ്ചിതത്വം തുടരുന്നു. സ്പാനിഷ് മാധ്യമങ്ങള്‍ മത്സരം റദ്ദാക്കിയതായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, പ്രാദേശിക സ്‌പോണ്‍സര്‍ മത്സരം നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഉറപ്പിക്കുന്നു. അതിനിടെ സ്പാനിഷ് മാധ്യമം പുറത്തു വിട്ടത് ഞെട്ടിക്കുന്ന വിരവങ്ങളാണ്. അര്‍ജന്റീന ചതിക്കുമോ ആശാനേ... എന്ന ചോദ്യമാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരില്‍ നിറയുന്നത്.

നവംബര്‍ 17-ന് കൊച്ചിയില്‍ ഓസ്‌ട്രേലിയക്കെതിരെ അര്‍ജന്റീന സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ലാ നേഷന്‍ എന്ന സ്പാനിഷ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കേരളത്തിലെ സംഘാടകര്‍ ആവശ്യകതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഇന്ത്യയിലേക്കുള്ള അര്‍ജന്റീനയുടെ യാത്ര റദ്ദാക്കി എന്നാണ്. 'മത്സരം നവംബറില്‍ നടത്തുന്നതിനായി ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്തു. മൈതാനം, ഹോട്ടലുകള്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ഒരു പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്ക് ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല,' ഒരു അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) ഉദ്യോഗസ്ഥന്‍ ലാ നേഷനോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

2026 മാര്‍ച്ചില്‍ മത്സരം പുനഃക്രമീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഎഫ്എ പ്രതിനിധി ഹെക്ടര്‍ ഡാനിയല്‍ കാബ്രെറ കൊച്ചി കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. 70 കോടി രൂപ സ്റ്റേഡിയം നവീകരണത്തിനായി ചെലവഴിക്കുന്നുണ്ടെങ്കിലും, എഎഫ്എ ക്രമീകരണങ്ങളില്‍ തൃപ്തരല്ലെന്നാണ് സൂചന. എന്നാല്‍, ഈ വിവരങ്ങളൊന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനോ ഓസ്‌ട്രേലിയയുടെ ഫുട്‌ബോള്‍ ഫെഡറേഷനോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുവെന്നാണ് വസ്തുത. കേരളത്തിലെ കായിക മന്ത്രി വി അബ്ദു റഹ്‌മാനും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. വിദേശ മാധ്യമങ്ങള്‍ കേരളം എന്നതില്‍ ഉപരി ഇന്ത്യയില്‍ മെസി കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട ചെയ്യുന്നത്. ഇന്ത്യയിലെ സൗകര്യങ്ങളിലെ അപര്യാപ്തതയാണ് സ്പാനിഷ് മാധ്യമം ഇതിന്റെ പേരില്‍ ചൂണ്ടി കാണിക്കുന്നത്. എന്നാല്‍ കേരളം സ്വന്തം നിലയിലാണ് കാര്യങ്ങള്‍ കൊണ്ടു പോയത്.

അതേസമയം, മത്സരത്തിന്റെ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മത്സരം കൊച്ചിയില്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സ്ഥിരീകരിച്ചു. 'നവംബര്‍ 15-ന് അര്‍ജന്റീന കൊച്ചിയില്‍ എത്തും. ഓസ്‌ട്രേലിയന്‍ ടീം നവംബര്‍ 10-ന് എത്തും, ഒപ്പം ഒരു ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധി സംഘവും ഉണ്ടാകും,' റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ദി ഹിന്ദുവിനോട് പറഞ്ഞു. ടെലിവിഷന്‍ സംപ്രേക്ഷണാവകാശങ്ങള്‍ അന്തിമമാക്കിക്കൊണ്ടിരിക്കുകയാണെന്നും ഒരു പ്രമുഖ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ചാനല്‍ മത്സരം സംപ്രേക്ഷണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെസ്സി അര്‍ജന്റീനയ്ക്കായി കൊച്ചിയില്‍ കളിക്കുമെന്നും ലോകകപ്പ് നേടിയ അര്‍ജന്റീന ടീം തന്നെയാണ് ഇന്ത്യയിലെത്തുന്നതെന്നും ആന്റോ അഗസ്റ്റിന്‍ ഉറപ്പിച്ചു പറഞ്ഞു. ഇതിനിടെയിലും വിദേശ മാധ്യമങ്ങളിലെ വാര്‍ത്ത ആശങ്കയാകുന്നു. ഈ വാര്‍ത്ത അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തള്ളുന്നില്ലെന്നതാണ് ഏറ്റവും പ്രധാനം.

Tags:    

Similar News